2500 സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് റെയ്ഡ്; ജില്ലയില്‍ പിടികൂടിയത് 8.97 ക്വിന്റല്‍, പിഴ 1.67 ലക്ഷം,കൂടുതല്‍ പരിശോധന നടന്നത് ആലക്കോട്.
കണ്ണൂർ:ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ വില്‍പ്പനയും ഉപയോഗവും തടയാന്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് സംഘങ്ങളുടെ വ്യാപക പരിശോധന.
ഒറ്റ ദിവസം ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലെ 2500 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. 8.97 ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങങ്ങള്‍ പിടിച്ചെടുത്തു. 1.61 ലക്ഷം രൂപ പിഴ ഈടാക്കി. 138 സ്ഥാപനങ്ങള്‍ക്ക് 99.05 ലക്ഷം രൂപ അടയ്ക്കാന്‍ നോട്ടീസും നല്‍കി.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, വി ഇ ഒ, ഹെല്‍ത്ത് ജീവനക്കാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ചെങ്ങളായി, എരഞ്ഞോളി, കണിച്ചാര്‍, കണ്ണപുരം, കൊട്ടിയൂര്‍, കുന്നോത്തുപറമ്ബ്, മലപ്പട്ടം, ന്യൂമാഹി, പെരളശ്ശേരി, പെരിങ്ങോം-വയക്കര, രാമന്തളി, ഉദയഗിരി എന്നീ പഞ്ചായത്തുകളില്‍ ചട്ടലംഘനം കണ്ടെത്തിയില്ല.
കൂടുതല്‍ പരിശോധന നടന്നത് ആലക്കോടാണ്. ഇവിടെ നാല് സംഘങ്ങളായി 125 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കല്യാശ്ശേരിയിലാണ് കൂടുതല്‍ പിഴ ഈടാക്കിയത്. 41 സ്ഥാപനങ്ങളില്‍ നിന്ന് 23000 രൂപ. കൂടുതല്‍ തുക അടക്കാനുള്ള നോട്ടീസ് നല്‍കിയത് മാങ്ങാട്ടിടം പഞ്ചായത്താണ്. 93 കിലോ പ്ലാസ്റ്റിക് കണ്ടെത്തിയ ഇവിടെ ഒന്‍പത് സ്ഥാപനങ്ങള്‍ ചേര്‍ന്ന് 90000 രൂപ അടക്കണം. ഏഴോം, മുഴക്കുന്ന് പഞ്ചായത്തുകളില്‍ 50,000 രൂപ വീതം നല്‍കാന്‍ നോട്ടീസ് നല്‍കി. കുഞ്ഞിമംഗലത്ത് രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 68.57 കിലോ പ്ലാസ്റ്റിക് പിടികൂടി. 20,000 രൂപ അടക്കാന്‍ നോട്ടീസും നല്‍കി.

Post a Comment