o കാട് പിടിച്ച് സാമൂഹ്യ വിരുദ്ധരുടെയും , പട്ടികളുടെയും താവളമായി മഞ്ചക്കൽ ബോട്ട് ഹൗസ്
Latest News


 

കാട് പിടിച്ച് സാമൂഹ്യ വിരുദ്ധരുടെയും , പട്ടികളുടെയും താവളമായി മഞ്ചക്കൽ ബോട്ട് ഹൗസ്

 കാട് പിടിച്ച് സാമൂഹ്യ വിരുദ്ധരുടെയും , പട്ടികളുടെയും താവളമായി മഞ്ചക്കൽ ബോട്ട് ഹൗസ്



മാഹി:  മയ്യഴിപ്പുഴയോരത്തെ മഞ്ചക്കലിലെ ബോട്ട് ഹൗസ് നാശോന്മുഖമായി.



വലിയപ്രതീക്ഷകളോടെയാണ് ദശകങ്ങൾക്ക് മുമ്പ് , പ്രകൃതിരമണീയമായ മനോഹര തീരത്ത്  ജല കേളീ സമുച്ഛയം പുതുച്ചേരി ടൂറിസം ഡിപ്പാർട്ട്മെൻ്റ് നിർമ്മിച്ചത്. 



സ്പീഡ് ബോട്ടുകൾ, കയാക്ക്, വാട്ടർ സ്കൂട്ടർ, പെഡൽ ബോട്ടുകൾ, ബനാന റൈഡ്, എന്നിവ പുഴയിൽ സഞ്ചാരികളെ വർഷങ്ങളോളം മാടി വിളിച്ചിരുന്നു.  പി.ടി.ഡി.സി.യുടെ ഒരു കേൻ്റീനും പുഴയോട് ചേർന്ന് ഉണ്ടെങ്കിലും, ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. നിലവിൽ രണ്ട് യന്ത്രവൽകൃത ബോട്ടുകൾ മാത്രമാണുള്ളത്. രണ്ടിനും കൂടി ഒരു ഡ്രൈവറും - 'ബോട്ട് എഞ്ചിനാകട്ടെ പതിനഞ്ച് വർഷം പഴക്കമുള്ളതുമാണ്. ജീവനക്കാരെ കൂട്ടത്തോടെ പുതുച്ചേരിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇപ്പോൾ നാല് സ്ഥിരം ജീവനക്കാരും, ഏഴ് ടൂറിസ്റ്റ് ഗാർഡുകളും മാത്രമാണ് മാഹിയിലുള്ളത്. ടുറിസം അധികൃതർ ആരും മഞ്ചക്കൽ ജല കേളി സമുച്ഛയത്തിലേക്ക് ഇപ്പോൾ തിരിഞ്ഞ് നോക്കുന്നില്ല. ഒരാൾ പൊക്കത്തിൽ കുറ്റിക്കാടുകൾ ഉയർന്നിട്ടുണ്ട്. ഇഴജീവികളുടേയും, രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടേയും വിഹാരകേന്ദ്രമാണിവിടം.കോമ്പൗണ്ടിനകത്തെ മനോഹരമായ മണ്ഡപത്തിൽ മുൻകാലങ്ങളിൽ വിവിധ കലാപരിപാടികൾ നടത്താറുണ്ട്. ഇപ്പോൾ അതും ഇല്ലാതായി.പി .ടി .ഡി .സി യുടെ വോക്ക് വേയിലുള്ള കേൻ്റീനും അടച്ചു പൂട്ടി. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഇവരുടെ മറ്റൊരു കേൻ്റീനിൽ ഇപ്പോൾ ഉച്ചഭക്ഷണവും നിർത്തലാക്കിയിരിക്കുകയാണ്. മാഹി പോലീസ് സ്റ്റേഷൻ്റെ പിറകിൽ വെച്ചാണ് ഇപ്പോൾ യാത്രക്കാരെ ബോട്ടിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.



മാഹിയിൽ നിന്ന് വെള്ളിയാങ്കലിലേക്ക്, കടലിൽ തിമർത്ത് കളിക്കുന്ന ഡോൾഫിൻ കൂട്ടത്തേയും കണ്ട്, സാഹസിക ഉല്ലാസയാത്ര നടത്താൻ സർക്കാർ തീരുമാനിച്ചതായിരുന്നു. ഉൽഘാടനം കഴിഞ്ഞെങ്കിലും തുടർ നടപടികളുണ്ടായില്ല.



   ശ്രീ നാരായണ ഗുരുദേവൻ മയ്യഴി സന്ദർശിച്ച വേളയിൽ സൂര്യോദയം കാണാൻ ഇവിടുത്തെ പാറക്കെട്ടുകളിൽ ധ്യാനനിമഗ്നനായിരുന്നിട്ടുണ്ട്. കിഴക്ക് നീലിച്ച പശ്ചിമ ഘട്ടത്തിൽ നിന്നും സൂര്യൻ ഉദിച്ചുയരുന്ന നേരത്ത് ഇവിടെ യോഗാചാര്യന്മാരും, പഠിതാക്കളും ധ്യാന മിരിക്കുന്നത് പതിവാണ്.



.ഇവിടെ നിന്നാണ് മൂന്ന് കിലോമീറ്ററോളം നീളുന്ന മയ്യഴിക്ക് വെള്ളിയരഞ്ഞാണം ചാർത്തുന്ന പുഴയോര നടപ്പാത ആരംഭിക്കുന്നത്. വൻ ടൂറിസം സാദ്ധ്യതകളുള്ള മയ്യഴിയുടെ ഏറ്റവും മനോഹരമായ തീരമാണ് അധികൃതരുടെ അനാസ്ഥയിലും, അവഗണനയിലും കാട്കയറുന്നത്.

Post a Comment

Previous Post Next Post