*ചോറോടിൽ റോഡിൽ 70 മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടു* .
വടകര : ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങലിൽ റോഡിൽ 70 മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടു. ടാറിട്ട റോഡ് മധ്യഭാഗത്തുകൂടി രണ്ടായി വീണ്ടുകീറിയ നിലയിലാണുള്ളത്.
20, 21 വാർഡുകളിലൂടെ കടന്നുപോവുന്ന കളരികണ്ടിമുതൽ ചെട്ട്യംവീട് പരോൻകുളം റോഡിലാണിത്. ചൊവ്വാഴ്ച രാത്രിയിലുണ്ടായ അതിശക്തമായ ഇടിമിന്നലിലാണ് റോഡ് വിണ്ടുകീറിയതെന്ന് നാട്ടുകാർ സംശയിക്കുന്നു.വടകര താലൂക്ക് തഹസിൽദാർ പ്രസീൽ സ്ഥലത്ത് സന്ദർശനം നടത്തി.
ശക്തമായ ഇടിമിന്നലിലാവാം റോഡിൽ വിള്ളൽ രൂപപ്പെട്ടതെന്നും ആവശ്യമെങ്കിൽ കൂടുതൽ പഠനം നടത്തുമെന്നും തഹസിൽദാർ പറഞ്ഞു.
റോഡിൽ 70 മീറ്റർ നീളത്തിൽ വിള്ളൽ വീണ സംഭവത്തിൽ ജിയോളജി വിഭാഗം
പരിശോധന നടത്തണമെന്ന് പഞ്ചായത്ത് മെമ്പർ പ്രസാദ് വിലങ്ങിൽ
പറഞ്ഞു.
ഇത്രയേറെ ശക്തമായ ഇടമിന്നലുണ്ടായാൽ സ്വാഭാവികമായും സമീപവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളെയും വൈദ്യുതിവിതരണത്തെയും അത് ബാധിക്കേണ്ടതാണ്. പക്ഷേ, മുട്ടുങ്ങലിൽ അത്തരത്തിൽ ഒന്നുമുണ്ടായിട്ടില്ല. ഇടിമിന്നൽതന്നെയാണോ അപകടകാരണം എന്ന് ശാസ്ത്രീയമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment