o പുഴയുടെ താളത്തിലലിഞ്ഞ് രാജലക്ഷ്മി
Latest News


 

പുഴയുടെ താളത്തിലലിഞ്ഞ് രാജലക്ഷ്മി

 പുഴയുടെ താളത്തിലലിഞ്ഞ് രാജലക്ഷ്മി 



  മയ്യഴി: “പുഴകൾക്ക് ഒരു താളവും ഭാവവും സംഗീതവുമുണ്ട്. അതനുസരിച്ചാണ് പുഴ ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ ഇല്ലാതാക്കുകയാണ് മനുഷ്യരിൽ ചിലർ. നമ്മുടെ ആവാസവ്യവസ്ഥയെ തകർക്കുകയാണ് ഇക്കൂട്ടർ. ലോകത്തെ എല്ലാ സംസ്കാരങ്ങളും വളർന്നുവന്നത് പുഴയോരത്താണെന്ന ചരിത്രവും നമ്മൾ മറക്കുന്നു...”-പറയുന്നത് വർഷങ്ങളായി മയ്യഴിയിൽ ജീവിക്കുന്ന പാലക്കാട് കല്പാത്തി സ്വദേശിനി സി.കെ.രാജലക്ഷ്മി.


പുഴയും മറ്റ് ജലസ്രോതസ്സുകളും ഇല്ലാതാവുന്നത് മനുഷ്യരാശിയടക്കമുള്ള ജീവജാലങ്ങളുടെ നാശത്തിന് കാരണമാവുമെന്ന തിരിച്ചറിവാണ് ഇവരെ പുഴസംരക്ഷണ പ്രവർത്തനങ്ങളിലേക്ക് നയിച്ചത്. വർഷങ്ങളായി പുഴ കൈയേറ്റങ്ങൾക്കും മലിനീകരണത്തിനുമെതിരെ മുൻപന്തിയിലുണ്ട്. സംസ്ഥാന നദീതട സംരക്ഷണസമിതി പ്രവർത്തകയായ ഇവർ ഭാരതപ്പുഴയിലെ മണൽവാരലിനും മണൽ മാഫിയക്കുമെതിരെ നടക്കുന്ന സമരങ്ങളിലും സജീവം. തുഷാരഗിരിയിലെ വനഭൂമി കൈയേറ്റം, പുഴകൈയേറ്റം എന്നിവയ്ക്കെതിരെ നടന്ന പോരാട്ടങ്ങൾക്കൊപ്പവും ഇവരുണ്ട്. മാഹി ആനവാതുക്കലിലാണ് താമസം.


‘മയ്യഴിപ്പുഴ സംരക്ഷക’


മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഏക്കർകണക്കിന് ചതുപ്പുപ്രദേശം നികത്തലും കണ്ടൽക്കാടുകൾ നശിപ്പിക്കലും നടന്നപ്പോഴാണ് മയ്യഴിപ്പുഴയുടെ സംരക്ഷണത്തിനായി ഇടപെടുന്നത്. തുടർന്നാണ് ‘മയ്യഴിപ്പുഴ സംരക്ഷണസമിതി’ നിലവിൽ വന്നത്.


മാലിന്യസംസ്കരണത്തിന് സംവിധാനങ്ങളൊന്നുമില്ലാതിരുന്ന മാഹിയിൽ 2012-ൽ പൈപ്പ് കമ്പോസ്റ്റും റിങ്‌ കമ്പോസ്റ്റും വീടുകളിലെത്തിക്കാൻ മുന്നിട്ടിറങ്ങി. ഉപയോഗശൂന്യമായി പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കി റീസൈക്ലിങ്‌ യൂണിറ്റുകളിലെത്തിക്കാനും നേതൃത്വം നൽകി.


ജീവകാരുണ്യപ്രവർത്തക കൂടിയായ രാജലക്ഷ്മി അഗതികൾക്കും ആരോരുമില്ലാത്ത വയോധികർക്കും രോഗികൾക്കുമൊക്കെ ആശ്വാസവും ആശ്രയവുമാണ്.


പുകവലിക്കെതിരെ ഇവർ അവതരിപ്പിക്കുന്ന സ്കിറ്റ് ഏറെ ശ്രദ്ധേയമാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി തെരുവുനാടകങ്ങൾ രചിക്കാനും അവതരിപ്പിക്കാനും നേതൃത്വം നൽകിവരുന്നു. എഴുത്തുകാരി കൂടിയാണ്. ഇവരുടെ പുസ്തകമാണ് ‘ആകസ്മികതയുടെ കൈയൊപ്പുകൾ’.


ഭർത്താവ് മാഹി ഫിഷറീസിലെ ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച മച്ചിങ്ങൽ പ്രകാശ് ഇവരുടെ പൊതുപ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിയിരുന്നു. സനൽ പ്രകാശ് (പുതുച്ചേരി), മിഥുൻ പ്രകാശ് (സൗദി) എന്നിവരാണ് മക്കൾ.

Post a Comment

Previous Post Next Post