*ശ്രീലങ്ക - പുതുച്ചേരി യാത്രാ ഫെറി സർവീസ് ആരംഭിക്കുന്നു*
പുതുച്ചേരി: ശ്രീലങ്കയിലെ കാങ്കേശൻ തുറമുഖത്തിനും പുതുച്ചേരിക്കുമിടയിൽ യാത്രാ ഫെറി സർവീസ് ആരംഭിക്കുന്നു. ജനുവരി പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ശ്രീലങ്കൻ തുറമുഖ, ഷിപ്പിങ് മന്ത്രി നിമൽ സിരിപാല ഡിസിൽവ അറിയിച്ചു. സർവീസിന് ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു. ബിസിനസുമായി ബന്ധപ്പെട്ട് ഒട്ടേറെ ഇന്ത്യക്കാർ ജാഫ്നയിലുണ്ട്. സർവീസ് ആരംഭിക്കുന്നതോടെ വിദേശ വരുമാനം വർധിക്കുകയും ബുദ്ധമത തീർഥാടകർക്ക് സൗകര്യമാകുമെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യയിൽനിന്നു ട്രിങ്കോമാലിയിലേക്കും കൊളംബോയിലേക്കും പുതിയ യാത്രാ മാർഗങ്ങൾ അധികം വൈകാതെ ആരംഭിക്കും. കസ്റ്റംസ്, ഇമിഗ്രേഷൻ, എമിഗ്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ശ്രീലങ്കൻ തുറമുഖങ്ങളിലെ മറ്റ് സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ തുറമുഖ, ഷിപ്പിങ്, സിവിൽഏവിയേഷൻ മന്ത്രാലയ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ഓരോ സർവീസിലും 300 മുതൽ 400 വരെ യാത്രക്കാരെ കൊണ്ടു പോകാനാകും. ഏകദേശം മൂന്നര മണിക്കൂറാണ് യാത്രാസമയം. ഒരു യാത്രയ്ക്ക് ഏകദേശം 21,000 രൂപ ഈടാക്കും. ഒരാൾക്ക് 100 കിലോഗ്രാം വരെ ലഗേജ് അനുവദിക്കാനും തീരുമാനമായി.

Post a Comment