കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ തലശേരിയിലെ ആശുപത്രികളിൽ ഇടമില്ല
കോവിഡ് രോഗാവസ്ഥയെ ഇനിയും നിസ്സാരമാക്കി കളയുന്നവർ ശ്രദ്ധിക്കുക. തലശേരിയിലെയും കണ്ണൂരിലെയും ആശുപത്രികളിൽ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തലശേരിയിലെ പ്രമുഖ ആശുപത്രികളായ കൊടുവള്ളി സഹകരണ ആശുപത്രിയിലും, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവർക്ക് ബെഡ്ഡില്ല. പന്ന്യന്നൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗമായ കെ.ബിജു കുട്ടിയെ കിടത്തി ചികിത്സിക്കാൻ വേണ്ടി ഈ ആശുപത്രികളിൽ ബന്ധപ്പെട്ടപ്പോഴാണ് കോവിഡിൻ്റെ ഭീകരാവസ്ഥ മറ നീക്കി പുറത്തുവന്നത്. തലശേരിയിലെ ആശുപത്രികളിൽ സ്ഥലമില്ലാത്തതിനെ തുടർന്ന് മിംസ്, ബേബി തുടങ്ങിയ ആശുപത്രികളിൽ ബെഡ് ഒഴിവുള്ളമുറക്ക് രോഗികളെ അയക്കുകയാണ് ചെയ്യുന്നത്. ചികിത്സാ ചെലവാകട്ടെ സാധാരണ കുടുംബത്തിന് ഈ ഘട്ടത്തിൽ താങ്ങാനുമാവില്ല. ആദ്യഘട്ടത്തിൽ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാവട്ടെ അടച്ച് പൂട്ടുകയും ചെയ്തിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവർ വളരെ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ഇലക്ഷനും മറ്റുമായി തിരക്കിലമർന്ന ജനക്കൂട്ടം കോവിഡ് ഇരന്നു വാങ്ങിയ അവസ്ഥയിലായി. ജനിതകമാറ്റം സംഭവിച്ച കോവിഡാകട്ടെ രൗദ്ര ഭാവം പൂണ്ടിരിക്കുകയുമാണ്.

Post a Comment