o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ


🔳ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ ബിജെപി നേതാവിനെയും വെട്ടിക്കൊന്നു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഇന്നലെ രാത്രിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.


🔳മണിക്കൂറുകള്‍ക്കിടെ രണ്ട് കൊലപാതകവാര്‍ത്തകള്‍ കേട്ടതിന്റെ ഞെട്ടലിലാണ് ആലപ്പുഴ. ദിവസങ്ങള്‍ക്ക് മുമ്പ് ചില ഗുണ്ടാആക്രമണങ്ങളും മറ്റും നഗരത്തിന്റെ പരിസരപ്രദേശങ്ങളിലുണ്ടായിരുന്നെങ്കിലും മണിക്കൂറുകള്‍ക്കിടെ രണ്ട് ദാരുണ കൊലപാതകങ്ങള്‍ക്ക് നാട് സാക്ഷിയാകേണ്ടിവരുന്നത് ആദ്യം. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.


🔳ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് ആപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


🔳ആലപ്പുഴ കൊലപാതകത്തില്‍ ആഭ്യന്തരവകുപ്പിനേയും സിപിഎമ്മിനേയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും. ഇന്നലെ നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതാണ് ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തു. സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ സംഘര്‍ഷം നിലനിന്ന പ്രദേശത്താണ് ഇന്നലെ കൊലപാതകം നടന്നത്. അതിന്റെ ഉത്തരവാദിത്തം ബിജെപിക്കുേമല്‍ കെട്ടിവക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് കെ സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ട് വലിയ ഗൂഡാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. ശ്രീനിവാസനെ തെരഞ്ഞ് പിടിച്ച് കൊല്ലുകയായിരുന്നു. വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം. ആയിരക്കണക്കിന് ആളുകളെ പരിശീലിപ്പിച്ച് താലിബാന്‍ മാതൃക നടപ്പാക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.  


🔳ആലപ്പുഴ മണ്ണഞ്ചേരിയിലെ എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് തീവവാദ സംഘമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. സംഘര്‍ഷ സാഹചര്യം നിലവില്‍ ഇല്ലാത്ത പ്രദേശത്താണ് കൊലപാതകം നടന്നതെന്നും ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയാണ് ജില്ലയില്‍ തങ്ങി കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഷ്റഫ് മൗലവി ആരോപിച്ചു. സിപിഎമ്മിന് ശേഷം ആര്‍എസ്എസ് എന്ന അജണ്ടയാണ് നടപ്പാക്കപ്പെടുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പും ആര്‍എസ്എസും തമ്മില്‍ ധാരണയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദത്തിലാണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നും അഷ്റഫ് മൗലവി കുറ്റപ്പെടുത്തി.



🔳കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയും എസ്ഡിപിഐയും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 'പരസ്പരം പാലൂട്ടി വളര്‍ത്തുന്ന രണ്ട് ശത്രുക്കളാണ് എസ്ഡിപിഐയും ബിജെപിയും. അവര്‍ തമ്മില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാനുള്ള കൊലപാതകമാണ് ആലപ്പുഴയില്‍ കഴിഞ്ഞ മണിക്കൂറുകളിലുണ്ടായത്. സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണിപ്പോള്‍ നടക്കുന്നത്. സോഷ്യല്‍ എഞ്ചിനീയറിങ് എന്ന പേരില്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനങ്ങളുടെ ബാക്കി പത്രമാണ് കൊലപാതകങ്ങളെന്നും സതീശന്‍ പറഞ്ഞു.


🔳പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരള മനസാക്ഷിയെ നടുക്കി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍  നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം.  എസ്ഡിപിഐ, ആര്‍എസ്എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണിതെന്നും സുധാകരന്‍ പറഞ്ഞു.


🔳കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എസ്ഡിപിഐയും ബിജെപിയും നടത്തുന്നതെന്ന് ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം. ബോധപൂര്‍വ്വം കേരളത്തില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുകയാണെന്നും ഇതിന് വേണ്ടി പരസ്പരം ശക്തി സംഭരിക്കുകയാണെന്നും റഹീം കുറ്റപ്പെടുത്തി. അതാത് സമുദായങ്ങള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ നടപടി എടുക്കണമെന്നും റഹീം ആവശ്യപ്പെട്ടു.


🔳ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി എം പി സുബ്രഹ്‌മണ്യന്‍ സ്വാമി. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെ  പിരിച്ചുവിടാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം. ഇസ്ലാമിക വത്കരണത്തിനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം. അതിനവര്‍ പാക്കിസ്ഥാനിലേക്ക് പോകട്ടേയെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു.


🔳എസ്.ഡി.പി.ഐ, ബി.ജെ.പി. നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എസ്.ഡി.പി.ഐ.യുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


🔳89 രാജ്യങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെന്നും ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ലോകാരോഗ്യ സംഘടന. പൂര്‍ണ്ണമായും വാക്സിനേഷനെടുത്ത ആളുകളുള്ള, ആളുകളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. അതേസമയം ഒമിക്രോണിന്റെ തീവ്രത എത്രത്തോളമെന്ന് അറിയാന്‍ ഇനിയും വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും  ഡബ്ല്യുഎച്ച്ഒ പറയുന്നു. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതുകൊണ്ടാണോ ഒമിക്രോണ്‍ അതിവേഗത്തില്‍ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.


🔳സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്താനുള്ള ബില്ല് കേന്ദ്ര സര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ഭിന്നത. ബില്ലിനെ തള്ളുന്ന നിലപാടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചത്. എന്നാല്‍ മുതിര്‍ന്ന നേതാവ് പി ചിദംബരം വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 21 ആയി നിശ്ചയിക്കണം എന്നാണ് തന്റെ നിലപാടെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.


🔳സുവര്‍ണ്ണ ക്ഷേത്രത്തില്‍ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളില്‍ തൊടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. ദിവസേനയുള്ള സായാഹ്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന്റെ റെയിലിംഗിലൂടെ ഒരു യുവാവ് ചാടുന്നത്. ശേഷം ഇയാള്‍ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നില്‍ സൂക്ഷിച്ചിരുന്ന വാളില്‍ തൊടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇതില്‍ പ്രകോപിതരായവര്‍ ഇയാളെ തടഞ്ഞു വെക്കുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയുകയായിരുന്നു.


🔳നിയമനടപടികള്‍ എല്ലാം പാലിച്ചാണ് ഗുരുവായൂരിലെ 'ഥാര്‍' ലേലത്തില്‍ പങ്കെടുത്തതെന്ന് എറണാകുളം സ്വദേശിയായ പ്രവാസി അമല്‍ മുഹമ്മദലി. ലേലത്തിന് ശേഷം വാഹനം വിട്ടുനല്‍കാനാകില്ലെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ല, വാഹനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ല. ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അമല്‍ മുഹമ്മദലി പറഞ്ഞു.


🔳വടകര താലൂക്ക്  ഓഫീസ്  തീപിടുത്ത കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലുളള ആന്ധ്ര സ്വദേശി സതീഷ് നാരായണിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഓഫീസില്‍ തീയിട്ടത് താനാണെന്ന് സതീഷ് പൊലീസിനോട് സമ്മതിച്ചിരുന്നു. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക്  ഓഫീസ് കെട്ടിടത്തില്‍ എത്തിയപ്പോള്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.  


🔳ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം തേടി കിഡംബി ശ്രീകാന്ത് ഇന്നിറങ്ങും. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ശ്രീകാന്ത് ലോ കെന്‍ യൂവിനെ നേരിടും. ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാവുകയാണ് ശ്രീകാന്തിന്റെ ലക്ഷ്യം.


🔳ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്  ഇന്ന് സീസണിലെ ആറാം മത്സരം. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി ആണ് എതിരാളികള്‍. ആറ് കളിയില്‍ അഞ്ചും ജയിച്ച് 15 പോയിന്റുള്ള മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് കളിയില്‍ ആറ് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്.


🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് നായകന്‍ വിരാട് കോലിയുടെ മനോഭാവം താന്‍ ഏറെ ഇഷ്ടപ്പെടുന്നതായി ബിസിസിഐ പ്രസിഡന്റും ഇതിഹാസ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. എന്നാല്‍ കോലി എല്ലാവരുമായി ഒരുപാട് വഴക്കിടുമെന്ന് ദാദ പറഞ്ഞു. ഏറ്റവും ഇഷടപ്പെട്ട മനോഭാവം ഏത് താരത്തിന്റേതാണ് എന്ന ചോദ്യത്തിന് ഗുഡ്ഗാവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗാംഗുലിയുടെ പ്രതികരണം.


🔳പ്രീമിയര്‍ ലീഗില്‍ ലീഡ്‌സിന്റെ വല നിറച്ച് തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ആഴ്‌സനല്‍. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഇരട്ട ഗോള്‍ മികവില്‍ 4-1നാണ് ആഴ്സനലിന്റെ ജയം. 16, 28 മിനുറ്റുകളിലാണ് മാര്‍ട്ടിനെല്ലിയുടെ ഗോളുകള്‍.


🔳കൊവിഡ് മൂലം സ്തംഭിച്ചിരുന്ന വ്യോമയാന മേഖലക്ക് ഉണര്‍വ്. വിദേശ വിമാന യാത്രികര്‍ക്കൊപ്പം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലും വര്‍ധന. 20 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നത്. കൊവിഡ് രോഗ തീവ്രതകുറഞ്ഞതും വാക്‌സിനേഷനും ആഭ്യന്തര യാത്രികരുടെ എണ്ണം വര്‍ധിപ്പിച്ചു. കഴിഞ്ഞ നവംബറില്‍ മാത്രം ഇന്ത്യയില്‍ 1.5 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേമാസം 6.4 ദശലക്ഷം ആളുകള്‍ യാത്ര ചെയ്ത് സ്ഥാനത്താണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നിരുന്നു. ആഭ്യന്തര - അന്തര്‍ദേശീയ യാത്രകള്‍ക്കായി ആകെ 1.23 കോടി യാത്രക്കാരാണ് വിമാനങ്ങളില്‍ സഞ്ചരിച്ചത്. കൊവിഡിന് ശേഷംഏറ്റവും അധികം യാത്രക്കാര്‍ ഉണ്ടായിരുന്നത് ഫെബ്രുവരിയില്‍ ആണ്.


🔳കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിന് ശേഷം ഇങ്ങോട്ട് രാജ്യത്തെ 1.5 ദശലക്ഷം സ്ത്രീകള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍. ആക്‌സസ് ഡെവലപ്‌മെന്റ് സര്‍വീസസ് തയ്യാറാക്കായി സ്റ്റേറ്റ് ഓഫ് ഇന്ത്യ, ലൈവ്ലിഹുഡ് റിപ്പോര്‍ട്ട് പ്രകാരമാണിത്. ഈ കാലയളവില്‍ ആകെ നഷ്ടമായ തൊഴിലവസരങ്ങള്‍ 6.3 ദശലക്ഷമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഈ കാലയളവില്‍ മൊത്തം 6.3 മില്യണ്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ പരമാവധിയും ചെറുപ്പക്കാര്‍ക്കെന്നും റിപ്പോര്‍ട്ടുകള്‍. 59 ശതമാനം പുരുഷന്മാര്‍ക്ക് ജോലി നഷ്ടമായപ്പോള്‍ 71 ശതമാനം ഗ്രാമീണ സ്ത്രീകള്‍ക്കും ലോക്ക്ഡൗണിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടതായി കാണാം. പ്രൊഫഷണല്‍ മേഖലയിലല്ലാത്ത സ്ത്രീ തൊഴിലാളികളെ ലോക്ഡൗണ്‍ തൊഴിലില്ലായ്മ മോശമായി ബാധിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.


🔳ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നാരദന്‍' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും റിലീസ് തീയതിയും പുറത്ത്. ഒരു കൂട്ടം പഴയ ടെലിവിഷന്‍ സെറ്റുകളില്‍ ഒരു കൊളാഷ് കണക്കെയാണ് നായകന്റെ മുഖം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാവുക. ചിത്രം ജനുവരി 27ന് തിയേറ്ററുകളിലെത്തും. അന്ന ബെന്‍ ആണ് ചിത്രത്തില്‍ നായിക. ഷറഫുദ്ദീന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്.


🔳സ്‌പൈഡര്‍മാന്‍, മാസ്റ്റര്‍ ചിത്രങ്ങളുടെ റെക്കോര്‍ഡ് തകര്‍ത്ത് അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'. കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് ആണ് ചിത്രം നേടിയിരിക്കുന്നത്. 71 കോടിയാണ് ആഗോളതലത്തില്‍ റിലീസ് ചെയ്ത പുഷ്പ നേടിയത്. അതിഗംഭീര പ്രതികരണങ്ങളോടെ റിലീസ് തുടരുന്ന സ്‌പൈഡര്‍മാന്‍ നോ വേ ഹോം ചിത്രവുമായുള്ള ക്ലാഷിനിടയിലും മികച്ച ഹൈപ്പ് ആണ് പുഷ്പയ്ക്ക് ലഭിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നും തെലുങ്കാനയില്‍ നിന്നും മാത്രം 22 മുതല്‍ 24 കോടി വരെ പുഷ്പ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കേ ഇന്ത്യയില്‍ നിന്നും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.


🔳2022 ജനുവരി ഒന്നു മുതല്‍ വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യയും. കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ജനുവരി മുതല്‍ സ്‌കോഡ മോഡലുകളുടെ വില മൂന്ന് ശതമാനം വരെ വര്‍ധിപ്പിക്കും. അടുത്തിടെ പുറത്തിറക്കിയ കുഷാക്ക് എസ്യുവി, റാപ്പിഡ്, ഒക്ടാവിയ, കൊഡിയാക്, സൂപ്പര്‍ബ് തുടങ്ങിയ മോഡലുകളാണ് സ്‌കോഡ ഇന്ത്യ നിലവില്‍ രാജ്യത്ത് വാഗ്ദാനം ചെയ്യുന്ന മോഡലുകള്‍. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ടും പ്രവര്‍ത്തനച്ചെലവുകളും ആണ് വര്‍ദ്ധനവിന് കാരണം എന്ന് കമ്പനി പറയുന്നു.


🔳എഡ്ഗര്‍ അലന്‍ പോ, നിക്കൊളായ് ഗോഗല്‍, മോപ്പസാങ്, ലിയോ ടോള്‍സ്റ്റോയ്, ഗുസ്താവ് ഫ്ളൊബേര്‍, ലൂയിജി പിരാന്‍ദെല്ലോ, ലൂ ഷുന്‍, ഖലീല്‍ ജിബ്രാന്‍, മിഗേല്‍ ദ ഊനാമുനോ, സാല്‍വദോര്‍ ദാലി.... ഭ്രാന്ത് പ്രമേയമായിവരുന്ന ലോകസാഹിത്യത്തിലെ പത്ത് ക്ലാസിക് കഥകളുടെ സമാഹാരം. 'ഉന്മാദത്തിന്റെ കഥകള്‍'. സമാഹരണം: നൗഷാദ്. പരിഭാഷ: സുരേഷ് എം.ജി.. മാതൃഭൂമി. വില 187 രൂപ.


🔳നമ്മുടെ ശരീരത്തില്‍ വിവിധ അവയവങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ടും അണുബാധകളുണ്ടാകാം. പരിക്ക് പറ്റിയതില്‍ നിന്നോ, അലര്‍ജിയോ അങ്ങനെ ഏതുമാകാം അണുബാധയ്ക്ക് വഴിവയ്ക്കുന്ന ഘടകം. അതുപോലെ തന്നെ ചില അസുഖങ്ങളുടെ ഭാഗമായും ഇത്തരത്തില്‍ അണുബാധയുണ്ടാകാം. പ്രമേഹം ഇതിനുദാഹരണമാണ്. രക്തത്തില്‍ ഷുഗര്‍നില കൂടിയിരിക്കുന്ന സാഹചര്യം തുടരുമ്പോള്‍ ശരീരത്തിന് പുറത്ത് നിന്നെത്തുന്ന അണുക്കളോട് പോരാടാനുള്ള കഴിവ് പതിയെ നഷ്ടമായിത്തുടങ്ങും. ഇങ്ങനെയാണ് പ്രമേഹത്തില്‍ അണുബാധകള്‍ സാധാരണമായി മാറുന്നത്. കക്ഷം, വിരലുകള്‍, വായ, ഗുഹ്യഭാഗം എന്നിവിടങ്ങളിലെല്ലാം ഇങ്ങനെ ഈസ്റ്റ് അണുബാധയുണ്ടാകാം. ഇതില്‍ ചൊറിച്ചിലും അസ്വസ്ഥതയും വേദനയും അനുഭവപ്പെടാം. പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങളിലാണ് അണുബാധയെങ്കില്‍. ഇത് സ്ത്രീകളിലും പുരുഷന്മാരിലും സമാനം തന്നെ. മൂത്രാശയ സംബന്ധമായ അണുബാധയും പ്രമേഹത്തിന്റെ ഭാഗമായുണ്ടാകാം. അസഹ്യമായ വേദനയും എരിച്ചിലുമെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെടാം. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, എന്നാല്‍ ഇടവിട്ട് മൂത്രശങ്ക, കഞ്ഞിവെള്ളം പോലെയുള്ള മൂത്രം, മൂത്രത്തിന് രൂക്ഷമായ ഗന്ധം എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം മൂത്രാശയ അണുബാധയില്‍ കാണുന്നതാണ്. കാല്‍പാദങ്ങളില്‍ വ്രണമുണ്ടാവുകയും അത് പിന്നീട് പഴുക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിന്റെ മറ്റൊരു സൂചന. ആദ്യമേ ചെറിയ മുറിവോ പൊട്ടലോ ഉണ്ടായിരുന്ന ഏതെങ്കിലും ഭാഗങ്ങള്‍ പിടിച്ചാണ് വ്രണം ഉണ്ടാകുന്നത്.

Post a Comment

Previous Post Next Post