*ആശങ്കയൊഴിയാതെ മങ്ങാട്*
തലശ്ശേരി : മാഹി ബൈപാസിൽ മയ്യഴിപ്പുഴ പാലത്തിന് മുമ്പുള്ള എംബാങ്ക്മെൻ്റ് ഏകദേശം നാല് ഹെക്ടർ വിസ്തൃതിയുള്ള മങ്ങാട് നീർത്തടം കുറുകെ മുറിച്ചാണ് പണിതത്.ഹൈവേക്ക് പടിഞ്ഞാറുനിന്നും പള്ളൂർ, മാങ്ങാട്,മാങ്ങോട് ദേശങ്ങളിൽ നിന്നും കിഴക്ക് ചൊക്ലി പഞ്ചായത്തിലെ കവിയൂരിൽ നിന്നും ഒഴുകിയെത്തുന്ന വർഷകാല ജലം മങ്ങാട് തോടിലൂടെ മയ്യഴിപ്പുഴയോരത്തെ വിശാലമായ തണ്ണീർത്തടത്തിൽ സംഭരിച്ചാണ് പുഴയിൽ ലയിച്ചു ചേർന്നിരുന്നത്.ഹൈവേക്ക് കുറുകെ അടിയിൽ പണിത അസംഖ്യം കോൺക്രീറ്റ് ഓവുകൾ പടിഞ്ഞാറൻ ജലത്തെ കിഴക്കെത്തിച്ച് ഹൈവേക്ക് സമാന്തരമായി പണിത തോടിലൂടെ പഴയ മങ്ങാട് തോടുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമ്മാണം നടത്തിയത്.നിർമ്മാണം തുടങ്ങിയ ശേഷം കഴിഞ്ഞ നാലു വർഷങ്ങളിലായി ആവർത്തിച്ചുണ്ടായ വെള്ളക്കെട്ടിൽ പ്രദേശത്തെ ശുദ്ധജലം ലഭ്യമായിരുന്ന വീട്ടു കിണറുകൾ കലക്കുവെള്ള സംഭരണികളായി ഉപയോഗ ശൂന്യമായി.താഴ്ന്ന പ്രദേശങ്ങളിലെ തെങ്ങിൻ തോപ്പുകൾ കരിഞ്ഞ് പൂർണ്ണമായും നശിച്ചു.80%കിണറുകളിലും ഇക്കോളിൽ സാന്നിദ്ധ്യം പരിധി കടന്നതായി ഗ്രീൻ കേരള മിഷൻ കണ്ടെത്തി പഞ്ചായത്തിനെ അറിയിച്ചു.ജനങ്ങളുടെ പരാതികളിൽ താൽക്കാലിക ചാലുകൾ കീറി വെള്ളക്കെട്ടൊഴിവാക്കി പണി പൂർത്തിയാവുമ്പോൾ എല്ലാം പരിഹരിക്കപ്പെടുമെന്ന ഉറപ്പുകൾ അധികൃതർ ആവർത്തിച്ചു.
നിർമ്മാണ പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് വ്യക്തമാവുകയാണ്.കഴിഞ്ഞ വർഷകാലാനുഭവങ്ങൾ വെച്ച് ഒഴുക്കിൻ്റെ ശക്തിക്കനുസരിച്ചല്ല തോടുകളുടെ ജലവാഹകശേഷി ഇല്ല എന്നതും 300മീറ്ററിലധികം ദൂരം ഒഴുക്കിന് തുടർച്ചക്ക് തോട് ഇല്ലെന്നതും കാണാം.ഓവർഹെഡ് ആരംഭിക്കുന്നിടത്ത് കമ്പനിയുടെ ബാധ്യത അവസാനിക്കുന്നു എന്ന വാദം തുടർച്ച ആരുടെ ഉത്തരവാദിതമാണെന്ന ആശങ്കക്കിടം നൽകുന്നു..പ്രദേശവാസികളുടെ കൃഷിഭൂമിയും വിളകളും നശിക്കുന്നതോടൊപ്പം അവരുടെ കുടിവെള്ള ലഭ്യത ശാശ്വതമായി ഇല്ലാതാവുന്നു.ഓവുചാലുകളുടെ ചെരിവ് ജലമൊഴുകാൻ സഹായകമല്ല.സ്ഥിരമായ വെള്ളക്കെട്ടിനുള്ള സാധ്യതയാണ് കാണുന്നത്.ഇതോടൊപ്പം ഭൂമി സമീപകാലത്ത് നികത്തപ്പെടതും ഇവക്ക് ആക്കം കൂട്ടുന്നു.
ഈ വിഷയങ്ങൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ ദേശവാസികൾ ഒരു നിവേദനമയി സമർപ്പിച്ചു.കഴിഞ്ഞ നാലു വർഷമായി ബന്ധപ്പെട്ട അധികാരികളെയും പഞ്ചായത്തിനെയും മങ്ങാട് പ്രശ്നത്തിൻ്റ ഗൗരവാവസ്ഥ നിരന്തരമായി ബൊധ്യപ്പെടുത്തിക്കൊണ്ടിരുന്ന മയ്യഴിപ്പുഴ സംരക്ഷണ സമിതി കലക്ടറെ കണ്ട് വിദഗ്ദ്ധരുടെ സ്ഥലസന്ദർശനം ആവശ്യപ്പെട്ട് നിവേദനം നൽകി.മുൻ ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി, മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രതിനിധികളായ വിജയൻ കൈനാടത്ത്,കെ.ഇ.സുലോചന എന്നിവർ നിവേദകസംഘത്തിൽ പങ്കെടുത്തു.

Post a Comment