പൂതൊട്ടാൽ പൊള്ളും
ഓർക്കാട്ടേരി: ഓണത്തിന് നിറച്ചാർത്തൊരുക്കാൻ പൂക്കൾ വാങ്ങാനുള്ള തിരക്കിലായി നാട്. കാടും വയലും കറങ്ങി നടന്ന് പൂ പറിക്കുന്ന ശീലമെല്ലാം പോയ് മറഞ്ഞു. വേലികളെ വർണാഭമാക്കിയിരുന്ന നാടൻ പൂക്കളൊന്നും കാണാനുമില്ല. പിച്ചിയും ചെമ്പരത്തിയും നന്ത്യാർവട്ടവും, കൃ ഷണ മുടിയും, മുറ്റത്ത് വിടരുന്നില്ല. പകരം തമിഴ്നാട്ടിൽ നിന്ന് വരുന്ന ടുബ് റോസും ജമന്തിയും വാടാമുല്ലയും അരളിയുമൊക്കെയാണ് മിക്കവരും വാങ്ങിക്കൂട്ടുന്നത്.
സർക്കാർ-സ്വകാര്യ ഓഫീസുകളും അടുത്തുള്ള ദിവസങ്ങളിൽ ഓണം ആഘോഷിക്കും. ഏവർക്കും വേണ്ടത് ഭംഗിയുള്ള പൂക്കളമാണ്. അതിനുള്ള സാധനങ്ങൾ ഒരുക്കാനുള്ളവരുടെ തിരക്കായിരുന്നു ഓർക്കാട്ടേരിയിലെഎല്ലാ പൂക്കടകളിലും. സാധാരണയുള്ളതിന്റെ പത്തിരട്ടിയിലധികം കച്ചവടമാണ്നടന്ക്കുന്നത്. മലയാളി മങ്കയായി അണിഞ്ഞൊരുങ്ങാൻ മുല്ലപ്പൂമാല വാങ്ങാനെത്തിയവരും ഏറെയുണ്ടായിരുന്നു.
നിശ്ചിത വിലയൊന്നുമില്ല. മുല്ലപ്പൂവിന് മുഴത്തിന് അൻപത് രൂപ വരെ വാങ്ങുന്നുണ്ട്. കച്ചവടക്കാർക്ക് തൂക്കത്തിനാണ് ലഭിക്കുന്നത്. എന്നാൽ ആവശ്യക്കാർക്ക് കൈയ്യിൽ കൊള്ളുന്നതിന് ഒരുവില വച്ച് വിൽക്കുകയാണ്. എല്ലാറ്റിനും തീ വിലയാണെന്നാണ് വാങ്ങാനെത്തിയവരുടെ പരാതി. ഇനിയും നിരക്ക് വർധിക്കുകയേയുള്ളൂവെന്നാണ് വ്യാപാരികളുടെ നിലപാട്.

Post a Comment