പുനർനിർമിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുനേരെ വീണ്ടും അക്രമം
തലശ്ശേരി: അക്രമികൾ തകർത്തതിനെ തുടർന്ന് പുനർനിർമിക്കുന്ന കുട്ടിമാക്കൂൽ മഠം ബസ് സ്റ്റോപ്പിലെ കയ്യാല ശശീന്ദ്രൻ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുനേരെ വീണ്ടും ആക്രമം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മൂന്ന് തൂണുകൾ ചൊവ്വാഴ്ച രാത്രി തകർത്തു.
ചൊവ്വാഴ്ച വൈകീട്ടാണ് കല്ലുകൊണ്ട് തൂൺ കെട്ടിയത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് 40 വർഷത്തെ പഴക്കമുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരേ ഇതുവരെ 13 തവണ അക്രമം നടന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ട ദിവസം രാത്രിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായി തകർത്തത്.
അതിനുശേഷം ആറുമാസം മുൻപ് നിർമാണജോലികൾ തുടങ്ങിയപ്പോൾ വീണ്ടും തകർത്തു. പ്രദേശത്തുള്ളവരുടെ ആവശ്യത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും നിർമാണപ്രവൃത്തി തുടങ്ങിയത്. ബുധനാഴ്ച രാവിലെയാണ് തൂണുകൾ തകർത്തനിലയിൽ കണ്ടത്. തലശ്ശേരി പോലീസിൽ പരാതി നൽകി.
നിർമാണപ്രവൃത്തി അടുത്ത ദിവസം തുടങ്ങുമെന്ന് തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.വിജയകൃഷ്ണൻ പറഞ്ഞു. ഇനിയും തകർത്താലും നിർമാണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കോൺഗ്രസ് നേതാക്കളായ എം.പി.അരവിന്ദാക്ഷൻ, വി.രാധാകൃഷ്ണൻ, സുശീൽ ചന്ത്രോത്ത്, ഇ.വിജയകൃഷ്ണൻ, പി.വി.രാധാകൃഷ്ണൻ, കെ.പി.സാജു എന്നിവർ സന്ദർശിച്ചു
Post a Comment