30 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ
.വടകര : എക്സൈസ് നടത്തിയ റെയ്ഡിൽ 30 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ . മലപ്പുറം ഏറനാട് പാണ്ടിക്കാട് ആമപാറക്കൽ വീട്ടിൽ ശരത് ലാൽ ( 30 ) ആണ് എക്സൈസിന്റെ പിടിയിലായത് . ക്രിസ്മമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത് .
പയ്യന്നൂർ - കോഴിക്കോട് റൂട്ടിലോടുന്ന കെഎൽ 13 എ എക്സ് 3400 നമ്പർ കൃതിക ബസിൽ യാത്ര ചെയ്യുകയായിരുന്നു ശരത് ലാൽ . വടകര പുതിയ സ്റ്റാന്റിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത് . നേരത്തേ 200 ലിറ്റർ മദ്യം കടത്തിയതിനു മഞ്ചേരിയിൽ കേസിൽ പ്രതിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു .
വടകര എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ കെയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സോമസുന്ദരൻ കെ എം , സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി കെ , വിനീത് എം പി , സിനീഷ് കെ , അരുൺ എം , ഡ്രൈവർ രാജൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു . പുതുവർഷവും ക്രിസ്മസും മുന്നിൽ കണ്ട് വ്യാപകമായ തോതിൽ മദ്യ മയക്കുമരുന്ന് കടത്ത് നടക്കുന്നത് തടയാൻ എക്സൈസും പോലീസും പരിശോധന ശക്തമാക്കിയിരിക്കുകയാണ് .

Post a Comment