വഴി മുടക്കി ശൗചാലയം നിർമ്മിക്കാൻ നീക്കം
ചൊക്ലി: ചൊക്ലി പഞ്ചായത്തിലെ പള്ളിക്കുനിയിൽ വീടിന്റ വഴി മുടക്കി ശൗചാലയം നിർമ്മിക്കാൻ പഞ്ചായത്ത് അധികൃതരുടെ നീക്കം. ചൊക്ലി പഞ്ചായത്ത് 2020 - 21 വർഷത്തെ ഫണ്ട് ഉപയോഗിച്ചാണ് വീടിന്റെ വഴി മുടക്കി പൊതു ശൗചാലയവും കംഫർട്ട് സ്റ്റേഷനും നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. പഞ്ചായത്ത് അംഗീകരിച്ച പ്ലാൻ പ്രകാരമാണ് വീട് നിർമ്മിച്ചതെന്നും ശൗചാലയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം വഴിയായി അംഗീകരിച്ചതുമാണെന്ന് പള്ളിക്കുനിയിലെ പാറേമ്മൽ സി എച്ച് മഹറൂഫും കുടുംബവും വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
മേക്കുന്ന് - മോന്താൽ റോഡിൽ പള്ളിക്കുനിയിൽ മഹറൂഫ് താമസിക്കുന്ന വീടിന്റെ ഗെയിറ്റിന് തൊട്ടു മുന്നിലാണ് ശൗചാലയത്തിന്റെ പണിക്കായി മണ്ണ് നീക്കി തുടങ്ങിയത്. പണി തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടന്നും കുടുംബം വ്യക്തമാക്കി. കിടപ്പു രോഗികളായ മാതാപിതാക്കളെ ചികിത്സക്ക് കൊണ്ടുപോകാൻ പ്രയാസമാകുമെന്നും കുടിവെള്ളം മലിനമാകാൻ സാധ്യതയുണ്ടെന്നും കുടുംബം ആശങ്കപ്പെടുന്നു.
ചൊക്ളി പഞ്ചായത്ത് അധികൃതർ നിർമാണ പ്രവൃത്തിയിൽ നിന്ന് പിൻമാറണമെന്ന് കുടുംബം ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ യു കെ മുഹമ്മദലി, യു കെ റഹീം സംബന്ധിച്ചു.
Post a Comment