സായാഹ്‌ന വാർത്തകൾ
🔳അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. അഫ്ഗാന്‍ പൗരന്മാരാണ് ഏഴുപേരും. ആയിരക്കണക്കിനുപേര്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കും തിരക്കും സംഘര്‍ഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്.
🔳222 ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ നാട്ടില്‍ എത്തിച്ചു. രണ്ടുവിമാനങ്ങളിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. രക്ഷാദൗത്യങ്ങള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
🔳അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികള്‍ മടങ്ങിയെത്തിയതായാണ് സൂചന. എന്നാല്‍ എല്ലാ മലയാളികളും മടങ്ങിയെത്തിയതായി ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറയുന്നത്. വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
🔳എനിക്ക് കരച്ചില്‍ വരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങള്‍കൊണ്ട് പടുത്തുയര്‍ത്തിയതെല്ലാം തീര്‍ന്നിരിക്കുന്നു. എല്ലാം ശൂന്യമായിരിക്കുന്നു.' അഫ്ഗാനിസ്താനിലെ സാഹചര്യത്തെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു നരേന്ദ്ര സിങ് ഖല്‍സയുടെ മറുപടി. അഫ്ഗാന്‍ സെനറ്ററാണ് ഖല്‍സ. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഖല്‍സ ഡല്‍ഹിയിലെത്തിയത്.
🔳അഫ്ഗാനിസ്താനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കയും ജര്‍മനിയും. കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാര്‍ക്ക് ഇരുരാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം.
🔳താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. താലിബാന്‍ ഇപ്പോള്‍ നടത്തിയ വാഗ്ദാനങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നും ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ചീഫ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.
🔳രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരി പ്രിയങ്കാഗാന്ധിക്ക് ഹൃദയംഗമമായ ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തൊരുക്കിയ പ്രത്യേക സമ്മാനമാണ് രാഹുല്‍ സഹോദരിക്കായി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നല്‍കിയത്. മൂന്ന് കാലങ്ങളിലെ ഫോട്ടോകള്‍ ചേര്‍ന്ന ഒരു ഫോട്ടോ കൊളാഷാണ് രാഹുല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ സഹോദരിയുടെ സ്‌നേഹത്തിനും ചങ്ങാത്തത്തിനും എന്റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഞങ്ങള്‍ ഇരുവരും സുഹൃത്തുക്കള്‍ മാത്രമല്ല പരസ്പരം സംരക്ഷകരും കൂടിയാണ്'- രാഹുല്‍ ചിത്രത്തോടൊപ്പം കുറിച്ചു. കൂടാതെ എല്ലാവര്‍ക്കും രാഹുല്‍ രക്ഷാബന്ധന്‍ ദിനാശംസയും നേര്‍ന്നിട്ടുണ്ട്.
🔳പതിനഞ്ച് രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ വ്യാജ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഈ നേതാക്കളെ ഇല്ലായ്മ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ., എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ക്കും ഡല്‍ഹി പോലീസിനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
🔳മനീഷ് സിസോദിയയുടെ ആരോപണങ്ങള്‍ തളളി ബിജെപി രംഗത്തെത്തി. ഉപമുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ ലഭിക്കുന്നതിനായി എഎപി കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഡല്‍ഹി ബിജെപി ഘടകം അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു.
🔳എല്ലാവരേയും പൂര്‍ണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. ജില്ല കോണ്‍ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിര്‍ദേശങ്ങള്‍ ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരന്‍ പറഞ്ഞു.
🔳ഡിസിസി അധ്യക്ഷന്‍മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന വിധത്തില്‍ ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വെറും നുണപ്രചരണവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.
🔳പ്ലസ്ടുവിന് നൂറില്‍ നൂറ് മാര്‍ക്ക് കിട്ടിയവര്‍ക്ക് പോലും ഇക്കുറി ബിരുദ പ്രവേശനം വെല്ലുവിളിയാകുന്നു. പ്ലസ്ടു മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടെങ്കിലേ ഇഷ്ടപ്പെട്ട കോളജുകളില്‍ ഇഷ്ടപ്പെട്ട കോഴ്സ് ഉറപ്പാക്കാനാകൂ. ഉദാരമായ പരീക്ഷ രീതിയില്‍ എ പ്ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെയാണ് ഈ പ്രതിസന്ധി.
🔳കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ്. കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം ഇന്ന് . ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുള്ള സംസ്ഥാനത്തെ ഏക എയര്‍പോര്‍ട്ടായി കൊച്ചി മാറും. ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. കൊച്ചി-ലണ്ടന്‍ വിമാനയാത്രയ്ക്ക് ഏകദേശം 10 മണിക്കൂര്‍ ദൈര്‍ഘ്യമാണുള്ളത്.
🔳കോവിഡ് വാക്‌സിനേഷനില്‍ സംശയമുന്നയിച്ച് വാക്സിനെതിരെ പ്രചാരണം നടത്തിയ അമേരിക്കന്‍ റേഡിയോ അവതാരകന്‍ ഫില്‍ വാലെന്റൈന്‍ കോവിഡ് ബാധിച്ച് മരിച്ചു. 61 വയസ്സായിരുന്നു. നാഷ്വില്‍ റേഡിയോയിലെ അവതാരകനായിരുന്നു. കോവിഡ് ബാധിച്ച് താന്‍ മരിക്കുകയാണെങ്കില്‍ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും അദ്ദേഹം തന്റെ ശ്രോതാക്കളോട് അഭ്യര്‍ഥിച്ചിരുന്നു.
🔳നാട്ടാനകളുടെ ക്ഷേമത്തിനായി ശ്രീലങ്കയില്‍ പുതിയ നിബന്ധനകള്‍ നിലവില്‍ വരുന്നു. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് ആനകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, ദിവസേനയുള്ള കുളി എന്നിവ നിര്‍ബന്ധമാക്കും. കൂടാതെ ജോലിസമയത്ത് പാപ്പാന്‍മാര്‍ മദ്യപിക്കുന്നത് കര്‍ശനമായി നിരോധിക്കും. വിശാലമായ പുതിയ മൃഗസംരക്ഷണ നിയമമനുസരിച്ചാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരുന്നത്.
🔳സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിട്ട് പാരിസിലെത്തിയ ലയണല്‍ മെസ്സിയുടെ പി.എസ്.ജി അരങ്ങേറ്റം അടുത്തയാഴ്ചയുണ്ടാകുമെന്ന് കോച്ച് മൗറീസിയോ പോച്ചെറ്റിനോ. റെയിംസിനെതിരേ ഓഗസ്റ്റ് 30-നാണ് പിഎസ്ജിയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ മെസ്സി ക്ലബ്ബിനായി അരങ്ങേറുമെന്നാണ് കോച്ച് പറയുന്നത്.
🔳ലയണല്‍ മെസ്സി ക്ലബ്ബ് വിട്ട ശേഷമുള്ള രണ്ടാം മത്സരത്തില്‍ തന്നെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് തിരിച്ചടി. ലാ ലിഗയില്‍ അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരായ മത്സരത്തില്‍ ടീം കഷ്ടിച്ച് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ബില്‍ബാവോയുടെ മൈതാനത്ത് നടന്ന മത്സരം 1-1ന് സമനിലയിലായി.
🔳ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തേയില കമ്പനിയും റിപ്പിള്‍ ടീ ബ്രാന്‍ഡിന്റെ ഉല്‍പ്പാദകരുമായ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് (കെഡിഎച്ച്പി) കമ്പനി പോയ വര്‍ഷം 25.62 കോടി രൂപ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 429.82 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനിക്കുണ്ടായത്. മുന്‍ വര്‍ഷത്തെക്കാള്‍ 19 ശതമാനം വര്‍ധനയാണ് കമ്പനിക്കുണ്ടായത്. ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ അസോസിയേറ്റ് കമ്പനിയാണ് കെഡിഎച്ച്പി. 28 ശതമാനം ഓഹരി വിഹിതമാണ് ടാറ്റയ്ക്ക് കമ്പനിയിലുളളത്. കമ്പനിയിലെ ജീവനക്കാരും കണ്ണന്‍ ദേവനില്‍ ഓഹരി ഉടമകളാണ്.
🔳ടെലികോം രംഗത്ത് അടിസ്ഥാന സൗകര്യം, നെറ്റ്വര്‍ക്ക് സര്‍വീസ്, സര്‍വീസ് ഡെലിവറി തുടങ്ങിയ മേഖലകളില്‍ പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ ടെലികോം റ?ഗുലേറ്ററി അതോറിറ്റി (ട്രായ്). ടെലികോം രംഗത്ത് ഏകീകൃത ലൈസന്‍സ് അനുവദിക്കുന്നതിന് പുറമേ ഓരോ മേഖലയിലും പ്രത്യേകം പ്രത്യേകം ലൈസന്‍സ് സംവിധാനവും നല്‍കാനാണ് ട്രായ് ശുപാര്‍ശ. ഈ വിഭാഗത്തിലേക്ക് എത്തുന്ന കമ്പനികള്‍ക്ക് നേരിട്ട് ഉപഭോക്താക്കള്‍ക്ക് കണക്ടിവിറ്റി നല്‍കാനാകില്ല.
🔳പത്തൊന്‍പതാം നൂറ്റാണ്ട് എന്ന പീരിഡ് സിനിമയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ വിനയന്‍. അനൂപ് മേനോന്റെ ക്യാരക്ടര്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. തിരുവതാംകൂര്‍ മഹാരാജാവായാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. പോസ്റ്റാറിനൊപ്പം ഒരു കുറിപ്പും വിനയന്‍ പങ്കുവെച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ഓറിയന്റഡ് ഫിലിം ആണങ്കില്‍ കൂടി ഈ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നുണ്ട്.
🔳മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നായകന്‍ ചിരഞ്ജീവിയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു ഗോഡ് ഫാദര്‍ എന്നാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന്റെ പേര്. തെലുങ്ക് റീമേക്കിന്റെ പ്രഖ്യാപനവും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താരയാണ് നായിക. സൂപ്പര്‍ഗുഡ് ഫിലിംസുമായി ചേര്‍ന്നാണ് നിര്‍മ്മാണം.
🔳ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണിന്റെ മിഡ്-സൈസ് എസ്യുവി ടൈഗൂണിന്റെ ബുക്കിംഗും നിര്‍മാണവും ഫോക്‌സ്വാഗണ്‍ തുടങ്ങി. പൂനെയിലെ ചകാന്‍ ആസ്ഥാനമായുള്ള പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മ്മാണം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കള്‍ക്ക് ഫോക്‌സ്വാഗണിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ അംഗീകൃത ഡീലര്‍ഷിപ്പിലൂടെയോ ടൈഗൂണ്‍ പ്രീ-ബുക്ക് ചെയ്യാമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്യുവിക്കായുള്ള ഡെലിവറിയും 2021 സെപ്റ്റംബറോടെ തുടങ്ങും. 10,000 രൂപ ടോക്കണ്‍ തുകയ്ക്ക് വാഹനത്തിനുള്ള ബുക്കിംഗ് ഡീലര്‍മാര്‍ തുടങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
🔳ബൈബിള്‍ ദര്ശനത്തിന്റെ ഭാവതലങ്ങളില്‍ പുതുവെളിച്ചം വിതറുന്ന ഹൃദയസംവാദങ്ങളായി രൂപപ്പെട്ട ബോബി ജോസ് കട്ടിക്കാടിന്റെ ഇരുപത്തിയഞ്ചു പ്രഭാഷണങ്ങളുടെ സമാഹാരം. കവിതയും ദര്‍ശനവും സംഗീതവും സമന്വയിക്കുന്ന ധ്യാനശൈലിയുടെ സൗന്ദര്യം ഈ പ്രഭാഷണങ്ങളുടെ സവിശേഷ മുദ്രയാണ്. 'താക്കോല്‍'. ആത്മ ബുക്സ്. വില 190 രൂപ.
🔳'സ്ട്രെസ്' അഥവാ മാനസിക പിരിമുറുക്കം ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് 'സ്ട്രെസ്' പലരുടെയും സന്തതസഹചാരിയായി മാറിയിട്ടുണ്ട്. ഇത്തരം സമ്മര്‍ദ്ദങ്ങളെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പച്ചക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ് ധാരാളം അടങ്ങിയ വെണ്ടയ്ക്ക മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുപോലെ തന്നെ ചീരയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മഗ്നീഷ്യത്തിന്റെ കലവറയായ ചീര സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. ഫാറ്റി ഫിഷ് ഗണത്തില്‍പ്പെടുന്ന മീനുകള്‍ (സാല്‍മണ്‍, ചാള തുടങ്ങിയ) ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ്സും ഒമേഗ-3യുമാണ് ഇതിന് സഹായിക്കുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതാണ് 'നട്സ്'. ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ ഇവ 'സ്‌ട്രെസ്' കുറയ്ക്കാന്‍ മികച്ചതാണ്. നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കും. തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്ന ഇവ സ്‌ട്രെസും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും.
Post a Comment