🔳പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഈ മാസം 22 മുതല്‍ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാകും ഇത്. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവര്‍പ്പിക്കാനൊരുങ്ങി ബിജെപി. 'സേവ, സമര്‍പ്പണ്‍ അഭിയാന്‍' എന്ന പേരില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായ സെപ്റ്റംബര്‍ 17-ന് തുടക്കം കുറിക്കും. നരേന്ദ്ര മോദിയുടെ ഇരുപത് വര്‍ഷം നീണ്ട പൊതുസേവനത്തിന് നന്ദി അറിയിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'പാര്‍ട്ടി അംഗങ്ങള്‍ പൊതുസേവനത്തിന് പ്രതിജ്ഞാബദ്ധരാണ്' എന്ന അദ്ദേഹത്തിന്റെ സന്ദേശത്തിന് അഭിനന്ദനമറിയിച്ച് ഇന്ത്യയിലെമ്പാടുമുള്ള ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയയ്ക്കുമെന്നും ബിജെപി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
🔳കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന 12 വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍മാരുടെ അടിയന്തിര സൂം മീറ്റിംഗ് വിളിച്ചു. നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ട്. അതേസമയം നിപ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 69.67 ശതമാനം രോഗികളും കേരളത്തില്‍. 42,603 കോവിഡ് രോഗികളില്‍ 29,682 രോഗികളും കേരളത്തിലാണ്. ഇന്നലത്തെ മരണങ്ങളില്‍ 45.95 ശതമാനം മരണങ്ങളും കേരളത്തിലാണ് രേഖപ്പെടുത്തിയത്. 309 മരണങ്ങളില്‍ 142 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 61.95 ശതമാനവും കേരളത്തില്‍ തന്നെ. 4,03,646 സജീവരോഗികളില്‍ 2,50,097 പേരും കേരളത്തിലാണുള്ളത്.
🔳സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കും. രോഗികള്‍ ക്വാറന്റീനില്‍ തുടരുന്നുവെന്ന് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘം ഉറപ്പാക്കും. ക്വാറന്റീന്‍ ലംഘിക്കുന്നവരെ വീടുകളില്‍ തുടരാന്‍ അനുവദിക്കില്ല. സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റും. കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ത്തന്നെ കഴിയാന്‍ സഹായകരമായ സൗകര്യങ്ങള്‍ ലഭ്യമാണോയെന്ന് പരിശോധിക്കും. അനുകൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റും.
🔳സംസ്ഥാന ജനസംഖ്യയുടെ അറുപത് ശതമാനം പേര്‍ ഇതിനോടകം കൊവിഡ് വാക്സീന്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും പിന്നീട് രോഗബാധയുണ്ടാവുന്നുണ്ട്. ഇതില്‍ ആശങ്കയുടെ ആവശ്യമില്ല. വാക്സീന്‍ എടുക്കാത്ത മുതിര്‍ന്ന പൗരന്‍മാരാണ് കൊവിഡ് വന്ന് മരണപ്പെട്ടവരിലേറെയും. സംസ്ഥാനത്ത് വാക്സീന്‍ വിതരണം മികച്ച രീതിയില്‍ തുടരുകയാണെന്നും വാക്സീന്‍ വിതരണം ഈ നിലയില്‍ തുടര്‍ന്നാല്‍ വൈകാതെ തന്നെ കേരളത്തിന് സാമൂഹിക പ്രതിരോധം നേടാനാവും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി. ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താല്‍, കുറ്റം ചെയ്ത ആര്‍ക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
🔳കേരള പൊലീസില്‍ ആര്‍എസ്എസ് സെല്‍ ഉണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണെന്നും അതിനാല്‍ അവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരിക്കാമെന്നും അതിനാലായിരിക്കാം അവര്‍ അത്തരം ഒരു പ്രസ്താവന നടത്തിയതെന്നും അത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ പ്രതികരിച്ചു.
🔳വഴി യാത്രികര്‍ക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതിയില്‍ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും ഒരുങ്ങി. കേന്ദ്രങ്ങള്‍ സെപ്തംബര്‍ 7ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍മാസ്റ്റര്‍ നാടിന് സമര്‍പ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെട്ട പദ്ധതിയുടെ രണ്ടാം ഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
🔳പാര്‍ട്ടിയിലെ അച്ചടക്കനടപടികള്‍ക്ക് മുന്‍കാലപ്രാബല്യമുണ്ടാകുമോയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ നേതാക്കളുടെ സംയുക്തആക്രമണം. തനിക്ക് ധാര്‍ഷ്ട്യമില്ലെന്നും സെമി കേഡര്‍ എന്നത് അച്ചടക്കത്തിന്റെ വാള്‍ അല്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചെയ്യുന്ന കാര്യങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അതേസമയം രമേശിനെ പിന്തുണച്ചും തിരുവഞ്ചൂരിനെ തള്ളിയും ഉമ്മന്‍ചാണ്ടി രംഗത്തെത്തി. രമേശ് ചെന്നിത്തലയ്ക്ക് പ്രവര്‍ത്തിക്കാന്‍ ആരുടെയും മറ വേണ്ട. ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യം ഉള്ള ആളാണ് ചെന്നിത്തല. തന്നെ മറയാക്കി അഭിപ്രായം പറയേണ്ട കാര്യം ചെന്നിത്തലയ്ക്ക് ഇല്ല എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
🔳അടി മുതല്‍ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോണ്‍ഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്നലെ കണ്ട കോണ്‍ഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ രണ്ടാമതും അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോനില തകരാറിലാക്കിയെന്നും മനക്കരുത്ത് ചോര്‍ത്തിയെന്നും പാര്‍ട്ടിയുടെ അടിത്തട്ടിലെ ദൗര്‍ബല്യം സര്‍വ്വേ നടത്തിയപ്പോള്‍ വ്യക്തമായതാണെന്നും സുധാകരന്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വാരിവലിച്ചെഴുതുന്ന അണികള്‍ പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും പാര്‍ട്ടി അച്ചടക്കം പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും അഞ്ച് അംഗ കണ്‍ട്രോള്‍ കമ്മീഷന്‍ ഉണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കള്‍ക്ക് പോയകാലത്ത് സ്ഥാനങ്ങള്‍ കിട്ടിയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
🔳പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഓര്‍ത്തഡോക്സ് സഭ. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കുന്ന ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ നടത്തുന്ന ആസൂത്രിത ശ്രമം അപലപനീയമാണെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.
🔳കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ ബിവറേജസ് ഔട്ട് ലെറ്റ് തുടങ്ങാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കുമെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി. മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്നും കെസിബിസി. കെഎസ്ആര്‍ടിസി. സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണന്നും കെ സി ബി സി അഭിപ്രായപ്പെട്ടു.
🔳കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നില്‍ക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാന്റുകളില്‍ അല്ല മദ്യവില്‍പന നടത്തുകയെന്നും ബസ് ടെര്‍മിനല്‍ കോംപ്ലക്സില്‍ സ്ഥലം ഉണ്ടെങ്കില്‍ അനുവദിക്കുമെന്നും ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി പറഞ്ഞു.
🔳സിറോ മലബാര്‍ സഭയിലെ കുര്‍ബാന പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം നാളെ പളളികളില്‍ വായിക്കും. എന്നാല്‍ വിയോജിപ്പുമായി രംഗത്തെത്തിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും തങ്ങളുടെ പളളികളില്‍ സര്‍ക്കുലര്‍ വായിക്കില്ലെന്ന നിലപാടിലാണ്. അതിരൂപതയിലെ വിമത വൈദികരുടെ കൂട്ടായ്മയായ അതി രൂപതാ സംരക്ഷണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
🔳നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.
🔳ഛത്തീസ്ഗഢില്‍ സര്‍ഗുജ ജില്ലയില്‍ നടന്ന സര്‍ക്കാര്‍ വന്ധ്യംകരണ ക്യാമ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇവിടെ ഒരു സര്‍ജന്‍ ഏഴ് മണിക്കൂറിനുള്ളില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്. ക്യാമ്പിനെ സംബന്ധിച്ച പരാതികളെ തുടര്‍ന്ന്, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അലോക് ശുക്ല പറഞ്ഞു.
🔳പശ്ചിമ ബംഗാളിലെ ഭവാനിപുര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 ന് നടക്കും. മമത ബാനര്‍ജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ നിര്‍ണായകമാണ് ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
🔳അഫ്ഗാനിലെ കാബൂളില്‍ നടന്ന ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ 17 ഓളം പേര്‍ മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ പോരാളികള്‍ പഞ്ച്ഷിര്‍ പിടിച്ചെടുത്തുവെന്ന് താലിബാന്‍ അറിയിച്ചതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. അഫ്ഗാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തിട്ടും രാജ്യത്ത് കീഴടങ്ങാതിരുന്ന ഏക പ്രവിശ്യയായിരുന്നു പഞ്ച്ഷിര്‍. എന്നാല്‍ പ്രവിശ്യ പിടിച്ചെടുത്തുവെന്ന താലിബാന്റെ അവകാശവാദം എതിര്‍വിഭാഗം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
🔳താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ലിംഗപരമായ സമത്വത്തിനുവേണ്ടിയും പുതിയ സര്‍ക്കാരില്‍ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടുമാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇവര്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ആയുധങ്ങളുമായി താലിബാന്‍ സേന തെരുവുകളില്‍ ഭീതിനിറയ്ക്കുമ്പോള്‍ ഒരു സംഘം സ്ത്രീകള്‍ തെരുവിലേക്കിറങ്ങി പ്രക്ഷോഭം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് അപ്രതീക്ഷിതമായ നീക്കമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുന്നുന്നത്.
🔳ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും ചേതേശ്വര്‍ പൂജാരയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ മികച്ച നിലയിലായിരുന്ന ഇന്ത്യയെ പ്രതിരോധത്തിലാക്കി ഇയാന്‍ റോബിന്‍സന്റെ ഇരട്ടപ്രഹരം. സെഞ്ചുറി കൂട്ടുകെട്ടുമായി കുതിക്കുകയായിരുന്ന രോഹിത്തിനെയും പൂജാരയെയും ഒരു ഓവറില്‍ മടക്കിയ റോബിന്‍സണ്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഓവലില്‍ മൂന്നാം ദിനം വെളിച്ചക്കുറവുമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഏഴ് വിക്കറ്റ് ശേഷിക്കെ 171 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്.
🔳പാരാലിംപിക്‌സില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. പുരുഷ ബാഡ്മിന്റണില്‍ എസ്എല്‍ 3 വിഭാഗത്തില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ബെതെലിനെ തോല്‍പ്പിച്ച് പ്രമോദ് ഭഗത് സ്വര്‍ണം നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലു തവണ സ്വര്‍ണം നേടിയിട്ടുള്ള ലോക ഒന്നാം നമ്പര്‍ താരം കൂടിയായ പ്രമോദ് ഭഗത് ഫൈനലില്‍ ഡാനിയേല്‍ ബെതെല്ലിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. വെങ്കല പോരാട്ടത്തില്‍ ജപ്പാന്റെ ഡൈസുക്കെ ഫുജിഹാരയെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം മനോജ് സര്‍ക്കാര്‍ വെങ്കലം നേടിയതോടെ ടോക്യോ പാരാലിംപിക്സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി.
🔳ടോക്കിയോ പാരാലിംപിക്സിന്റെ സമാപനച്ചടങ്ങില്‍ ഷൂട്ടിംഗ് താരം അവനി ലേഖര ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ് എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണവും 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലവും നേടി 19കാരിയായ അവനി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇത്തവണ പാരാലിംപിക്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണ് ഇന്ത്യ നടത്തിയത്. നാലു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും അടക്കം 17 മെഡലുകളാണ് ഇന്ത്യനേടിയത്. നിലവില്‍ മെഡല്‍പ്പട്ടികയില്‍ 26-ാം സ്ഥാനത്താണ് ഇന്ത്യ.
🔳ഇന്ത്യന്‍ പരിശീലകന്‍ സൗമ്യദീപ് റോയിക്കെതിരേ ഗുരുതര ആരോപണവുമായി ടേബിള്‍ ടെന്നീസ് താരം മണിക ബത്ര. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ക്കിടെ സൗമ്യദീപ് തന്നെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ബത്രയുടെ ആരോപണം. ദോഹയില്‍ നടന്ന യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കിടെ സൗമ്യദീപ് പരിശീലിപ്പിക്കുന്ന താരത്തിന് യോഗ്യത നേടുന്നതിനായി തന്നോട് തോറ്റുകൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
🔳കേരളത്തില്‍ ഇന്നലെ 1,69,237 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1357 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 132 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,910 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,50,065 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479.
🔳രാജ്യത്ത് ഇന്നലെ 42,603 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 38,069 പേര്‍ രോഗമുക്തി നേടി. മരണം 309. ഇതോടെ ആകെ മരണം 4,40,567 ആയി. ഇതുവരെ 3,29,87,615 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.99 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,575 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,502 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 4,66,603 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 55,177 പേര്‍ക്കും ബ്രസീലില്‍ 21,804 പേര്‍ക്കും റഷ്യയില്‍ 18,780 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,578 പേര്‍ക്കും തുര്‍ക്കിയില്‍ 20,033 പേര്‍ക്കും ഇറാനില്‍ 20,404 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 20,741 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.10 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.89 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,466 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 528 പേരും ബ്രസീലില്‍ 609 പേരും റഷ്യയില്‍ 796 പേരും ഇറാനില്‍ 515 പേരും ഇന്‍ഡോനേഷ്യയില്‍ 539 പേരും മെക്‌സിക്കോയില്‍ 725 പേരും മലേഷ്യയില്‍ 362 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.73 ലക്ഷം.
🔳റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 15 ലക്ഷം കോടി മറികടന്നു. ഓഹരി വിപണിയില്‍ വ്യാപാരത്തിനിടെ റിലയന്‍സ് ഓഹരികള്‍ ഒരു ഘട്ടത്തില്‍ 2,394.30 രൂപ വരെ ഉയര്‍ന്നു. ഒടുവില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ റിലയന്‍സ് ഓഹരികള്‍ 94.60 രൂപ നേട്ടത്തോടെ അഥവാ 4.12 ശതമാനം ഉയരത്തില്‍ 2,388.25 രൂപയില്‍ എത്തി. ജൂലൈ അവസാനം മുതലുള്ള കണക്കെടുത്താല്‍ ഓഹരി വിലയിലുണ്ടായിരിക്കുന്ന 17 ശതമാനം ഉയര്‍ച്ച. ഇന്നലെ മാത്രം നാല് ശതമാനം വില വര്‍ധിച്ചതോടെ റിലയന്‍സ് ഓഹരി വില സര്‍വകാല റെക്കോര്‍ഡായ 2,389 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം നിലവില്‍ 15.41 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ റിലയന്‍സ് ഓഹരി വിലയില്‍ 15 ശതമാനത്തിന്റെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു.
🔳ഓഗസ്റ്റ് 27 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 16.663 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 633.558 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. പ്രധാനമായും സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) ഹോള്‍ഡിംഗുകളുടെ വര്‍ദ്ധനവ് കാരണമാണിതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ ഭാഗമാണ് എസ്ഡിആര്‍ ഹോള്‍ഡിംഗുകള്‍. സ്വര്‍ണ്ണ ശേഖരം 192 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 37.441 ബില്യണ്‍ ഡോളറിലെത്തി.
🔳നവാഗതനായ ബിനീഷ് ബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാവി'. ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ് എന്നിവര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രമുഖ താരങ്ങളാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒടിടി റിലീസായായിരിക്കും ചിത്രം. ആല്‍ബിന്‍ റോയ് സുകന്യ ഹരിദാസ് എന്നിവര്‍ക്ക് പുറമേ പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്റണി, ശിവന്‍ തിരൂര്‍, ലാലി തുടങ്ങിയവര്‍ അഭിനയിക്കുന്നു. കുടുംബ ബന്ധങ്ങള്‍ എത്ര തീവ്രമാണെന്നും അതിലേറെ ലോലമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ചിത്രമാണ് 'ചാവി'.
🔳നവാഗത സംവിധായകനായ രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ക്ഷണികം' എന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ജുവല്‍ മേരിയാണ് ചിത്രത്തിലെ നായിക. സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജുവല്‍ മേരി സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രാകേഷ് എന്ന നായക കഥാപാത്രമായി എത്തുന്നത് പുതുമുഖ നടനായ രൂപേഷ് രാജാണ്. നന്ദലാല്‍ കൃഷ്ണമൂര്‍ത്തി , മീര നായര്‍ ,സ്മിത അമ്പു എന്നീ മുന്‍നിര താരങ്ങളോടൊപ്പം രോഹിത്ത് നായര്‍, ഓസ്റ്റിന്‍, ഹരികൃഷ്ണന്‍ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
🔳എന്‍ ലൈന്‍ ബ്രാന്റിന്റെ ഇന്ത്യയിലെ ആദ്യ വാഹനമായ ഐ20 എന്‍ ലൈനിന്റെ വില പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 9.84 ലക്ഷം രൂപ മുതല്‍ 11.75 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. പെര്‍ഫോമെന്‍സിനും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള വാഹനമാണ് ഐ20 എന്‍ ലൈന്‍. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ പെര്‍ഫോമെന്‍സ് കരുത്തന്റെ ഹൃദയം. ഇത് 118 ബി.എച്ച്.പി. പവറും 172 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
🔳യുവകഥാകൃത്ത് മിഥുന്‍ കൃഷ്ണയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ജനിതകഭൂപടം, ഉമ്മച്ചിത്തെയ്യം, തോട്ട, തീണ്ടാരിച്ചെമ്പ് എന്നിങ്ങനെ ആനുകാലിക സാമൂഹ്യ രാഷ്ട്രീയ സംഭവഗതികള്‍ ചര്‍ച്ചചെയ്യുന്ന പതിനൊന്നു കഥകള്‍. ക്രമരഹിതവും പ്രതിബദ്ധരാഷ്ട്രീയം കൈയ്യൊഴിഞ്ഞതുമായ ഇന്നത്തെ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന ഈ രചനകള്‍ പാരസ്ഥിതികമായ ജാഗ്രതകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. 'തീണ്ടാരിച്ചെമ്പ്'. ഡിസി ബുക്സ്. വില 171 രൂപ.
🔳'ഡെല്‍റ്റ' കുട്ടികളെ സംബന്ധിച്ച് വലിയ ഭീഷണിയാകില്ലെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' ആണ് ഇത്തരമൊരു പഠനം നടത്തിയത്. മുതിര്‍ന്നവരില്‍ കൊവിഡ് വ്യാപകമാകുന്ന അത്രയും കുട്ടികളില്‍ കൊവിഡ് എത്തുന്നില്ലെന്നും 'ഡെല്‍റ്റ'യുടെ കാര്യത്തിലും ഇതില്‍ നിന്ന് വലിയ വ്യത്യാസം വരുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം വാക്‌സിനെടുക്കാത്ത മുതിര്‍ന്നവരെ സംബന്ധിച്ചാണ് 'ഡെല്‍റ്റ' വലിയ വെല്ലുവിളിയാവുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ 'ഡെല്‍റ്റ' വകഭേദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ആശുപത്രി രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. ജനുവരിയിലാണ് അമേരിക്കയില്‍ കൊവിഡ് മൂലം ഏറ്റവുമധികം കുട്ടികള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടതത്രേ. ഈ സമയത്ത് 'ഡെല്‍റ്റ' സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല. അമേരിക്കയില്‍ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. ഏതാണ്ട് പത്ത് ലക്ഷത്തോളം പേര്‍ ബൂസറ്റര്‍ ഡോസ് വാക്‌സിനും ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപന തോത് കുറയുന്നതില്‍ ഇതിനുള്ള പങ്ക് ചെറുതല്ല.
*ശുഭദിനം*
ഹരിയാനയിലെ പാനിപ്പത്തില്‍ 1997 ലാണ് നീരജ് ജനിച്ചത്. ഒരു കര്‍ഷക കുടുംബമായിരുന്നു നീരജിന്റെത്. കുഞ്ഞുനാളിലെ വലിയ മധുരപ്രിയനും ഭക്ഷണപ്രിയനുമായിരുന്നു നീരജ്. അതുകൊണ്ട് തന്നെ 13 വയസ്സായപ്പോഴേക്കും അവന്റെ ഭാരം 80 കിലോയോളമായി. കൂട്ടുകാരുടെ കളിയാക്കലുകള്‍ കേട്ട് അവന്‍ സങ്കടപ്പെട്ടപ്പോള്‍ അച്ഛന്‍ അവനെ അമ്മാവന്റെ അടുത്തെത്തിച്ചു. കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന കോച്ചായിരുന്നു അമ്മാവന്‍. നീരജിനെ ഓടിച്ച് ഫിറ്റ് ആക്കി മാറ്റാനായിരുന്നു അമ്മാവന്റെ ശ്രമം. ഒരിക്കല്‍ പാനിപ്പത്തിലെ ശിവാജി സ്റ്റേഡിയത്തില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സ്റ്റേഡിയത്തിന്റെ ഒരുഭാഗത്ത് ജാവലിന്‍ ത്രോ പരിശീലിക്കുന്ന ചില കായിക താരങ്ങളെ നീരജ് കാണുന്നത്. അവരുമായി പരിചയപ്പെട്ട നീരജ് ഒരു തമാശക്ക് എറിഞ്ഞ ജാവലിന്‍ ചെന്ന് വീണത് 40 മീറ്റര്‍ അകലെ! ഒരു പരിശീലനവും ലഭിക്കാത്ത ഒരു കുട്ടി ഇത്രയും ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞത് കോച്ച് ജയ് വീര്‍ ചൗധരിയുടെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെ നീരജിനെ പരിശീലനം നല്‍കാന്‍ ചൗധരി തീരുമാനിച്ചു. ഏറെ ദൂരം താണ്ടിവേണമായിരുന്നു നീരജിന് പരിശീലന കേന്ദ്രത്തിലേക്കെത്താന്‍. പക്ഷേ, നീരജിന് അതൊന്നും ഒരു തടസ്സമായിരുന്നില്ല. ജൂനിയര്‍ നാഷ്ണല്‍ മത്സരത്തില്‍ മെഡല്‍ നേടിയപ്പോള്‍, പലരും പറഞ്ഞു, മികച്ച പരിശീലനം നല്‍കിയാല്‍ നീരജ് അത്ഭുതങ്ങള്‍ കാണിക്കുമെന്ന്. പക്ഷേ, സാധാരണ കര്‍ഷകകുടുംബത്തിലെ അംഗമായ നീരജിന് പരിശീലനത്തിന്റെ ചിലവ് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. കുടുംബം ഒറ്റക്കെട്ടായി നിന്ന് നീരജിന് വേണ്ട പണം കണ്ടെത്തി. നീരജിന്റെ കഷ്ടപ്പാടുകളും കഠിനാധ്വാനവും ഫലം കണ്ട് തുടങ്ങിയ നാളുകളായിരുന്നു പിന്നീട്. ഇതിനിടയില്‍ കൈക്കേറ്റ പരിക്ക് വില്ലനായി വന്നു. 2020 ഒളിപിക്‌സിലേക്ക് തിരഞ്ഞെടുക്കാനുള്ള മത്സരം കഴിഞ്ഞ ഉടനെ നീരജ് ശസ്ത്രക്രിയക്ക് വിധേയനായി. വിശ്രമകാലം കഴിഞ്ഞു വീണ്ടും ദക്ഷിണാഫിക്കയില്‍ പരിശീലനം. ഒടുവില്‍ ഒളിപിക് വേദിയില്‍ നീരജ് നീട്ടിയെറിഞ്ഞ ജാവലിന്‍ വന്നുവീണത് 139 കോടി ജനങ്ങളുടെ മനസ്സിലേക്കായിരുന്നു ഒളിപിക് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യസ്വര്‍ണ്ണം! എല്ലാവര്‍ക്കും ജീവിതം അനുവദിക്കുന്ന ഒരു സമയം ഉണ്ട്. ആ സമയത്തെ യഥാവിധത്തില്‍ ഉപയോഗിച്ച് നിരന്തപരിശ്രമത്തോടെ ജീവിതായോധനം നടത്തുന്നവര്‍ക്കുള്ളതാണ് വിജയത്തിന്റെ, ആത്മസംതൃപ്തിയുടെ പുഞ്ചിരി - *ശുഭദിനം.*
Post a Comment