തലശ്ശേരിയിൽ വൻ മാഹി മദ്യശേഖരം പിടികൂടി.. അനധികൃതമായി കടത്തിയ 733 ലിറ്ററോളം മാഹി മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ
കണ്ണൂർ എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ മദ്യ ഗോഡൗണിൽ നിന്ന് PY-03-A- 8921 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷയിൽ കണ്ണൂർ ജില്ലയിൽക്കൂടി കടത്തിക്കൊണ്ടു വരികയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 83 കെയ്സുകളിലായി 733 ലിറ്റർ പോണ്ടിച്ചേരി നിർമ്മിത വിദേശ മദ്യം ന്യൂമാഹിയിൽ വെച്ച് കുത്തുപറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് . എ. കെ. യുടെ നേതൃത്വത്തിലുള്ള കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും കണ്ണൂർ എക്സൈസ് ഇന്റലിജൻസും ചേർന്ന് പിടികൂടി.
ക്രിസ്തുമസ് പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ക്രിസ്തുമസ് - പുതുവർഷ ആഘോഷ വേളയിൽ കേരളത്തിലെ ഉപഭോക്താക്കളെ ലക്ഷ്യമാക്കി സംഭരിച്ചു വെക്കാൻ മാഹിയിലെ മറ്റൊരു ഗോഡൗണിലേക്ക് അനധികൃതമായി കടത്തുകയായിരുന്നു മദ്യമാണ് പിടിച്ചത്.
വാഹനം ഓടിച്ചിരുന്ന അഴിയൂർ ആനക്കുളങ്ങര വീട്ടിൽ താമസക്കാരനായ . എ.കെ.ചന്ദ്രനെ(54 ) അറസ്റ്റ് ചെയ്തു
മാഹിയിലെ മദ്യ റാക്കറ്റ് അടക്കമുള്ള ലോബിയാണ് കടത്തിന്റെ പിറകിൽ എന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു
പിടികൂടിയ മദ്യവും വാഹനവും, പ്രതിയെയും തുടർ നടപടികൾക്കായി തലശേരി എക്സൈസ് റെയിഞ്ച് ഓഫീസിന് കൈമാറും. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.
പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷിനെ കൂടാതെ ഐ.ബി. പ്രിവന്റീവ് ഓഫീസർമാരായ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സി.പി.ഷാജി, സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ പ്രമോദൻ. പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി ,വിഷ്ണു .എൻ. സി., ബിനീഷ്. എ.എം, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment