വ്യാപാരിയോട് പോലീസ് അപമര്യാദയായി പെരുമാറിയതായി പരാതി
ന്യൂമാഹി: അഴിയൂരിലെ വ്യാപാരിയായ പെരിങ്ങാടിയിലെ ടി.ജയപ്രകാശനോട് ന്യൂമാഹി പോലീസ് അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ഞായറാഴ്ച പെരിങ്ങാടി റെയിൽവെ പാലത്തിന് സമീപമാണ് സംഭവം. തീവണ്ടി തട്ടി മരിച്ചയാളുടെ മഹസ്സർ തയ്യാറാക്കിയ പോലീസ് അത് വഴി നടന്നു പോകുകയായിരുന്ന ജയപ്രകാശിനെക്കൊണ്ട് ബലം പ്രയോഗിച്ച് സാക്ഷിയായി ഒപ്പിടുവിക്കുവാൻ ശ്രമിച്ചതായാണ് പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ് അംഗവും വ്യാപാരിയുമായ ജയപ്രകാശന് നേരെ ന്യൂമാഹി പോലീസ് നടത്തിയ അതിക്രമത്തിൽ യൂണിറ്റ് കമ്മറ്റി പ്രതിഷേധിച്ചു.
വെള്ള പേപ്പറിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് എസ്.ഐയും സംഘവും കയ്യേറ്റത്തിന് മുതിർന്നതായും
മണിക്കൂറുകളോളം ജയപ്രകാശനെ തടഞ്ഞ് വെക്കുകയുണ്ടായതായും ഏകോപന സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് യോഗം ആവശ്യപ്പെട്ടു. പരാതിയും നൽകിയിട്ടുണ്ട്. പ്രസിഡൻ്റ് എം.ടി.അരവിന്ദൻ അധ്യക്ഷത വഹിച്ചു. സിക്രട്ടറി സാലിം പുനത്തിൽ, ഷംസുദ്ധീൻ മനയിൽ, കെ.മഹമൂദ്, പ്രജീഷ്, സരുൺകുമാർ, പവിത്രൻ എന്നിവർ പ്രസംഗിച്ചു. സംഭവത്തിൽ ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സി.ആർ.റസാഖും പ്രതിഷേധിച്ചു. കോൺഗ്രസ്സ് പ്രവർത്തകനായ ജയപ്രകാശിനോട് അതിക്രമം കാണിച്ച ന്യൂമാഹി പോലീസിൻ്റെ ചെയ്തികൾ പരിശോധിച്ച് ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകി.
Post a Comment