o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ





🔳കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അവലോകന യോഗം നടത്തിയതിനു പിറകേ, ഇന് സംസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം. രാവിലെ 11 നു ചേരുന്ന യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഇന്ന് ഓണ്‍ലൈന്‍ യോഗം നടത്തും.  


🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജില്ലാതലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം. കൊവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ വേണമെന്ന് നിര്‍ദേശിച്ചത്. കൗമാരക്കാരുടെ വാക്സിനേഷന്‍ ത്വരിതപ്പെടുത്തണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറു ലക്ഷത്തോളമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.


🔳നടന്‍ ദിലീപിനെതിരായ പുതിയ കേസില്‍ പോലീസ് മേധാവികളെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. കേസന്വേഷണ ചുമതലയുണ്ടായിരുന്ന എഡിജിപി ബി സന്ധ്യ, എസ്പി സുദര്‍ശന്‍, എ.വി. ജോര്‍ജ്, ബൈജു പൗലോസ്, സോജന്‍ എന്നിവര്‍ക്കെതിരെ ഗൂഡാലോചന നടത്തി. ലോറി ഇടിപ്പിച്ചു കൊല്ലുമെന്നും കൈവെട്ടുമെന്നും ദിലീപ് പറഞ്ഞെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് കേസിന് ആധാരം. ദിലീപും സഹാദരനും പ്രതികളാണ്. ആറാം പ്രതിയുടെ പേര് എഫ്ഐആറില്‍ ഇല്ല. ബുധനാഴ്ച ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തിയശേഷം ദിലീപിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യാനാണു നീക്കം.



🔳സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍ 10 വരെ. ഹൈദരാബാദില്‍ നടന്ന സിപിഎം കേന്ദ്രകമ്മിറ്റിയിലാണു തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചു ചര്‍ച്ച  ചെയ്തു.  ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിര്‍ത്തി പോരാടണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.


🔳പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിനിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ രണ്ടു പുലിക്കുട്ടികള്‍. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളുടെ തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തി. തള്ളപ്പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ കൂടു സ്ഥാപിച്ചിട്ടുണ്ട്.


🔳കേരളത്തില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ഇന്നു മുതല്‍. ഇന്നലെ ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് ഇന്നു വാക്സീന്‍ നല്‍കും. ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാംഡോസ് വാക്സീന്‍ എടുത്ത് ഒമ്പതു മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ്.



🔳കെ റെയില്‍ പദ്ധതി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാകില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി ദൂരീകരിക്കും. എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നത ഇല്ലെന്നും രാജന്‍ പറഞ്ഞു.


🔳കെ റെയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളോടു മറുപടി പറയാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ ചോദ്യങ്ങള്‍ക്കും കേരള ഘടകം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രക്കമ്മിറ്റി യോഗത്തിന് ശേഷം യെച്ചൂരിയുടെ പ്രതികരണം.


🔳മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ റെയിലിനു ബദലായി മുന്നോട്ടുവച്ച സബര്‍ബന്‍ ആശയം റെയില്‍വെ ബോര്‍ഡ് നിരാകരിച്ച പദ്ധതി. നിലവിലുള്ള റെയില്‍ പാളത്തെ ആശ്രയിച്ച് പദ്ധതി നടപ്പാക്കുന്നതിലായിരുന്നു എതിര്‍പ്പ്. സില്‍വര്‍ ലൈനിനെതിരായ വിമര്‍ശനങ്ങള്‍ക്കിടെയാണ് സബര്‍ബന്‍ റെയിലിനെ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാണിച്ചത്.



🔳പ്രധാനമന്ത്രി നരേന്ദ്ര മോദി 150 കര്‍ഷകരെ കൊന്നെന്ന് എഴുതിയ കാര്‍ തിരുവനവന്തപുരത്തെ പട്ടത്ത്  പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ യുപി രജിസ്‌ട്രേഷനുള്ള വാഹനമാണിത്.  പട്ടം റോയല്‍ ക്ലബിന് മുന്നില്‍ വാഹനം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.


🔳പാലക്കാട് അഗളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഇന്നു മുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ ആരംഭിക്കും. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കൊവിഡ് ക്ലിനിക്ക്, പള്‍മണോളജി തുടങ്ങിയ സെപ്ഷ്യാലിറ്റി ഒപികളാണ് ആരംഭിക്കുന്നത്.  


🔳നീറ്റ് പിജി കൗണ്‍സിലിംഗ് ബുധനാഴ്ച മുതല്‍. സുപ്രിം കോടതി ഉത്തരവനുസരിച്ച് മുന്നാക്ക സംവരണം പാലിച്ചുകൊണ്ടാണു പ്രവേശനം.


🔳രാഷ്ട്രപതിക്കു ഡിലിറ്റ് നല്‍കാന്‍ വിയോജിപ്പ് അറിയിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നല്‍കിയ കത്തു ചോര്‍ന്നതിനെക്കുറിച്ച് അറിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന സ്ഥാപനങ്ങളെ അപമാനിച്ച് സംസാരിക്കാനില്ലെന്നും രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് ഇങ്ങനെ തുടരുന്നതെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു.


🔳ഒമിക്രോണ്‍ ബാധിച്ചെന്നു നടി ശോഭന. മുന്‍കരുതലുകള്‍ എടുത്തിട്ടും ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍. എല്ലാവരും വാക്സിനെടുക്കണമെന്നും ശോഭന ഇന്‍സ്റ്റാഗ്രാമിലൂടെ ഓര്‍മിപ്പിക്കുന്നു.


🔳യാത്രക്കാരിയോട് ബസില്‍ അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ പി.പി. അനിലിനെയാണ് പിരിച്ചുവിട്ടത്. 2020 ഡിസംബര്‍ 25 നു യാത്രക്കാരി നല്‍കിയ പരാതിയില്‍ വെള്ളൂര്‍ പൊലീസ് കേസെടുത്തിരുന്നു.


🔳ആലുവയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പെരിയാറില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രയപൂര്‍ത്തിയാകാത്ത ആണ്‍ സുഹൃത്ത് പൊലീസ് പിടിയില്‍. പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.


🔳വിവാഹത്തിനു കാസര്‍കോട്, മംഗലാപുരം മേഖലയിലെ ഹൈന്ദവ ആരാധനാ മൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടിയ വരനും വധുവിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ദക്ഷിണ കന്നഡ പൊലീസാണു കേസെടുത്തത്. വരന്‍ ഉമറുല്ല ബാഷിത്ത് കാസര്‍കോട് ഉപ്പള സ്വദേശിയാണ്.


🔳നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് നടപടി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.


🔳ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിഘടിച്ചുതന്നെ മല്‍സരിക്കും. കോണ്‍ഗ്രസും ഒറ്റയ്ക്കു മല്‍സരിക്കുമെന്ന നിലപാടിലാണ്. ബിജെപിക്കെതിരെ വിശാലമുന്നണി എന്ന ആശയംപോലും പ്രതിപക്ഷകക്ഷികളുടെ അജണ്ടയില്‍ ഇല്ല. അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കിയ എസ് പിക്ക് സിപിഎം പിന്തുണ പ്രഖ്യാപിച്ചു. ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി മായാവതി നയിക്കുന്ന ബിഎസ്പിയും വ്യക്തമാക്കി.


🔳പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പഞ്ചാബില്‍ നേരിടേണ്ടിവന്ന സുരക്ഷവീഴ്ചയെ അപലപിച്ച് ബ്രിട്ടീഷ് സിഖ് അസോസിയേഷന്‍. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളെ കാണാനുള്ള അദ്ദേഹത്തിന്റെ ജനാധിപത്യ അവകാശത്തെയാണ് ഈ സംഭവം ഹനിച്ചതെന്ന് ലണ്ടന്‍ സിഖ് അസോസിയേഷന്‍ പറഞ്ഞു.


🔳പാകിസ്ഥാനിലെ വിനോദകേന്ദ്രമായ മറിയില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ച വിനോദസഞ്ചാരികളുടെ എണ്ണം 23 ആയി. കുടുങ്ങിയവരെ രക്ഷിക്കാന്‍ കൂടുതല്‍ സൈനികരെ നിയോഗിച്ചു. ഒന്നേകാല്‍ ലക്ഷത്തില്‍പരം കാറുകള്‍ മേഖലയില്‍ കുടുങ്ങിയെന്നാണ് സൈന്യത്തിന്റെ നിഗമനം.


🔳കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കു യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു.


🔳ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ എട്ട് സീസണില്‍ ആദ്യമായി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആദ്യ പകുതിയുടെ 42-ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌ക്വസ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്.


🔳കേരളത്തില്‍ ഇന്നലെ 54,108 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,591 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2390 പേര്‍ രോഗമുക്തി നേടി. ഇതോടെ 34,902 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.


🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119.


🔳രാജ്യത്ത് ഇന്നലെ 1,76,121 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 44,388 പേര്‍ക്കും കര്‍ണാടകയില്‍ 12,000 പേര്‍ക്കും തമിഴ്നാട്ടില്‍ 12,895 പേര്‍ക്കും പശ്ചിമബംഗാളില്‍ 24,287 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 6,411 പേര്‍ക്കും  ഡല്‍ഹിയില്‍ 22,751 പേര്‍ക്കും രാജസ്ഥാനില്‍ 5,660 പേര്‍ക്കും ഗുജറാത്തില്‍ 6,275 പേര്‍ക്കും ഹരിയാനയില്‍ 5,166 പേര്‍ക്കും ബീഹാറില്‍ 5,022 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു


🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്തും ഇംഗ്ലണ്ടില്‍ 1,41,472 പേര്‍ക്കും ഫ്രാന്‍സില്‍ 2,96,097 പേര്‍ക്കും തുര്‍ക്കിയില്‍ 61,727 പേര്‍ക്കും ഇറ്റലിയില്‍ 1,55,659 പേര്‍ക്കും അര്‍ജന്റീനയില്‍ 73,319 പേര്‍ക്കും ആസ്ട്രേലിയയില്‍ 1,00,011 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 30.76 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 4.27 കോടി കോവിഡ് രോഗികള്‍.


🔳ആഗോളതലത്തില്‍ 3,139 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 250 പേരും റഷ്യയില്‍ 763 പേരും  ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.05 ലക്ഷമായി.


🔳പ്രമുഖ മ്യൂച്വല്‍ഫണ്ട്, ഓഹരി നിക്ഷേപ ഫിന്‍ടെക് യുണീകോണ്‍ കമ്പനിയായ ഗ്രോയില്‍ നിക്ഷേപം നടത്തി മൈക്രോസോഫ്റ്റ് സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ സത്യ നദേല. ഗ്രോയുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിക്കും.  100 കോടി ഡോളറിനുമേല്‍ നിക്ഷേപമൂല്യമുള്ള കമ്പനികളെയാണ് 'യുണീകോണ്‍' എന്ന് വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിക്ഷേപസ്ഥാപനമായ ടൈഗര്‍ ഗ്ളോബലിന്റെ നേതൃത്വത്തില്‍ സീരീസ്-ഡി റൗണ്ട് നിക്ഷേപത്തിലൂടെ കഴിഞ്ഞ ഏപ്രിലില്‍ ഗ്രോ 8.30 കോടി ഡോളര്‍ നിക്ഷേപം സമാഹരിച്ചിരുന്നു. സീരീസ്-ഇ ഫണ്ടിംഗിലൂടെ ഒക്ടോബറില്‍ 25.1 കോടി ഡോളറും നേടി. ഇതോടെ കമ്പനിയുടെ മൂല്യം 300 കോടി ഡോളര്‍ കടന്നിരുന്നു.


🔳സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ താരിഫ് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് മാറുകയാണെങ്കില്‍ 5ജിബി അധിക ഡാറ്റ 30 ദിവസത്തേക്ക് നല്‍കുന്നതാണ് ബിഎസ്എന്‍എല്‍ ഓഫര്‍. ഈ മാസം 15 വരെയാണ് ഓഫര്‍. സൗജന്യ ഡാറ്റയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. സൗജന്യ 5ജിബി ഡാറ്റ 30 ദിവസത്തേക്കോ നിലവിലെ പ്ലാനിന്റെ വാലിഡിറ്റി വരെയോ ആയിരിക്കുമെന്ന് ബിഎസ്എന്‍എല്‍ ട്വിറ്ററില്‍ കുറിച്ചു.


🔳ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'സത്യം മാത്രമേ ബോധിപ്പിക്കൂ'വിന്റെ പ്രൊമോ സോംഗ് പുറത്തുവിട്ടു. ഷിന്‍സി നോബളിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സാഗര്‍ തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ധ്യാന്‍ എത്തുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാകും ചിത്രമെന്നാണ് സൂചനകള്‍.  ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക, ശ്രീവിദ്യ എന്നിവരും അണിനിരക്കുന്നു.


🔳തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസില്‍ പണം വാരുകയാണ്. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ സുകുമാര്‍ ചിത്രം പുഷ്പയാണ് ഹിന്ദി ബെല്‍റ്റില്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നാലാം വാരത്തിലേക്ക് കടന്നിരിക്കുന്ന ചിത്രം (ഹിന്ദി പതിപ്പ്) ഇതുവരെ നേടിയിരിക്കുന്നത് 75 കോടിയാണ്. അതില്‍ മൂന്നാം വാരത്തിലെ മാത്രം നേട്ടം 25.40 കോടിയാണ്. മൂന്നാം വാര കളക്ഷനില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ള എക്കാലത്തെയും ഹിന്ദി ചിത്രങ്ങളുടെ ലിസ്റ്റിലേക്കും പുഷ്പ ഇടംപിടിച്ചിട്ടുണ്ട്. ആ ലിസ്റ്റില്‍ ബാഹുബലി 1നെ പിന്നിലാക്കിയിട്ടുമുണ്ട്.


🔳വെള്ള നിറത്തിലുള്ള ഒരു കാര്‍ വാങ്ങിയ ആള്‍ക്ക് അതൊന്ന് കറുപ്പ് നിറത്തിലേക്ക് അതൊന്നു മാറ്റണമെന്ന് തോന്നിയാല്‍ നിലവിലെ സാഹചര്യത്തില്‍ അല്‍പ്പം പ്രയാസമാണ്. കുറച്ച് ചെലവും സമയവുമൊക്കെ പിടിക്കും. എന്നാല്‍ ഒരു സ്വിച്ചില്‍ വെറുതെയൊന്ന് വിരല്‍ അമര്‍ത്തിയാല്‍ വാഹനത്തിന്റെ നിറം മാറിയാലോ? അത്തരമൊരു സാങ്കേതിക വിദ്യ അവതരിപ്പിച്ച് വാഹന ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ജര്‍മ്മന്‍  ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു.

ബിഎംഡബ്ല്യു ഐഎക്സ് ഫ്ളോ എന്ന് പേരിട്ടിരിക്കുന്ന കാര്‍ നിറം മാറുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കാറിന്റെ പെയിന്റുകള്‍ക്കിടയിലുള്ള ഇലക്ട്രോണിക് മഷി വഴിയാണ് ഇത് പ്രാവര്‍ത്തികമാകുന്നത്.



🔳എന്തുകൊണ്ടാണ് ഏഴു നിറങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കണം എന്ന് പറയുന്നത് എന്നറിയാം. ഉപാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും പല നിറങ്ങളിലുള്ള ഭക്ഷണം സഹായിക്കും. നാരുകളും ജലാംശവും ധാരാളം അടങ്ങിയതിനാലാണിത്. മാത്രമല്ല ഇവയിലടങ്ങിയ നിരോക്സീകാരികള്‍ തലച്ചോറിന്റെയും ചര്‍മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ ബീറ്റാകരോട്ടിന്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഏകും. കൂടാതെ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. പച്ച നിറത്തിലുള്ള പച്ചക്കറികളില്‍ അടങ്ങിയ കാല്‍സ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ എല്ലുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം ഹൃദയാരോഗ്യവും ഏകുന്നു. മഞ്ഞനിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ വിറ്റമിന്‍ സി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. ചുവപ്പില്‍ തണ്ണിമത്തന്‍, തക്കാളി, മാതളം, ചെറി, ചുവന്ന ആപ്പിള്‍, ചുവപ്പ് കാപ്സിക്കം ഇവ 

Post a Comment

Previous Post Next Post