ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളിൽ നാടിനെ നശിപ്പിക്കുന്ന ഭൂമാഫിയയുടെ അനധികൃത പ്രവൃത്തികൾക്കെതിരെ ജില്ലാ കലക്ടർക്ക് പരാതി
ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളിലെ ഭൂമാഫിയകളുടെ അനധികൃത പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികൾ ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖറിനെ നേരിട്ട് കണ്ട് പരാതി നൽകി കാര്യങ്ങൾ വിശദീകരിച്ചു. ഇത് സംബന്ധിച്ച് കാര്യങ്ങൾ വിശദമാക്കുന്ന ചിത്രങ്ങളും പത്രവാർത്തകളും ഉൾപ്പെടെയാണ് പരാതി നൽകിയത്.
മാങ്ങാട്, പാത്തിക്കൽ, ബണ്ട് റാേഡ് തുടങ്ങിയ പ്രദേശങ്ങളിലെ ചതുപ്പുകളും വയലുകളും ജലാശയങ്ങളും കണ്ടലുകളും നശിപ്പിച്ച് വൻതോതിൽ മണ്ണിട്ട് നികത്തി കരഭൂമിയാക്കി മാറ്റുന്ന ഭൂമാഫിയയുടെ പ്രകൃതിയെയും നാടിനെയും നശിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ബൈപ്പാസ് കടന്ന് പോകുന്നതിനിരുവശവും ഭൂമിക്ക് വൻതോതിതിൽ ആവശ്യക്കാരുണ്ടെന്നും ഇതിലൂടെ കോടികൾ ഉണ്ടാക്കാമെന്നുമുള്ള കണക്ക് കൂട്ടലിലാണ് ഭൂമാഫിയയുടെ പ്രവർത്തനമെന്ന് വിശദീകരിച്ചു.
മണ്ണിട്ട് നികത്തുന്ന ഭൂമികളുടെ തരം മാറ്റലും നടന്നു വരുന്നു. പഞ്ചായത്ത്, റവന്യൂ, കൃഷി വകുപ്പുകളെയും പൊതു പ്രവർത്തകരെയും നോക്ക് കുത്തികളാക്കിയും വെല്ലുവിളിച്ചുമാണ് ഈ മാഫിയ പ്രവർത്തിക്കുന്നത്.
ഭാരവാഹികളായ കെ.ഇ.സുലോചന, ലിബാസ് മങ്ങാട്, ജസ് വിൻ കവിയൂർ, എൻ.വി.അജയകുമാർ എന്നിവരാണ് ജില്ലാ കലക്ടറെ കണ്ടത്. ശക്തമായ നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടർ ഉറപ്പ് നല്കി.
Post a Comment