o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ



🔳നടന്‍ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപുമാണ്. മൂന്നാം പ്രതി ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജ്. ആറു പ്രതികളുണ്ട്.


🔳കേരളത്തില്‍ കൊവിഡ് മരണം അരലക്ഷത്തിലേക്ക്. ഇതോടെ സംസ്ഥാനത്തെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക്. മൊത്തം മരണക്കണക്കില്‍ കേരളം മഹാരാഷ്ട്രയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തു തുടരുന്നു. 1.41 ലക്ഷത്തിലധികം മരണമുണ്ടായ മഹാരാഷ്ട്രയാണ് രാജ്യത്ത് മരണക്കണക്കില്‍ മുന്നില്‍.


🔳തമിഴ്നാട് വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വാളയാര്‍ അതിര്‍ത്തിയില്‍ കര്‍ശനമായ വാഹന പരിശോധന. അടിയന്തര ആവശ്യങ്ങള്‍ക്കു പോകുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുക. അല്ലാത്തവ  തിരച്ചയക്കുകയാണ്. പാലക്കാടുനിന്നു തമിഴ്നാട്ടിലേക്ക് ബസുകളും സര്‍വ്വീസും ഇല്ല.


🔳കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട്  കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണ് എന്നു  മേധാ പട്കര്‍ പറഞ്ഞു. നാളെ  കോഴിക്കോട് കെ റെയില്‍ സര്‍വേ പ്രദേശങ്ങള്‍ മേധാ പട്കര്‍ സന്ദര്‍ശിക്കും.


🔳കെ റെയില്‍ പദ്ധതിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ശക്തമായ പ്രക്ഷോഭം തുടങ്ങാനും കോണ്‍ഗ്രസ് തീരുമാനിച്ചു. മധ്യകേരളത്തിലെ നാലു ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കണ്‍വന്‍ഷനാണ് തീരുമാനം എടുത്തത്.


🔳പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് വഴിയാധാരമാക്കുന്ന കെ റെയിലുമായി മുന്നോട്ടുപോകാനാണു ഭാവമെങ്കില്‍ ജനങ്ങള്‍ ഈ സര്‍ക്കാരിന്റെ പല്ലു പറിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഒരു ബദല്‍ പദ്ധതി മുന്നോട്ടു വച്ചിരുന്നു. ഈ സര്‍ക്കാര്‍ ആ പദ്ധതി ഏറ്റെടുക്കണം. ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ചെന്നിത്തല ആവശ്യപ്പെട്ടു.


🔳എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കിയതിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മി(നി)സ്റ്റര്‍ മരുമകന് എതിരെ കേസ് എടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്യണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ചവരാണ് ആഭ്യന്തര വകുപ്പെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.  


🔳രാഷ്ട്രപതിയെ ആദരിക്കില്ലെന്നു കത്തുകൊടുത്ത കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഏത് രാഷ്ട്രീയ യജമാനന്റെ മനസാണ് വി.സി. വെള്ളക്കടലാസില്‍ കോറിയിട്ടത്? ദളിത് കുടുംബത്തില്‍ ജനിച്ചതാണോ രാംനാഥ് കോവിന്ദിന് വി.സി. മഹാദേവന്‍ പിള്ള കാണുന്ന അയോഗ്യത. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ കടലാസില്‍ കുത്തിക്കുറിച്ച് കത്തുനല്‍കാന്‍ ഇദ്ദേഹത്തിന് ആരാണ് അധികാരം നല്‍കിയതെന്നും മുരളീധരന്‍ ചോദിച്ചു.


🔳രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍. വിവാദത്തില്‍ വിസിയുടെ ഗവര്‍ണര്‍ക്കുള്ള കത്ത് പുറത്തായതോടെ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സിപിഎം രംഗത്തെത്തി. രാഷ്ട്രീയ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം സിന്‍ഡിക്കേറ്റിലെ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചത്. ഇതിനു പിറകേയാണ് വിസി ഗവര്‍ണറെ കണ്ട് കത്തു നല്‍കിയത്.


🔳സംസ്ഥാനത്ത് മദ്യത്തിനു വീണ്ടും വില കൂട്ടുന്നു. കൂടുതല്‍ വില്‍പ്പനയുള്ള മദ്യവിതരണ കമ്പനികളില്‍ നിന്നു സ്ലാബ് അടിസ്ഥാനത്തില്‍ കൂടുതല്‍ വിഹിതം ഈടാക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഒരുങ്ങുന്നു.  പര്‍ച്ചേസ് കരാറിന് ബെവ്കോ ടെണ്ടര്‍ ക്ഷണിച്ചു. എന്നാല്‍ കുത്തകകളുടെ ചൂഷണം അവസാനിപ്പിക്കാനും  വരുമാന നഷ്ടം തടയാനുമാണ് പുതിയ പരിഷകാരമെന്നാണു ബെവ്കോയുടെ വിശദീകരണം.


🔳സ്വകാര്യ ആശുപത്രികളിലെ 2.6 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീന്റെ കാലാവധി തീരാന്‍ ഇനി ഒരു മാസം മാത്രം ബാക്കി. ഈ വാക്സീനുകള്‍ സര്‍ക്കാര്‍ എടുത്ത് കാലപരിധിയുള്ള വാക്സീനുകള്‍ പകരം നല്‍കണമെന്നാണു സ്വകാര്യ ആശുപത്രികളുടെ ആവശ്യം. ആരോഗ്യവകുപ്പില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അത്രയും വാക്സീന്‍ നശിക്കും.


🔳നാട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണം, എന്നാല്‍ സാധാരണ ജനങ്ങളുടെ തലയില്‍ വന്‍ ബാധ്യത കെട്ടിവയ്ക്കുന്നത് ഒഴിവാക്കണമെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേട്ടമുണ്ടാകുമായിരുന്നെങ്കില്‍ സില്‍വര്‍ലൈനിനെതിരേ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന്‍.


🔳ഭാര്യയെയും ദത്തെടുത്തു വളര്‍ത്തിയ മകനെയും കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യനാമണ്ണില്‍ സോണിയാണ് ഭാര്യ റീനയെയും ഏഴു വയസുള്ള മകന്‍ റയാനെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാണു കാരണമെന്നു പോലീസ്.


🔳ജീവിത പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം, കോട്ടയം ജില്ലകളിലെ ഏഴു പേരാണു പിടിയിലായത്.


🔳ആഭ്യന്തര കലാപം രൂക്ഷമായ കസാഖിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.


🔳തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം തിരുവല്ലയിലെ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്നപ്പോള്‍ സംഘര്‍ഷത്തിലെത്തിയത്.


🔳ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുകേഷ് അംബാനി സിപിഐയുടെ പിന്തുണ നേടാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന എ.ബി ബര്‍ദനെ 25 കോടി രൂപ സംഭാവനയുമായി കാണാന്‍ വന്നെന്ന് പന്ന്യന്‍ രവീന്ദ്രന്‍. എന്നാല്‍ ബര്‍ദന്‍ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കിയയച്ചതിനു താന്‍ സാക്ഷിയാണെന്ന് പന്ന്യന്‍ വെളിപ്പെടുത്തി.


🔳ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനു സാധ്യത മങ്ങുന്നു. എല്ലാ കക്ഷികളും ഒറ്റയ്ക്കു മല്‍സരിക്കാനുള്ള നീക്കത്തിലാണ്. ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കുമെന്നും അധികാരത്തിലെത്തുമെന്നും  മായാവതി. അഭിപ്രായ സര്‍വ്വേകള്‍ തെറ്റാണെന്ന് വോട്ടെടുപ്പ് കഴിയുമ്പോള്‍ തെളിയുമെന്നും മായാവതി പറഞ്ഞു. ഫെബ്രുവരി പത്തുമുതല്‍ ഏഴു ഘട്ടങ്ങളായാണ് യുപിയില്‍ വോട്ടെടുപ്പ്.


🔳സുള്ളി ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തിന് മധ്യപ്രദേശില്‍നിന്ന് ഒരാള്‍ അറസ്റ്റില്‍. ഓംകരേഷ് താക്കൂര്‍ എന്നയാളാണ് അറസ്റ്റിലായത്. സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു. സുള്ളി ഡീല്‍സ് ആപ് കേസിലെ ആദ്യ അറസ്റ്റാണിത്. കേസ് രജിസ്റ്റര്‍ ചെയ്ത് ആറു മാസത്തിന് ശേഷമാണ് അറസ്റ്റ്. ഈ ആപ്പുമായി ബന്ധപ്പെട്ട് കേരളത്തിലും കേസെടുത്തിരുന്നു.


🔳സുപ്രീം കോടതിയിലെ നാലു ജഡ്ജിമാര്‍ക്കു കോവിഡ്. 150 ജീവനക്കാര്‍ ക്വാറന്റൈനിലാണ്. ജസ്റ്റീസ് സുഭാഷ് റെഡിയുടെ യാത്രയയപ്പു യോഗത്തില്‍ പങ്കെടുത്ത ഒരു ജഡ്ജിയില്‍നിന്നാണ് നാലു ജഡ്ജിമാര്‍ക്കു രോഗം പകര്‍ന്നത്. ജനുവരി ആറ്, ഏഴ് തീയതികളില്‍ പാര്‍ലമെന്റില്‍ ജോലി ചെയ്തിരുന്ന നാനൂറിലേറെ ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.


🔳ഹരിയാനയിലെ ഗുരുഗ്രാമില്‍ നവജാത ശിശുക്കളെ കടത്തുന്ന സംഘം അറസ്റ്റില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പെടെ മൂന്നുപേരാണ് പിടിയിലായത്. ഇവരില്‍നിന്നു രണ്ടു പെണ്‍കുഞ്ഞുങ്ങളേയും കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നു മോഷ്ടിച്ച ഈ കുഞ്ഞുങ്ങളെ രണ്ടു ലക്ഷം രൂപയ്ക്കു രാജസ്ഥാനില്‍ വില്‍ക്കാനിരിക്കുകയായിരുന്നു.


🔳വാട്ടര്‍ ടാങ്കില്‍ നോട്ടുകെട്ടുകള്‍. മധ്യപ്രദേശിലെ ദമോഷ് ജില്ലയിലെ വ്യാപാരി ശങ്കര്‍ റായുടെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ എട്ട് കോടി രൂപ പിടികൂടി. വാട്ടര്‍ ടാങ്കിലെ ബാഗിലായിരുന്നു പണം. ഉദ്യോഗസ്ഥര്‍ പണം ഉണക്കുന്നതിന്റെ വീഡിയോ വൈറലായി. പണത്തിനു പുറമെ അഞ്ച് കോടി രൂപയുടെ ആഭരണങ്ങളും ഈ വീട്ടില്‍നിന്നു കണ്ടെത്തി.


🔳ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാനി ബോട്ട് അഹമ്മദാബാദില്‍ പിടികൂടി. പത്തു പാക് പൗരന്മാരും പിടിയിലായി. ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്നു പിടിച്ച മല്‍സ്യമുള്ള ബോട്ടും കസ്റ്റഡിയിലെടുത്തു.


🔳ബ്രസീലിലെ റിയോ ഡി ജെനീറോയിലുള്ള ഫര്‍ണസ് തടാകത്തില്‍ വിനോദയാത്രികര്‍ സഞ്ചരിച്ച ബോട്ടിനു മുകളിലേക്കു പാറ അടര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചു. 20 പേരെ കാണാതായി.


🔳ന്യൂയോര്‍ക്കിലെ അത്യാഡംബര ഹോട്ടല്‍ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കും. മാന്‍ഹാട്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലായ മന്ററിന്‍ ഓറിയന്റല്‍ ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ നൂറു ലക്ഷം ഡോളറിന്റെ നിക്ഷേപത്തിനാണ് റിലയന്‍സ് ഒരുങ്ങുന്നത്. സ്റ്റോക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


🔳ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്. 97.0.4692.71 പതിപ്പിനേക്കാള്‍ ക്രോമിന്റെ മുന്‍ പതിപ്പ് പ്രവര്‍ത്തിപ്പിക്കുന്ന ഉപയോക്താക്കള്‍ക്കാണ് മുന്നറിയിപ്പ്. കംപ്യൂട്ടറുകളില്‍ മാല്‍വെയറുകളെയും ബഗുകളെയും എത്തിക്കുന്നവയാണ് ചില മുന്‍പതിപ്പുകള്‍. പിഴവു ശ്രദ്ധയില്‍പ്പെട്ട ഗൂഗിള്‍ 97.0.4692.71 എന്ന പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചിട്ടുണ്ട്.


🔳ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് പത്താം മത്സരം. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഹൈദരാബാദ് എഫ്‌സിയാണ്  ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. സീസണില്‍ ഇരു ടീമും നേരിട്ടത് ഒറ്റത്തോല്‍വി മാത്രം. പുതുവര്‍ഷത്തെ ആദ്യകളിയില്‍ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെയും ഹൈദരാബാദിന്റേയും ലക്ഷ്യം വിജയവഴിയിലെത്തുക തന്നെയാണ്.


🔳മുന്‍ പാക് ക്രിക്കറ്റ് നായകന്‍ സലീം മാലിക്കിനെതിരേ ഗുരുതര ആരോപണവുമായി ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത്. പാകിസ്താനെതിരായ ടെസ്റ്റില്‍ മോശം പ്രകടനം പുറത്തെടുക്കാന്‍ മാലിക് ഒന്നര കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തു എന്നാണ് വോണിന്റെ ആരോപണം. 1994-ല്‍ നടന്ന കറാച്ചി ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു സംഭവം. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലാണ് വോണിന്റെ ഈ വെളിപ്പെടുത്തല്‍.


🔳ലാലിഗയില്‍ ബാഴ്സലോണയ്ക്ക് വീണ്ടും തിരിച്ചടി. ബാഴ്‌സയെ ഗ്രനാഡ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 32 പോയിന്റുമായി ആറാം സ്ഥാനത്താണ് ബാഴ്സലോണ. അതേസമയം വലന്‍സിയയെ തകര്‍ത്ത് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ഒന്നിനെതിരെ നാല് ഗോളിനാണ് റയലിന്റെ ജയം. 21 കളിയില്‍ 49 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.


🔳ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബി വിളയായ ഗോതമ്പിന്റെ കൃഷിയില്‍ 1.71 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഗോതമ്പ് കൃഷി ചെയ്യുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൃഷി കുറഞ്ഞിരിക്കുന്നത്. 2021-22 റാബി സീസണില്‍ ഇതുവരെ 1.71 ശതമാനം ഇടിഞ്ഞ് 333.97 ലക്ഷം ഹെക്ടറിലെത്തി. കണക്ക് പ്രകാരം, ഗോതമ്പ് വിതയ്ക്കുന്നതില്‍ ഉത്തര്‍പ്രദേശില്‍ 3.11 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ കുറവാണുണ്ടായിരിക്കുന്നത്. അതിന് പുറമെ, ഗോതമ്പ് വിതയ്ക്കുന്നതില്‍ ഹരിയാനയില്‍ 1.35 ലക്ഷം ഹെക്ടറിന്റേയും മഹാരാഷ്ട്രയില്‍ 1.20 ലക്ഷം ഹെക്ടറിന്റേയും മധ്യപ്രദേശില്‍ 1.14 ലക്ഷം ഹെക്ടറിന്റേയും കുറവുണ്ടായിട്ടുണ്ട്. റാബി സീസണില്‍ നെല്‍കൃഷി 18.69 ലക്ഷം ഹെക്ടറില്‍ നിന്ന് ഡിസംബര്‍ 7 വരെ 16.44 ലക്ഷം ഹെക്ടറായി കുറഞ്ഞു.


🔳തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4460 രൂപയാണ്.  ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4495 രൂപയായിരുന്നു വില. 4490 രൂപയില്‍ നിന്ന് 4515 രൂപയായി വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം  4495 ലേക്ക് ഇടിഞ്ഞത്. ഇവിടെ നിന്ന് ഇന്നലെ 4460 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്.


🔳ഒടിടി റിലീസിലൂടെ ഭാഷയുടെ അതിരുകള്‍ കടന്ന് വിജയം നേടിയ മലയാള ചിത്രം 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന് ജപ്പാനില്‍ ഈ മാസം 21 മുതല്‍ പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം. ചിത്രത്തിന്റെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണ്. കഴിഞ്ഞ വര്‍ഷം എത്തിയ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മൂന്ന് വിഭാഗങ്ങളില്‍ ചിത്രം അവാര്‍ഡ് നേടുകയും ചെയ്തു.


🔳എം ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി  ചലച്ചിത്ര സംവിധായികയാവുന്നു. എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജി ചലച്ചിത്രത്തിലെ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് അശ്വതി വി നായര്‍ ആണ്. എംടിയുടെ 'വില്‍പ്പന' എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥ എംടിയുടേത് തന്നെ. ആസിഫ് അലിയും  മധുബാലയുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.


🔳ഫോഴ്‌സ് മോട്ടോഴ്‌സ് ഈ മാസം മുതല്‍ തങ്ങളുടെ 4ഃ4 ഓഫ്-റോഡ് എസ്യുവി ഗൂര്‍ഖയുടെ വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഫോഴ്‌സ് ഗൂര്‍ഖ എസ്യുവിയുടെ പ്രാരംഭ വില 14.10 ലക്ഷം രൂപയായി പുതുക്കി എന്ന്  റിപ്പോര്‍ട്ട് ചെയ്യുന്നു. 2021ല്‍ ഈ എസ്യുവി പുറത്തിറക്കിയ വിലയേക്കാള്‍ 51,000 രൂപയുടെ വര്‍ധനയാണിത്. ഫോര്‍സ് മോട്ടോഴ്‌സ് ഓഫ്-റോഡ് എസ്യുവി 2021 സെപ്റ്റംബര്‍ 27 ന് 13.59 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയില്‍ ആണ് പുറത്തിറക്കിയത്.


🔳ജീവിതം കരുപിടിപ്പിക്കാനായി നെട്ടോട്ടമോടുമ്പോഴും എത്തിച്ചേരുന്ന ഓരോ വഴിയിലും വഴിയറിയാതെ കല്ലില്‍ തട്ടിവീഴുന്ന ഒരു പാവം പെണ്‍കുട്ടി ജിവിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രം നെടുവീര്‍പ്പിട്ട് എന്തുചെയ്യണമെന്നറിയാതെ ജീവിതം തീര്‍ന്നുവെന്ന് കരുതി ശങ്കിച്ച് നില്‍ക്കുമ്പോള്‍ കൈപിടിച്ചു കയറ്റാനൊരാള്‍. 'ലീന'. ബിനു കൈപ്പട. ഗ്രീന്‍ ബുക്സ്. വില 105 രൂപ.


🔳രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം എപ്പോള്‍ ശക്തി പ്രാപിക്കുമെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ഐഐടി മദ്രാസില്‍ നിന്നുള്ള ഒരു സംഘം വിദഗ്ധര്‍. സാങ്കേതികമായ ഉപാധികളുടെ സഹായത്തോടെയാണ് ഇവര്‍ കൊവിഡ് സാഹചര്യം വിലയിരുത്തുന്നത്. ഇത് പ്രകാരം ഫെബ്രുവരി 1 മുതല്‍ 15 വരെയുള്ള ദിവസങ്ങളായിരിക്കും കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് മൂര്‍ദ്ധന്യത്തിലെത്തുക. എത്ര പേര്‍ക്ക് രോഗം ബാധിക്കുന്നു എന്ന വിവരത്തെ അടിസ്ഥാനപ്പെടുത്തി, ഇവരില്‍ ഓരോരുത്തരില്‍ നിന്നും ഏകദേശം എത്ര പേരിലേക്ക് രോഗം കൈമാറ്റം ചെയ്യപ്പെടുമെന്നതിനെ വിലയിരുത്തിയാണ് കൊവിഡ് തരംഗത്തിന്റെ ശക്തി ഇവര്‍ മനസിലാക്കിയെടുക്കുന്നത്.  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങള്‍ വരികയാണെങ്കില്‍ ഈ വിവരം തെറ്റായി വരാം. അതായത് കൊവിഡ് കേസുകള്‍ കുറഞ്ഞേക്കാം. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍  കണക്ക് കൃത്യമായിരിക്കും. അതേസമയം മുന്‍പുണ്ടായ കൊവിഡ് തരംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം തരംഗം അത്രമാത്രം ശക്തമാകില്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. വാക്‌സിനേഷന്‍, സാമൂഹികാകലം പാലിക്കുന്നത്, ആള്‍ക്കൂട്ടത്തിന്മേലുള്ള നിയന്ത്രണം എന്നിവ കൊവിഡ് വ്യാപനം കാര്യമായി തടയുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.


Post a Comment

Previous Post Next Post