വൈറസ് ബാധ: തെരുവുനായ്ക്കൾ ചത്തൊടുങ്ങുന്നു
ചമ്പാട് : പന്ന്യന്നൂർ, ചമ്പാട്, ചൊക്ലി മേഖലകളിൽ തെരുവുനായ്ക്കളിൽ വൈറസ് ബാധ രൂക്ഷം. രോഗം ബാധിച്ച നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കനൈൻ ഡിസ്റ്റംബർ, കനൈൻ പാർവോ എന്നീ മാരക വൈറസുകളാണ് നായകളിൽ അതിവേഗം പടരുന്നതെന്നാണ് ലക്ഷണങ്ങൾ വിലയിരുത്തി മൃഗസംരക്ഷണവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
പള്ളൂർ മേഖലയിലും കഴിഞ്ഞ ദിവസം തെരുവിൽനായ്ക്കൾ ചത്തുവീഴുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു
അൻപതോളം നായ്ക്കൾ ഇതിനകം വിവിധ ഭാഗങ്ങളിലായി ചത്തുവീണിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.വൈറസ് ബാധയേറ്റ നായകൾ അധികദിവസം ജീവിക്കില്ല. ഭക്ഷണം കഴിക്കാനാവാതെ ശരീരം ശോഷിച്ച്, നടക്കാൻ പോലുമാകാതെ മരണത്തിന് കീഴടങ്ങുന്ന കാഴ്ച ദൈന്യതയോടെയാണ് ഇവിടങ്ങളിൽ കാണുന്നത്. വാക്സിൻ ചെയ്യുകയല്ലാതെ ഈ രോഗബാധ തടയാൻ മറ്റുവഴികളില്ല. ഫലപ്രദമായ ചികിത്സ ഈ രോഗത്തിന് ലഭ്യമല്ലാത്തതിനാൽ നായകൾ മരണത്തിന് കീഴടങ്ങുകയാണെന്ന് മനേക്കരയിൽ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന വെറ്ററിനറി ഡോക്ടർ സുഭീഷ് കൂവ്വപ്ര പറയുന്നു.
സ്വകാര്യകമ്പനിയാണ് നായ്ക്കൾക്കുള്ള കുത്തിവെപ്പ് വാക്സിൻ നിർമിക്കുന്നത്. ഇതിനാവട്ടെ വിലയും കൂടുതലാണ്. ഒരുതവണ നൽകേണ്ട വാക്സിന് 450 രൂപ വിലവരും. ആറുമാസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് രണ്ട് തവണയായി കുത്തിവെപ്പെടുക്കണം. ഈ പ്രതിരോധമരുന്ന് സർക്കാർ വിതരണം ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ തെരുവുനായ്ക്കൾക്ക് വാക്സിൻ എന്നത് പ്രായോഗികവുമല്ല. നായ്ക്കളിൽനിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വളർത്തുനായകൾക്ക് വാക്സിൻ നിർബന്ധമായും നൽകണമെന്നും വളർത്തുമൃഗങ്ങൾ തെരുവുനായ്ക്കളുമായി ഇടപഴകുന്നത് തടയണമെന്നുമാണ് ഡോക്ടർമാരുടെ നിർദേശം.
ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ രോഗം സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണം സാധ്യമാവുകയുള്ളൂ. പശുവിനടുത്തും മറ്റും നായ്ക്കളെ കാണാറുള്ള ക്ഷീരകർഷകരിലും ആശങ്കയുയരുന്നുണ്ട്. അരയാക്കൂൽ ഭാഗത്ത് പൂച്ചകൾ ചാകുന്നതായും റിപ്പോർട്ടുണ്ട്.അടിയന്തരനടപടികൾ പഞ്ചായത്തധികൃതരുടെ സഹായത്തോടെ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി വെറ്ററിനറി സർജൻ ഡോ. പി. ദിവ്യ അറിയിച്ചു.
പന്ന്യന്നൂർ, ചൊക്ലി മേഖലകളിൽ ആശങ്കരോഗം വന്നത് വന്ധ്യംകരണശസ്ത്രക്രിയയ്ക്ക് ശേഷംവന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോയതിന് ശേഷമാണ് നായകളിൽ ഇത്തരമൊരു മാറ്റം പ്രകടമായത്. വളർത്തുമൃഗങ്ങളിലേക്ക് രോഗം പകരാതിരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം. വീട്ടുപറമ്പിൽ എന്നും ഭക്ഷണത്തിനായി അടുത്തിടെയായി 17 നായകൾ നിത്യേന എത്താറുണ്ടെങ്കിലും ഇപ്പോൾ രണ്ടെണ്ണം മാത്രമേയുള്ളൂ. വർഷങ്ങളായി തെരുവുനായകളെ സ്നേഹിച്ച് പരിപാലിക്കുന്ന എന്നെ പോലുള്ളവർക്ക് ഈ രോഗവ്യാപനം ആശങ്കയുണർത്തുന്നുണ്ട്.
Post a Comment