അടിസ്ഥാനരഹിതമായ ദുരാരോപണം
2013 ലെ ഭക്ഷ്യ സുരക്ഷാ നിയമം പുതുച്ചേരിയിൽ നടപ്പിലാക്കിയത് 2015 ലാണ്.ഈ ആക്ടിന്റെ കീഴിൽ വരുന്ന ഗുണഭോക്താക്കളെ 2011-12 ൽ നേഷണൽ സോംപിൾ സർവ്വേ ഓഫീസ് നടത്തിയ ഹൗസ് ഹോൾഡ് സർവേയുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കേണ്ടതെന്ന് ആക്ടിൽ പ്രത്യേകം നിഷ്ക്കർഷിച്ചിട്ടുണ്ടു. അതുപ്രകാരം
2015 ൽ ഭക്ഷ്യ സുരക്ഷ നിയമത്തിൽ കീഴിലുള്ള ബി.പി. എൽ ഗുണഭോക്താക്കളായി പുതുച്ചേരിയിൽ 52.3% ഉം കാരയ്ക്കലിൽ 48.7% ഉം യാനത്ത് 71.5% ഉം ആയിരുന്നപ്പോൾ മാഹിയിലത് 2.6 % മാത്രമായിരുന്നു. ഇതര മേഖലകളിൽ നിന്നു വ്യത്യസ്തമായി മാഹിയിലെ ബി.പി.എൽ കുടുംബങ്ങളുടെ എണ്ണം തുലോം കുറഞ്ഞതിനെ തിരുത്താനോ പുന: സർവേ നടത്താനുള്ള നടപടി കൊള്ളാനോ എനിക്കു മുമ്പുള്ള ജനപ്രതിനിധി ശ്രമിച്ചിട്ടില്ല. സ്വന്തം പാർട്ടിയിൽ നിന്നു ഈ അപാകം തിരുത്തണമെന്ന അഭ്യർത്ഥന പോലും അദ്ദേഹം സ്വീകരിച്ചില്ല എന്നാണ് അറിയുന്നത്.
മറ്റു മേഖലകളുമായി വ്യത്യസ്തമായി അവിശ്വസനീയമായ നിരക്കിൽ നിർണ്ണയിക്കപ്പെട്ട ശുഷ്ക്കമായ ബി.പി.ആർ ഗുണ ഭോക്തൃ പട്ടിക തിരുത്തണമെന്നും അതു വഴി ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ദ്രാരിദ്ര്യ രേഖക്കു താഴെയുള്ളവർക്ക് ലഭിക്കേണ്ടുന്ന ആനുകുല്യങ്ങൾ കൂടുതൽ പേർക്കു ലഭ്യമാക്കാൻ അവസരമുണ്ടാക്കണമെന്നും നിയമസഭയിലും ബന്ധപ്പെട്ട അധികൃതർക്കു മുമ്പിലും ആവശ്യപ്പെട്ടത് 2016 ൽ ഞാൻ എം.എൽ.എ. ആയതിനു ശേഷം മാത്രമാണ്. ഇതിനെ തുടർന്നു 2017 ൽ ബി.പി.എൽ ഗുണഭോക്താക്കളുടെ എണ്ണം പുന:പരിശോധിക്കാൻ അംഗനവാടി ജീവനക്കാരെ ഉപയോഗിച്ചു ഒരു സർവ്വേ നടത്തി. സർവ്വേ പ്രകാരം കണ്ടെത്തിയ പുതിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് സോഷ്യൽ ഓഡിറ്റിങ്ങിന് വേണ്ടി 2017 ജൂൺ 3 മുതൽ 16 വരെ എല്ലാ റേഷൻ കടകളിലും പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. വിട്ടുപോയ വർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും 2017 ജൂൺ 10 മുതൽ 20 വരെ വീണ്ടുമൊരവസരവും കൂടി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട അന്തിമ ലിസ്റ്റിന്റെ സോഫ്റ്റ് കോപ്പി സൂക്ഷ്മ പരിശോധനയ്ക്കു ശേഷം പുതുച്ചേരി സിവിൽ സപ്ലൈസ് ഡയറക്ടർക്കു അയക്കുകയും ചെയ്തു.
എന്നാൽ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത രീതിയോടു വിവിധ രാഷ്ട്രീയ മേഖലകളിൽ നിന്ന് ഉയർന്നു വന്ന കടുത്ത എതിർപ്പിന്റെ അടിസ്ഥാനത്തിൽ ഈ ലിസ്റ്റ് വീണ്ടും സൂക്ഷ്മ നീരീക്ഷണത്തിനായി തിരിച്ചയക്കണമെന്ന് മാഹി റീജണൽ അഡ്മിനിസ്ടേറ്റർ ശ്രീ. മാണിക്ക ദീപൻ സിവിൽ സപ്ലൈസ് ഡയറക്ടറെ 2018 ഫെബ്രവരി 2 ന് രേഖാമുലം അറിയിച്ചു ( No.13/CS&CA/M/2015 dated.02.02.2018). ലിസ്റ്റ് തയ്യാറാക്കാൻ അവലംബിക്കേണ്ട അനുബന്ധ മാനദണ്ഡങ്ങൾ കൂടി അയച്ചു തരണമെന്നു മാഹി ആർ.എ. കത്തിൽ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.
ഗുണോ ഭോക്താക്കളെ തെരഞ്ഞെടുത്ത മാനദണ്ഡങ്ങളോടു കടുത്ത എതിർപ്പ് പ്രകടിപ്പിച്ചത് വിവിധ രാഷ്ട്രീയ പാർട്ടികളാണെന്നു ആർ.എ. പ്രത്യേകം കത്തിൽ പറഞ്ഞിട്ടുണ്ടു. വിവിധ പാർട്ടികൾ എന്നെയും പ്രശ്നത്തിന്റെ ഗൗരവം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റീജണൽ അഡ്മിനിസ്റ്റ്രേറ്ററെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി വേണ്ടത് ചെയ്യണമെന്നു മാത്രമാണ് ഞാൻ
ആവശ്യപ്പെട്ടത്.
എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ പുതിയ സർവ്വേ പ്രകാരമുള്ള ലിസിറ്റ് തിരിച്ചയക്കപ്പെട്ടതല്ലാതെ അത് തിരുത്താനുള്ള തുടർ നടപടികൾ ബന്ധപ്പെട്ട വകുപ്പു കൈക്കൊണ്ടില്ല. ഈ വീഴ്ചക്കു ഞാൻ ഉത്തരവാദിയല്ല. സ്വഭാവിക നടപടിക്രമമായ പുന:സർവ്വേ എന്തുകൊണ്ടുണ്ടായില്ല എന്നത് അനേഷിക്കേണ്ടതാണ്. ഞാനത് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടു. പുതുച്ചേരി, കാരയ്ക്കൽ യാനം മേഖലകളിൽ 2015 ലെ ഉണ്ടായിരുന്ന ഉയർന്ന നിരക്കല്ലാതെ പുതിയതായി ഒരു നിരക്കും ഉയർത്തിയിട്ടില്ല.
വത്സരാജിന്റെ കാലത്തുണ്ടായിരുന്ന ഉയർന്ന ബി.പി.എൽ ശതമാനം പുതുച്ചേരി, കാരയ്ക്കൽ, യാനം മേഖലകൾക്കു അനുഗ്രഹമായി. മുമ്പു മാഹിയിലിത് വളരെ കുറവായതു കൊണ്ടും ഒരു തിരുത്തൽ ശ്രമവും നടത്താത് കൊണ്ടും മാഹിക്കു വിനയാവുകയും ചെയ്തു.
രേഖാസാക്ഷ്യ
ങ്ങളുള്ള ഈ പ്രശ്നത്തെ രാഷ്ട്രീയമായ ദുരു പയോഗിക്കാനാണ് തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ ഈ. വത്സരാജും ഇപ്പോൾ കോണഗ്രസ് പ്രസിഡണ്ടും ശ്രമിച്ചത്.
എനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തുന്നവർ ഇതു സംബന്ധമായി അനന്തരനടപടികൾ കൈകൊള്ളാതിരുന്നത് അവരുടെ സർക്കാറും വകുപ്പുമാണെന്ന കാര്യം മറച്ചുവെക്കുന്നു. മാത്രമല്ല ആക്ട് നടപ്പിലാക്കുമ്പോഴുണ്ടായിരുന്ന ബി.പി.എൽ പട്ടിക പരിഷ്ക്കരിക്കാൻ നടപടി എടുക്കാത്ത സർക്കാറിന്റെ അലംഭാവത്തെ ഭക്ഷ്യ സുരക്ഷാ നിയമം ആകെ മാഹിയിൽ നടപ്പിലാക്കിയില്ല എന്ന തരത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വിവരദോഷമെന്നല്ലാതെ എന്തു പറയാൻ .ഭക്ഷ്യ സുരക്ഷ നിയമം എന്താണെന്നും അതിന്റെ ഗുണഭോക്തൃ ലിസ്റ്റ് എന്താണെന്നും വേർതിരിച്ചു മനസ്സിലാക്കാതെയുള്ള ഈ പ്രചരണം അടിസ്ഥാനരഹിതവും സത്യത്തിന്റെ കണിക പോലുമില്ലാത്തതാണ്. ഒരു ആക്ട് അട്ടിമറിക്കാൻ
ഒരു എം.എൽ.എ. വിചാരിച്ചാൽ സാധിക്കുമെന്ന മൗഢ്യം രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർ വെച്ചുപുലർത്തുന്നത് ഭൂഷണമല്ല.
ആക്ട് നടപ്പിലാക്കിയ വേളയിൽ മാഹിയിലെ ബി.പി.എൽ ഗുണഭോക്തൃ പട്ടിക തിരുത്താൻ കാണിക്കാത്ത ബോധപൂർവ്വമായ ശ്രമം ജനം തിരിച്ചറിഞ്ഞതിന്റെ ജാള്യത മറക്കാനാണ് എനിക്കെതിരെയുള്ള ഈ ആരോപണം എന്നു ഞാൻ കരുതുന്നു.
ഡോ.വി.രാമചന്ദ്രൻ ,എം.എൽ.എ.
മാഹി.

Post a Comment