എന്ന് തുറക്കും മാഹിപ്പാലം
ഒച്ചിഴയുന്ന വേഗതയിൽ മാഹിപ്പാലം പ്രവൃത്തി
ദുരിതത്തിലായി കച്ചവടക്കാരും,യാത്രക്കാരും
മാഹി: ദേശീയ പാതയിൽ അപകടാവസ്ഥയിലുള്ള മാഹിപ്പാലത്തിൻ്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നത് മന്ദഗതിയിലായത് നാട്ടുകാരെ ദുരിതത്തിലാക്കി
. ഏപ്രിൽ 28 ന് രാവിലെ അറ്റകുറ്റപ്പണികൾക്കായി 12 ദിവസത്തേക്കാണ് പാലം അടച്ചത്.
പാലത്തിന് മുകളിലുള്ള താർ ചെയ്ത ഭാഗം രണ്ട് ദിവസത്തിനകം നീക്കിയെങ്കിലും കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ പൊട്ടിത്തകർന്ന പഴയ എക്സ്പാൻഷൻ ജോയിൻ്റുകൾ (സ്ട്രിപ്പ് സീൽ) നീക്കം ചെയ്യുന്നതിന് ഏറെ സമയമെടുക്കുന്നു.
പ്രത്യേകതരം ഉറപ്പ് കൂടിയ കോൺക്രീറ്റിലാണ് സ്ലാബുകൾക്കിടയിൽ ഇവ ഉറപ്പിച്ചിരിക്കുന്നത്. നാല് ജോയിൻ്റുകളിലുള്ള എക്സ്പാൻഷൻ ജോയിൻ്റുകളാണ് മാറ്റുന്നത്. രണ്ട് ജോയിൻ്റുകളിൽ പൂർണ്ണമായും മറ്റ് രണ്ട് ജോയിൻ്റുകളിൽ പകുതി ഭാഗവുമാണ് പഴയത് മാറ്റി പുതിയത് ഘടിപ്പിക്കുന്നത്. കോൺക്രീറ്റ് പൊട്ടിച്ച് പഴയത് നീക്കാനാണ് ഏറെ സമയമെടുക്കുന്നത്. ഒരു ജോയിൻ്റിൻ്റെ പ്രവൃത്തി പോലും ഇത് വരെ പൂർത്തിയായിട്ടില്ല. നാല് ജോയിൻ്റുകളിലും ഇവ മാറ്റിയിട്ടാലും പുതുതായി കോൺക്രീറ്റ് ചെയ്ത ശേഷം കോൺക്രീറ്റിന് മതിയായ ബലം ലഭിക്കുന്നതിന് ഒരാഴ്ചയിലേറെ സമയം വേണം. അതിന് ശേഷമാണ് താർ പ്രവൃത്തി ചെയ്യുക. പാലത്തിൻ്റെ പ്രവൃത്തി 10 നകം പൂർത്തിയാക്കാൻ കഴിയില്ലെന്ന് അധികൃതരും സൂചിപ്പിച്ചു. പകൽ സമയം മാത്രമാണ് പ്രവൃത്തി നടക്കുന്നത്.
19.33 ലക്ഷത്തിൻ്റെ പ്രവൃത്തിയാണ് നടക്കുന്നത്. പാലം അടച്ചത് കാരണം മേഖലയിലെ യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ബസ്സുകൾ തലശ്ശേരിയിൽ നിന്നും മാഹി പാലം (ന്യൂമാഹി ടൗൺ) വരെയാണ് സർവ്വീസ് നടത്തുന്നത്. വടകരയിൽ നിന്നുള്ള ബസ്സുകൾ മാഹി പാലത്തിന് സമീപം കെ.ടി.സി. പെട്രോൾ പമ്പ് വരെയും സർവ്വീസ് നടത്തുന്നു.
പാലം അടച്ചതോടെ ദുരിതത്തിലായത് യാത്രക്കാർ മാത്രമല്ല മാഹി - ന്യൂമാഹി ഭാഗങ്ങളിലെ വ്യാപാരികളും കച്ചവടം കുറഞ്ഞ് ബുദ്ധിമുട്ടുകയാണ്.
ദേശീയ പാതയിൽ ധർമ്മടം പാലത്തിന് സമീപം കൊടുവള്ളിയിൽ നിന്നും മാഹി പാലം വരെയുള്ള 11 കിലോമീറ്ററോളം ദൂരം താർ ചെയ്യുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. രാത്രിയിൽ മാത്രമാണ് പ്രവൃത്തി നടക്കുന്നത്. തലശ്ശേരി ടൌണിലാണ് ഇപ്പോൾ താറിടുന്നത്. ആറരകോടിയുടെ പ്രവൃത്തിയാണ് നടക്കുന്നത്. കെ.കെ. ബിൽഡേഴ്സാണ് പാലത്തിൻ്റെ അറ്റകുറ്റപ്പണിയും താറിടുന്ന പ്രവൃത്തിയും നടത്തുന്നത്.
ന്യൂമാഹി ടൌണിൽ എക്സൈസ് ചെക്പോസ്റ്റിന് മുൻവശത്ത് 150 മീറ്ററോളം ദേശീയ പാതയിൽ മുമ്പ് താർ ചെയ്തതിൻ്റെ അപാകത കാരണം റോഡ് ഉയർന്നും താഴ്ന്നുമിരിക്കുന്നത് പരിഹരിക്കും. ഇപ്പോൾ താർ പ്രവൃത്തി നടത്തുമ്പോൾ ഈ അപാകം പരിഹരിക്കുമെന്ന് കണ്ണൂർ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ സുനിൽ അറിയിച്ചു.

Post a Comment