ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം: മമത ആയിരത്തോളം പേർക്ക് ഓണവിരുന്ന് നല്കി
മാഹി: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കഴിഞ്ഞ മൂന്ന് വർഷമായി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മമത ചാരിറ്റബിൾ സൊസൈറ്റി മാഹി ഓണവിരുന്ന് പരിപാടി നടത്തി. സൊസൈറ്റിയുടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതിനാണ് പരിപാടി നടത്തിയത്. നിർധനരായ രോഗികൾക്ക് മരുന്ന്, ചികിത്സാ സഹായം, ഭക്ഷ്യ കിറ്റ് വിതരണം, കിടപ്പ് രോഗികളെ വീട്ടിലെത്തി പരിചരിക്കുന്ന ഹോം കെയർ യൂണിറ്റ് തുടങ്ങി ഇപ്പോൾ നടത്തി വരുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുവാനാണ് ധനസമാഹരണം നടത്തിയത്. മമതയിലെ 50 അംഗങ്ങളിൽ നിന്ന് സമാഹരിക്കുന്ന വരിസംഖ്യ ഉപയോഗിച്ചാണ് ഇത് വരെ പ്രവർത്തനങ്ങൾ നടത്തിയത്.
ഓണവിരുന്നിൽ പാഴ്സൽ വീടുകളിൽ എത്തിച്ചതുൾപ്പെടെ ആയിരത്തോളം പേർ സംബന്ധിച്ചു. മാഹി പുത്തലത്തെ ക്യാപ്പിറ്റോൾ വെഡിങ്ങ് സെൻ്ററിൽ നടന്ന ഓണവിരുന്നിൽ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിൽ നിന്നുമുള്ളവർ കുടുംബസമേതം പങ്കെടുത്തു. അനിൽകുമാർ മാഹിയുടെ മഹാബലിയാേടൊപ്പവും പ്രേംചന്ദിൻ്റെ വാമനനോടൊപ്പവും സെൽഫിയെടുക്കാൻ തിരക്കായിരുന്നു.
രമേശ് പറമ്പത്ത് എം.എൽ.എ, മുൻ മന്ത്രി ഇ.വത്സരാജ്, മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ.സത്യാനന്ദൻ, മുൻ എം.എൽ.എ. ഡോ.വി.രാമചന്ദ്രൻ, എൻ.ഹരിദാസൻ, നഗരസഭാ കമ്മീഷണർ സി.സുനിൽകുമാർ തുടങ്ങി ഒട്ടേറെ പ്രമുഖരും വിരുന്നിൽ സംബന്ധിച്ചു.
കാറ്ററിങ്ങ് സർവ്വീസുകളെയൊന്നും ചുമതലപ്പെടുത്താതെ സംഘാടകർ കൂട്ടായ്മയിലൂടെ ഒരുക്കിയ ഓണസദ്യ രുചി വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഭാരവാഹികളായ ശ്രീകുമാർ ഭാനു, ഒ.വി.ജിനോസ് ബഷീർ, ടി.മോഹനൻ, കക്കാടൻ വിനയൻ, ബാബൂട്ടി മാഹി, ആനന്തു ചാരോ, സി.എച്ച്.എ.മുഹമ്മദലി, രമേശ് വളമാരി എന്നിവർ നേതൃത്വം നൽകി.

Post a Comment