സായാഹ്‌ന വാർത്തകൾ
◼️പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടനെയുണ്ടാകുമെന്നും എഡിജിപി വിജയ് സാഖറെ. ഇന്നു വൈകുന്നേരം സര്‍വകക്ഷി യോഗം നടക്കാനിരിക്കേയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍വകക്ഷി യോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും സ്പീക്കര്‍ എം.ബി. രാജേഷും പങ്കെടുക്കും. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ് പ്രതികള്‍. ഇവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് വിവരം ലഭിച്ചതായും അദ്ദേഹം വിശദീകരിച്ചു.
◼️സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം നാളെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റി നിയമിക്കുന്ന കാര്യവും സിപിഎമ്മിന്റെ സജീവ പരിഗണനയിലാണ്. എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ. വിജയരാഘവനെ സിപിഎം പൊളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് എല്‍ഡിഎഫ് കണ്‍വീനറെ തെരഞ്ഞെടുക്കുന്നത്.
◼️മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്കു ശനിയാഴ്ച പോകുമെന്നാണു വിവരം.
◼️പാലക്കാട്ട് ആര്‍എസ്എസ് നേതാവ് ശ്രീനീവാസനെ കൊലപ്പെടുത്താന്‍ എത്തിയ സംഘം ഉപയോഗിച്ച ബൈക്ക് രണ്ടു വര്‍ഷംമുമ്പ് ഭര്‍ത്താവ് ഏഴായിരം രൂപയ്ക്ക് പണയം വച്ചതാണെന്ന് ബൈക്കുടമയായ ചിറ്റൂര്‍ സ്വദേശിനി അനിത. ബൈക്ക് എങ്ങനെ കൊലയാളികളുടെ കയ്യിലെത്തിയെന്ന് അറിയില്ലെന്നും അനിത മൊഴി നല്‍കി.
◼️കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ വൈദ്യുതി ഭവന്‍ വളയും. ആയിരം പേര്‍ പങ്കെടുക്കും. തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി നാളെ ചര്‍ച്ച നടത്തും. ഓഫീസേഴ്സ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച ചെയ്ത് സമരം തീര്‍ക്കണോയെന്ന് തീരുമാനിക്കേണ്ടത് മാനേജ്മെന്റാണെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാര്‍.
◼️കെഎസ്ആര്‍ടിസിയില്‍ ഇന്നും ശമ്പളമില്ല. നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡീസല്‍ വിലവര്‍ധനയിലൂടെ 40 കോടി രൂപയുടെ അധികച്ചെലവാണ് കഴിഞ്ഞമാസം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
◼️തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന രണ്ടു ലക്ഷത്തോളം അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള അദാലത്ത് ആരംഭിച്ചു. അതതു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് അദാലത്ത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കെട്ടിക്കിടക്കുന്നവയില്‍ അധികവും.
◼️രണ്ടു വര്‍ഗീയ സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടി കൊല്ലുന്നതില്‍ സര്‍ക്കാരിന് എന്തു കാര്യമെന്ന വിചിത്ര നിലപാടുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിനെയോ പൊലീസിനെയോ അറിയിച്ചല്ല കൊലപാതകങ്ങളും അക്രമങ്ങളം നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തില്‍ അന്വേഷണം മുന്നോട്ടു പോകുന്നുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
◼️ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍. രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. സര്‍ക്കാരും പൊലീസും മാത്രം വിചാരിച്ചാല്‍ അക്രമം ഒഴിവാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
◼️പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍നിന്നു മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുന്നു. പിജെ കുര്യനും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നില്ല.
◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസ് മാധ്യമങ്ങള്‍ക്കു തെളിവുകള്‍ ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ചുള്ള കോടതി അലക്ഷ്യ നടപടിയില്‍ എഡിജിപി എസ് ശ്രീജിത്ത് വിശദീകരണം നല്‍കി. ബൈജു പൗലോസ് നല്‍കിയ വിശദീകരണം ത്യപ്തികരമല്ലന്ന കോടതി പരാമര്‍ശത്തെത്തുടര്‍ന്നാണ് എഡിജിപി വിശദീകരണം നല്‍കിയത്.
◼️വധഗൂഡാലോചനക്കേസിന്റെ അന്വേഷണ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ 21 നു ഹൈക്കോടതി തീര്‍പ്പു കല്‍പിച്ചേക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ അടക്കമുള്ള കേസുകളും 21 ന് പരിഗണിക്കും.
◼️ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്ത്, മാനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. രാത്രി ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ തങ്ങിയ സംഘം ഇന്നു രാവിലെ ഏഴോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. മാളികപ്പുറത്തും
Post a Comment