o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ


🔳അയോധ്യയില്‍ ബിജെപി നേതാക്കളുടെ ബന്ധുക്കള്‍ ഭൂമി കൈയേറിയെന്ന് ആരോപണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ''ബഹുമാനപ്പെട്ട മോദിജി, ഈ തുറന്ന കൊള്ളയെക്കുറിച്ച് നിങ്ങള്‍ എപ്പോഴാണ് വാ തുറക്കുക? കോണ്‍ഗ്രസ് പാര്‍ട്ടിയും രാജ്യത്തെ ജനങ്ങളും രാമഭക്തന്മാരും ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ഇത് രാജ്യദ്രോഹമല്ലേ? രാജ്യദ്രോഹത്തില്‍ കുറവുണ്ടോ? അയോധ്യയില്‍ 'അന്ധേര്‍ നഗരി, ചൗപത് രാജ' ഭരണമാണ് ബിജെപി നടത്തുന്നത്''- രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഹിന്ദു സത്യത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നുവെന്നും എന്നാല്‍ ഹിന്ദുത്വവാദികള്‍ മതത്തിന്റെ മറവില്‍ കൊള്ളയടിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.


🔳അയോധ്യയിലെ ഭൂമിയിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍. രാമക്ഷേത്രത്തിന് സമീപം ബിജെപി നേതാക്കളടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണത്തിന്മേലാണ് അന്വേഷണം. ഉദ്യോഗസ്ഥരും വന്‍ ഇടപാടുകള്‍ നടത്തിയെന്ന് പരാതിയുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. 2019 നവംബറിലാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഈ വിധിക്ക് മുമ്പും ശേഷവും അയോധ്യയില്‍ നടന്ന ഭൂമിയിടപാടുകളാണ് വിവാദത്തിന് ഇടയായിരിക്കുന്നത്.



🔳രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു.  236 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 34 ആയി ഉയര്‍ന്നു. ചെന്നൈയിലാണ് കൂടുതല്‍ പേര്‍ക്കും രോഗം. 26 രോഗികളാണ് ചെന്നൈയില്‍ മാത്രമുള്ളത്. രോഗികളുമായി  സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങി. രാജ്യത്ത് കൊവിഡ് വാക്സീന്‍ സ്വീകരിക്കാന്‍ അര്‍ഹരായ ജനസംഖ്യയില്‍ അറുപത് ശതമാനത്തിന് രണ്ട് ഡോസ് വാക്സീനും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


🔳രാജ്യത്ത് ബൂസ്റ്റര്‍ ഡോസിനായി രണ്ട് വാക്സീന്‍ കമ്പനികള്‍ നല്‍കിയ അപേക്ഷകള്‍ കേന്ദ്രം അംഗീകരിച്ചില്ല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ എന്നീ കമ്പനികള്‍ നല്‍കിയ അപേക്ഷയില്‍ മരുന്ന് പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ബൂസ്റ്റര്‍ ഡോസിന്റെ ശാസ്ത്രീയ വിവരങ്ങള്‍ വിദഗ്ധ സമിതിയും ദേശീയ സാങ്കേതിക ഉപദേശക സമിതിയുമാണ് പരിശോധിക്കുന്നത്. നിലവില്‍ ബൂസ്റ്റര്‍ ഡോസിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ അനുസരിച്ചായിരിക്കും തുടര്‍ നടപടികളുണ്ടാകുക.


🔳ഇന്നലെ അന്തരിച്ച തൃക്കാക്കര എംഎല്‍എയും കെപിപിസി വര്‍ക്കിംഗ് പ്രസിഡന്റുമായ പിടി തോമസിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹം  ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി. സമയക്കുറവ് മൂലം അല്‍പ്പസമയം മാത്രമാണ് അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വച്ചത്. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. തൃക്കാക്കര ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുദര്‍ശനത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനെത്തും. എറണാകുളം രവിപുരം ശ്മശാനത്തില്‍ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി 5.30 ന് സംസ്‌കാരചടങ്ങുകള്‍ നടക്കും.


🔳അന്തരിച്ച കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് ഇടുക്കിയുടെ അഭിമാനമായിരുന്നെന്ന് ഇടുക്കി ബിഷപ്പ് മാര്‍ നെല്ലിക്കുന്നേല്‍.  പിടി തോമസിന്റെ വീട്ടിലെത്തി അദ്ദേഹം അന്ത്യോപചാരം അര്‍പ്പിച്ചു. സിഎസ്‌ഐ ബിഷപ് വിഎസ് ഫ്രാന്‍സിസും വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. പിടി തോമസ് പുതുതലമുറക്ക് മാതൃകയാണെന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.


🔳അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി. മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു.


🔳ബിജെപിക്കും ആര്‍എസ്എസിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഹിന്ദു - മുസ്ലീം വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന  അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിരന്തരം നുണപ്രചാരണം നടത്തുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ് കലാപങ്ങള്‍ക്ക് സേവാഭാരതിയുടെ അംബുലന്‍സ് ഉപയോഗിക്കുകയാണ്. കലാപങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കണം. കെ.സുരേന്ദ്രനേയും വത്സന്‍ തില്ലങ്കേരിയേയും അറസ്റ്റ് ചെയ്യണം. പൊലീസ് നുണ പ്രചാരണത്തിന്റെ ആളുകളായി മാറുന്ന അവസ്ഥയാണെന്നും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം വ്യക്തമാക്കി.


🔳ആലപ്പുഴ രണ്‍ജീത് വധക്കേസിലെ പ്രതികള്‍ കേരളം വിട്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി വിജയ് സാഖറെ. പ്രതികള്‍ക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികള്‍ മൊബൈല്‍ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ പറഞ്ഞു. പൊലീസ് പ്രതികളുടെ പിന്നാലെ തന്നെയുണ്ട്. ഗൂഡാലോചന സംബന്ധിച്ച് വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


🔳മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി ഹരിഹരന് പരോള്‍ നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു മാസത്തേക്ക് സാധാരണ പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹസന്‍ മുഹമ്മദ് ജിന്ന മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.


🔳കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ആരാധനാലയത്തിന് നേരെ ആക്രമണം. സെന്റ് ജോസഫ് പള്ളിയിലെ സെന്റ് ആന്റണീസ് കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടാരത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വഴിവെക്കുമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സെന്റ് ആന്റണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.


🔳അയോധ്യ പുസ്തക  വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കേസ് എടുക്കാന്‍ ലക്നൗ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി ലക്നൗ സ്വദേശി നല്‍കിയ  ഹര്‍ജിയിലാണ് പരാതി. കേസില്‍ അന്വേഷണം നടത്താനും പൊലീസിന് കോടതി നിര്‍ദേശം നല്‍കി.


🔳നിയമസഭാ തെഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെടലുമായി ഹൈക്കമാന്‍ഡ് . ഹരീഷ് റാവത്ത് അടക്കം നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ പ്രതിഷേധം പരസ്യമാക്കി ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തത്. പാര്‍ട്ടി തന്നെ അവഗണിച്ചെന്ന് തുറന്നടിച്ച റാവത്തിന്റെ ട്വീറ്റിനോട് ഹൈക്കമാന്‍ഡ് ഇതുവരെ പ്രതികരിച്ചിരുന്നില്ല. അമരീന്ദര്‍ സിങ്ങിന്റെ വഴിയെ പാര്‍ട്ടി വിടാനൊരുങ്ങുകയാണ് റാവത്തെന്ന അഭ്യൂഹവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് റാവത്ത് അടക്കം മുതിര്‍ന്ന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്.


🔳പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ സ്ഫോടനം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കോടതി ചേരുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള സ്ഫോടനത്തില്‍ ശുചിമുറി പൂര്‍ണ്ണമായി തകര്‍ന്നു. സ്ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു.


🔳ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായ് ചുഴലിക്കാറ്റില്‍ ചൊവ്വാഴ്ച 52 പേരെ കാണാതായെന്ന് സ്ഥിരീകരിച്ചതോടെ മൊത്തം മരണ സംഖ്യ 375 ആയെന്ന് ഫിലിപ്പൈന്‍ നാഷണല്‍ പൊലീസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ ഫിലിപ്പീന്‍സ് റിപ്പോര്‍ട്ട് ചെയ്തു. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത് ആഞ്ഞടിച്ച ഏറ്റവും മാരകമായ ചുഴലിക്കാറ്റുകളിലൊന്നാണ് റായ് ചുഴലിക്കാറ്റ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ്  കുറഞ്ഞത് 52 പേരെയെങ്കിലും കാണാതായെന്ന് തിരിച്ചറിഞ്ഞത്.


🔳കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു.  765 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുക. 300 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 465 കോടയിടുടെ ഓഹരികളുമാണ് വില്‍ക്കുന്നത്. ഹാത്വെ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് 465 കോടിയുടെ ഓഹരികളും വില്‍ക്കുന്നത്.  കേരളത്തിലെ പ്രമുഖ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളാണ് 1993 പ്രവര്‍ത്തനം ആരംഭിച്ച ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍. 2020-21 കാലയളവില്‍ 510.07 കോടി രൂപയായിരുന്നു ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ പ്രവര്‍ത്തന വരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 13.12 ശതമാനത്തിന്റെ വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായത്. ലാഭം 29 ലക്ഷം രൂപ വര്‍ധിച്ച് 31.03 കോടിയിലെത്തി.


🔳ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോം വാകൗവിന്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. എന്നാല്‍ എത്ര രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും ഈ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപമുണ്ട്. ടിക്ക്-ടോക്കിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വകൗവിന് 5 ലക്ഷത്തോളം പ്രതിദിന ഉപഭോക്താക്കളുണ്ട്. ഷോര്‍ട്ട് വീഡിയോകള്‍ക്കും ഫാഷന്‍ വീഡിയോകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.


🔳മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജിനു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി, അമല്‍ നീരദ് തുടങ്ങിയവര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


🔳സിനിമാസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന ജോജു ജോര്‍ജ് ചിത്രമാണ് 'മധുരം'. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജോജുവിന് പുറമെ അര്‍ജുന്‍ അശോകന്‍, നിഖിലാ വിമല്‍, ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനസ്സില്‍ പ്രണയം കാത്തു സൂക്ഷിക്കുന്നവര്‍ക്ക് വേണ്ടി അഹമ്മദ് കബീറിന്റെയും അണിയറ പ്രവര്‍ത്തകരുടെയും ക്രിസ്മസ് സമ്മാനം കൂടിയായിരിക്കും 'മധുരം'. ചിത്രം സോണി ലീവ് ലൂടെ ഡിസംബര്‍ 24 ന് റിലീസ് ചെയ്യും.


🔳ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ  പുതിയ ഗോള്‍ഡ് ലൈന്‍, സ്പെഷ്യല്‍ എഡിഷന്‍ റോക്കറ്റ് 3 മോഡലുകള്‍ക്കൊപ്പം പുതിയ സ്ട്രീറ്റ് ട്വിന്‍ ഇസി1 സ്പെഷ്യല്‍ എഡിഷന്‍ ബൈക്കും പുറത്തിറക്കി. ഇതിന്റെ എക്സ്-ഷോറൂം വില 8.85 ലക്ഷം രൂപ ആണ്. മാറ്റ് അലുമിനിയം സില്‍വര്‍, മാറ്റ് സില്‍വര്‍ ഐസ് ഫ്യുവല്‍ ടാങ്ക്, കൈകൊണ്ട് ചായം പൂശിയ സില്‍വര്‍ കോച്ച് ലൈനിംഗ്, ട്രയംഫ് ബാഡ്ജ് എന്നിവ ഉള്‍ക്കൊള്ളുന്ന സവിശേഷമായ കസ്റ്റം-പ്രചോദിത സ്‌കീമിലാണ് പുതിയ സ്പെഷ്യല്‍ എഡിഷന്‍ ബൈക്ക് വരുന്നത്.


🔳ഒരിക്കല്‍ വന്നാല്‍ പ്രമേഹം മാറില്ല' എന്ന ചിന്തയെ ഈ പുസ്തകം ചോദ്യം ചെയ്യുന്നു. നല്ല ഭക്ഷണത്തിലൂന്നിയ ജീവിതശൈലി വഴി പ്രമേഹം നിയന്ത്രിക്കാനും പലരിലും മാറ്റിയെടുക്കാനും സാധിക്കും. ഇതുവഴി മരുന്നുകള്‍ കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യാനാകും. 'പ്രമേഹം മാറാന്‍ നല്ല ഭക്ഷണം'. ഡോ. ശ്രീജിത്ത് എന്‍ കുമാര്‍. മനോരമ ബുക്സ്. വില 133 രൂപ.


🔳ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇന്‍ഷുറര്‍ കമ്പനിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട ഡാറ്റ പ്രകാരം ഇവിടെ ഒമിക്രോണ്‍ ബാധിച്ചവരില്‍ വരണ്ട ചുമ, പേശി വേദന, തൊണ്ടവേദന, നടുവേദന എന്നിവ ഉണ്ടായതായാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇവയെല്ലാം ഡെല്‍റ്റയുടെയും യഥാര്‍ത്ഥ കൊറോണ വൈറസിന്റെയും ലക്ഷണങ്ങളാണെന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ അഡ്ജക്റ്റ് പ്രൊഫസറും ഡിയര്‍ പാന്‍ഡെമിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായ ആഷ്‌ലി ഇസഡ് റിട്ടര്‍ പറഞ്ഞു. ഒമിക്രോണ്‍ വേരിയന്റും മുമ്പത്തെ വകഭേദങ്ങളിലും തമ്മില്‍ രോഗലക്ഷണങ്ങളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് പറയാന്‍ ഇപ്പോഴും തെളിവുകളൊന്നുമില്ലെന്നും ആഷ്‌ലി ഇസഡ് കൂട്ടിച്ചേര്‍ത്തു. രുചിയും മണവും നഷ്ടപ്പെടുത്തുന്നത് മുമ്പത്തെ വേരിയന്റുകളേക്കാള്‍ ഒമിക്രോണിന് കുറവായിരിക്കാം. യഥാര്‍ത്ഥ സാര്‍സ് കോവ് 2 ബാധിച്ച രോഗികളില്‍ 48 ശതമാനം പേര്‍ക്ക് മണം നഷ്ടപ്പെടുകയും 41 ശതമാനം പേര്‍ക്ക് രുചി നഷ്ടപ്പെടുകയും ചെയ്തതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതായി ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. ഓട്ടോ ഒ. യാങ് പറഞ്ഞു. ഒമക്രോണിന് കുറഞ്ഞ ഇന്‍കുബേഷന്‍ സമയമുണ്ടെന്നാണ  കരുതുന്നത്. വാക്‌സിനേഷന്‍ എടുത്ത ആളുകളില്‍ ഡെല്‍റ്റ അല്ലെങ്കില്‍ യഥാര്‍ത്ഥ കൊറോണ വൈറസ് ബാധിച്ചാല്‍ തലവേദന, സൈനസ് വേദന എന്നിവ ഉണ്ടാകാറുണ്ട്. വാക്സിനേഷന്‍ എടുക്കാത്ത രോഗികള്‍ക്ക് ശ്വാസതടസ്സവും ചുമയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ പറഞ്ഞു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 75.33, പൗണ്ട് - 100.57, യൂറോ - 85.42, സ്വിസ് ഫ്രാങ്ക് - 81.96, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.37, ബഹറിന്‍ ദിനാര്‍ - 200.11, കുവൈത്ത് ദിനാര്‍ -249.13, ഒമാനി റിയാല്‍ - 195.94, സൗദി റിയാല്‍ - 20.07, യു.എ.ഇ ദിര്‍ഹം - 20.52, ഖത്തര്‍ റിയാല്‍ - 20.70, കനേഡിയന്‍ ഡോളര്‍ - 58.71.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post