കൊവിഡ് പ്രോട്ടോകാൾ ലംഘനം : അടിയന്തര നടപടി വേണം
മാഹി : കൊവിഡ് പ്രോട്ടോകോൾ തീർത്തും മറന്നുള്ള സമീപനങ്ങളാണ് ചിലർ സ്വീകരിക്കുന്നതെന്നും , മഹാമാരിയുടെ വ്യാപ്തി അറിയുന്നവർ തന്നെ അതിന്റെ ലംഘകരായി മാറുന്നത് കർശനമായി തടയണമെന്നും ജനശബ്ദം ഭാരവാഹികൾ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റരെ നേരിൽ കണ്ട് ആവശ്യപ്പെട്ടു . മാഹിയിലെ ആരോഗ്യ മേഖലയെ സുസജ്ജമാക്കാൻ യുദ്ധ കാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും ജനശബ്ദം മാഹി ആർ.എ യോട് അഭ്യർത്ഥിച്ചു . പള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷന് എത്തുന്നവർക്ക് പ്രോട്ടോകാൾ പാലിക്കാൻ സൗകര്യങ്ങളില്ല . തൊട്ടടുത്ത പള്ളൂർ വി.എൻ.പി.ഹയർ സെക്കന്ററി സ്കൂളിൽ ഇതിന് സൗകര്യമൊരുക്കുന്നത് അഭികാമ്യമായിരിക്കും . മാഹി ഗവ : ജനറൽ ആശുപത്രിക്ക് ലഭിച്ച നാല് ഐ.സി.യു.ബെഡുകളിൽ രണ്ടെണ്ണം മാത്രമേ പ്രവർത്തനക്ഷമമാക്കാൻ സാധിച്ചിട്ടുള്ളൂ . വീടുകളിൽ ഒതുങ്ങിക്കഴിയുന്നവർക്ക് മരുന്നും , പലവ്യഞ്ജനങ്ങളുമെത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തണമെന്നും , തൊട്ടടുത്ത കേരളത്തിലെ പഞ്ചായത്തുകളിൽ അനുവർത്തിക്കുന്ന കൊവിഡ് നിയന്ത്രണ പ്രതിരോധ നടപടികൾ മാഹിയിലും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു . പ്രസിഡന്റ് ചാലക്കര പുരുഷു , ജനറൽ സെക്രട്ടറി ഇ.കെ. റഫീഖ് , വൈസ്പ്രസിഡന്റ് സജിത് നാരായണൻ , സെക്രട്ടറി ജസീമ മുസ്തഫ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്

Post a Comment