*പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടി*
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി 2021 ജൂൺ 30 വരെ നീട്ടി. സമയപരിധി മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സമയം നീട്ടിനൽകിയത്.
ആദ്യം പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ആധാർ-പാൻ ലിങ്ക് ചെയ്യാതെ ഐടി റിട്ടേൺസ് ഫയൽ ചെയ്യാൻ സാധിക്കുമെങ്കിലും റിട്ടേൺ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്.
ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ അസാധുവാകും.
ഈ സാഹചര്യത്തിൽ ഒരൽപ സമയവും ശ്രദ്ധയും മാറ്റിവെച്ചാൽ നിങ്ങൾക്ക് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം. ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ പാൻ, ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ആധാർ പ്രൂഫായി നൽകി പാൻ കാർഡ് എടുത്ത പലരും, തങ്ങളുടെ കൈവശമുള്ള ഇരുകാർഡുകളും തമ്മിൽ സ്വമേധയാ ബന്ധിച്ചിട്ടുണ്ടെന്ന തെറ്റായ ധാരണ പുലർത്താറുണ്ട്. ഏതായാലും ലളിതമായ പരിശോധനയിലൂടെ ഇക്കാര്യത്തിലുള്ള സംശയങ്ങൾ ദൂരീകരിക്കാനും കാർഡുകൾ ബന്ധിപ്പിക്കാനും കഴിയും.
*എങ്ങനെ പരിശോധിക്കാം👇*
ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽ (incometaxindiaefiling.gov.in) വഴിയാണ് പരിശോധിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യേണ്ടത്. സൈറ്റിൽ പോയതിനു ശേഷം ഇടതുവശത്ത് നാലാമതായി കൊടുത്തിരിക്കുന്ന Link Aadhaar എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ തുറന്നുവരുന്ന പേജിന്റെ മുകൾ ഭാഗത്തുള്ള Click Here എന്ന ലിങ്കിൽ പോയി നിങ്ങളുടെ ആധാർ, പാൻ നമ്പറുകൾ എന്റർ ചെയ്യുകയും View Link Aadhaar Status എന്ന ബട്ടൺ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
കാർഡുകൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ പച്ച നിറത്തിലുള്ള ഒരു സന്ദേശം ലഭിക്കും.
*എങ്ങനെ ബന്ധിപ്പിക്കാം*
ഇനി, പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന സന്ദേശമാണ് ലഭിക്കുന്നതെങ്കിൽ മുകളിൽ പറഞ്ഞ Link Aadhaar ആണ് ഉപയോഗിക്കേണ്ടത്. അതിൽ ആവശ്യപ്പെട്ടതു പ്രകാരം പാൻ നമ്പർ, ആധാർ നമ്പർ, ആധാറിൽ നൽകിയിരിക്കുന്ന പേര് എന്നിവ നൽകുക.
ആധാറിൽ ജന്മദിനത്തിനു പകരം ജന്മവർഷം മാത്രമാണുള്ളതെങ്കിൽ അതുമായി ബന്ധപ്പെട്ടുള്ള കോളം ടിക്ക് ചെയ്യാൻ മറക്കരുത്. തുടർന്ന് ഇമേജ് ക്യാപ്ചയിൽ ഉള്ള അക്ഷരങ്ങൾ തൊട്ടുതാഴെയുള്ള ബോക്സിൽ എന്റർ ചെയ്ത് താഴെയുള്ള Link Aadaar എന്ന ബട്ടൺ അമർത്തുക. ക്യാപ്ച വായിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഒ.ടി.പി ആവശ്യപ്പെടാനുള്ള ഓപ്ഷനുമുണ്ട്. അത് ഉപയോഗിക്കുന്നവർ മൊബൈലിൽ വരുന്ന ഒ.ടി.പിയാണ് നൽകേണ്ടത്.
ശരിയായ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ അക്കാര്യം സൂചിപ്പിക്കുന്ന ഇളംപച്ച പശ്ചാത്തലമുള്ള സന്ദേശം സ്ക്രീനിൽ തെളിയും. കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ മിനുട്ടുകൾക്കുള്ളിൽ തന്നെ പാൻ ആധാറുമായി ബന്ധിച്ചിട്ടുണ്ടാകും.

Post a Comment