വിജയിച്ചാൽ ഒരു കോടി രൂപയും, മൂന്ന് നില വീടും, ഹെലികോപ്റ്ററും ! ഈ സ്ഥാനാർത്ഥിയുടെ വാഗ്ദാനങ്ങൾ അൽപം വിചിത്രമാണ്
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നാടിന് വേണ്ടി ചെയ്യുന്നതെന്തെല്ലാമാണെന്ന നെടുനീളൻ പട്ടികയാണ് ഓരോ പാർട്ടിയുടേയും പ്രകടന പത്രിക. പെൻഷൻ ഉയർത്തുക, വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് തുടങ്ങിയ കാര്യങ്ങളാണ് സാധാരണ ഗതിയിൽ ഈ പ്രകടനപത്രികയിൽ ഇടംനേടുന്നത്. എന്നാൽ വോട്ട് ചെയ്ത് ജയിപ്പിച്ചാൽ മൂന്ന് നില വീടും, പ്രതിവർഷം ഒരു കോടി രൂപയും വാഗ്ദാനം ചെയ്താലോ ? ലിസ്റ്റ് തീർന്നില്ല…ഒരു മിനി ഹെലികോപ്റ്റർ, വിവാഹാവശ്യത്തിന് സ്വർണം, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാൻ റോബോട്ട്, ഓരോ കുടുംബത്തിനും ബോട്ട്, മണ്ഡലത്തിലെ ചൂട് കുറയ്ക്കാൻ 300 അടിയുള്ള കൃത്രിമ മഞ്ഞുമല, റോക്കറ്റ് ലോഞ്ച് പാഡ്, ബഹിരാകാശ നിലയം…ഇങ്ങനെ പോകുന്നു പട്ടിക..!
തമിഴ് നാട്ടിലെ സ്വതന്ത്ര സ്ഥാനാർത്ഥി തുലാം ശരവണന്റേതാണ് ഈ പ്രകടന പത്രിക. പ്രകടന പത്രിക കണ്ട പലരും ഞെട്ടിയെന്ന് ഉറപ്പ്. എന്നാൽ ഒരിക്കലും നടപ്പാവാത്ത ഈ പ്രകടനപത്രികയ്ക്ക് പിന്നിൽ ഒരു സദുദ്ദേശമുണ്ട്. സ്ഥാനാർത്ഥികളുടെ വാഗ്ദാനം കണ്ട് വോട്ട് ചെയ്യാതെ നേതൃഗുണവും നിലപാടും കണ്ട് വേണം വോട്ട് ചെയ്യാൻ എന്ന ഗുണപാഠമാണ് ഈ വേറിട്ട പ്രകടനപത്രിക മുന്നോട്ട് വയ്ക്കുന്നതിലൂടെ തുലാം ശരവണൻ മുന്നോട്ടുവയ്ക്കുന്നത്.

Post a Comment