കെ. റെയിൽ ജില്ലയിലെ ഭൂമി സർവേ നടപടികൾ ഉടൻ:
സർക്കാർ വിജ്ഞാപനത്തിൽ
അഴിയൂർ ഒഞ്ചിയം വടകര മേഖലകളിലെ സർവ്വേ നമ്പർ പ്രകാരം നിങ്ങളുടെ സ്ഥലം ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്..
കോഴിക്കോട്: കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൻെറ സർവേ നടപടികൾ ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് കേരള സർക്കാറിൻെറ വിജ്ഞാപനമിറങ്ങി. കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ, പയ്യോളി, മൂടാടി, തിക്കോടി, ചേമഞ്ചേരി, ചെങ്ങോട്ട് കാവ്, പന്തലായനി, വടകര താലൂക്കിലെ ചോറോട്, ഒഞ്ചിയം, അഴിയൂർ, നടക്കുതാഴം, കോഴിക്കോട് താലൂക്കിലെ പുതിയങ്ങാടി, ചെറുവണ്ണൂർ, ബേപ്പൂർ, കരുവൻതിരുത്തി എന്നീ പദ്ധതിപ്രദേശങ്ങളിലാണ് സർവേ നടപടികൾ ഉടൻ ആരംഭിക്കുക.നിലവിൽ സ്ഥലത്തെ ഏരിയൽ സർവേ മാത്രമാണ് പൂർത്തിയായത്. 14 ജില്ലകളിലും സർവേക്കുള്ള വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ട്. കെ. റെയിലിനെതിരെ വലിയ ജനകീയസമരമാണ് ജില്ലയിൽ നടക്കുന്നത്. കാട്ടിൽ പീടികയിലെ സമരം 376 ദിവസം പിന്നിട്ടു. സർവേ നടപടികൾ ആരംഭിക്കുന്നതോടെ കുടിയിറക്ക് ഭീഷണി നേരിടുന്നവരെ അണിനിരത്തി പ്രക്ഷോഭം
ശക്തമാവുമെന്നാണ് സൂചന. കോഴിക്കോട് നഗരത്തിലെ പന്നിയങ്കര മുതൽ വെസ്റ്റ് ഹിൽ വരെ ഭൂഗർഭപാതയാണ് വിഭാവനം ചെയ്യുന്നത്. അതിനാൽ നഗരത്തിലെ സർവേയെ കുറിച്ച് വിജ്ഞാപനത്തിൽ ഒന്നും
വ്യക്തമല്ല. ജില്ലയിൽ 3000 വീടുകൾ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്ക്. ഈ മാസം 27ന് കെ. റെയിൽ വിരുദ്ധസമിതി സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നുണ്ട്. ജില്ലയിൽ അഴിയൂർ മുതൽ നടക്കാവ് വരെ പ്രാദേശിക ആക്ഷൻ കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്.
Post a Comment