*സ്കൂൾ അടച്ചിട്ടു;ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധ സമരം നടത്തി*
അഴിയൂർ: നാല് മാസമായി അടച്ചിട്ട അഴിയൂർ പഞ്ചായത്ത് ബഡ്സ് സ്കൂൾ തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കെട്ടിടം ചോർന്നൊലിച്ചതിനെ തുടർന്ന് അടച്ചിട്ട അഴിയൂരിലെ ബഡ്സ് സ്കൂൾ പിന്നിട് തുറന്നിരുന്നില്ല. ഇത് കാരണം മുപ്പതിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും ദുരിതത്തിലായതിനെ തുടർന്നാണ് പിടിഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിലും ഭരണസമിതി ഹാളിലും പ്രതിഷേധം നടത്തിയത്. സ്കൂൾ മുടങ്ങിയത് കാരണം ഭിന്നശേഷി കലോത്സവത്തിലും വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമായിരുന്നതിലും പ്രതിഷേധം ഉയർന്നിരുന്നു. സ്കൂൾ വാഹനവും കട്ടപ്പുറത്താണ്. സ്കൂളിനോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ നടന്ന പ്രതിഷേധത്തിന് പിടിഎ പ്രസിഡണ്ട് മുഹമ്മദ് പി, സോമൻ എ, ആയിഷ, റംലാബി, സൈനുദ്ധീൻ എ കെ, യാസിർ പി പി, വിദ്യാർത്ഥികളായ റഹീം വി, റഷീദ എ, രജീഷ് ടി, ജിയേഷ് കെ നേതൃത്വം നൽകി. സമരക്കാർ ഭരണ സമിതി യോഗം നടക്കുന്ന ഹാളിന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന്, താൽക്കാലിക വാഹന സൗകര്യം ഏർപ്പാടാക്കി തിങ്കളാഴ്ച സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
Post a Comment