🔳നിയമവിരുദ്ധ, ദേശ വിരുദ്ധ ഉള്ളടക്കങ്ങള്‍ കണ്ടെത്താന്‍ പൊതുജനങ്ങളെ പങ്കാളികളാക്കുന്ന പദ്ധതി ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ ക്രൈം സെല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ചൈല്‍ഡ് പോണോഗ്രഫി, ലൈംഗിക പീഡനം, ഭീകരവാദം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദം തുടങ്ങിയ ഉള്ളടക്കങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന് സാധാരണ പൗരന്മാരെ പങ്കാളികളാക്കുന്ന പദ്ധതിയാണിതെന്ന് റിപ്പോര്‍ട്ട്.
🔳സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളെ ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യിപ്പിക്കാനുള്ള വ്യവസ്ഥ അനുവദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ കോഡ്. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്ന പിരിധിയില്‍ മൂന്ന് വ്യവസ്ഥകള്‍ സ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ദിവസം 12 മണിക്കൂറോടെ ആഴ്ചയില്‍ നാല് ദിവസം ജോലി, 10 മണിക്കൂറോളം വച്ച് ആഴ്ചയില്‍ അഞ്ച് ദിവസം, എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറ് ദിവസം ജോലി. ഈ മൂന്ന് രീതികളിലൊന്ന് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു.
🔳രാജ്യത്ത് കോവിഡ് വ്യാപനം ദുര്‍ബലമാകുന്നുവെന്ന് വിലയിരുത്തല്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്തെ പതിനഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍.
🔳കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കോ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ ഗുണഭോക്താവിന് പൂര്‍ണമായും സ്വന്തം ഇഷ്ടപ്രകാരം സ്വീകരിക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ.
🔳ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനെകയും ചേര്‍ന്നു വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്കയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വാക്‌സിനേഷനായി ഒരു കോടി ഡോസുകള്‍ കൂടി ഇന്ത്യ ഓഡര്‍ ചെയ്തു. ദക്ഷിണാഫ്രിക്ക വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരേ കുറഞ്ഞ സംരക്ഷണമാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്ക ഇതിന്റെ ഉപയോഗത്തില്‍ കുറവ് വരുത്തിയിരുന്നു.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയില്‍ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. തിരിഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.
🔳പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളും രൂക്ഷ വിമര്‍ശനങ്ങളുമായി മന്ത്രി കെ.ടി.ജലീല്‍. കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലൈവരായ ചെന്നിത്തല മകന് ഐഎഎസ് കിട്ടാന്‍ വഴിവിട്ട കളികള്‍ നടത്തിയെന്നും മന്ത്രി ആരോപിച്ചു.
🔳നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയേയും മുന്നണിയേയും സജ്ജമാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 21-ന് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിജയ് യാത്ര എന്ന് പേരിട്ട പ്രചാരണയാത്ര ഉദ്ഘാടനം ചെയ്യുക. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന വിജയ് യാത്രയുടെ സമാപനചടങ്ങില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും
🔳കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് ആവേശം മാത്രമേയുള്ളൂവെന്ന് വിമര്‍ശനവുമായി ബിജെപിയിലെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍. അനായാസം ജയിക്കാമെന്ന മുന്‍വിധിയുമായി മുന്നോട്ടു പോയാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഫലം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.
🔳കേരളത്തില്‍ ഇന്നലെ 69,844 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3902 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,131 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74.
🔳സംസ്ഥാനത്ത് ഇന്നലെ 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്‌പോട്ടുകള്‍.
🔳സംസ്ഥാനത്തെ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ബുധനാഴ്ച നടത്താനിരിക്കുന്ന സൂചനാ പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. അനധികൃതമായി ജോലിക്ക് ഹാജകാതാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
🔳ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും കോപ്പിയടി വിവാദവും കൊവിഡും മൂലം നിയമനം നടന്നില്ലെന്നാണ് കാലാവധി അവസാനിച്ച സിപിഒ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പരാതി. ഉദ്യോഗാര്‍ത്ഥികളില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മറ്റുള്ളവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
🔳താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ നാടാകെ പ്രതിഷേധം കനക്കുമ്പോഴും മന്ത്രിസഭയുടെ പരിഗണനയ്ക്കു കാത്തിരിക്കുന്നത് ഒട്ടേറെ സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശകളെന്ന് റിപ്പോര്‍ട്ടുകള്‍. പി.എസ്.സി.ക്ക് നിയമനച്ചുമതല കൈമാറിയ സ്ഥാപനങ്ങള്‍ മുതല്‍ പൊതുമേഖലാസ്ഥാപനങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്
🔳മങ്കട വേരുംപിലാക്കലില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുഡ്‌സ് ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്.
അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
🔳 മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവയ്ക്കാന്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പണം കെട്ടിവച്ചില്ലങ്കില്‍ റവന്യു റിക്കവറിക്ക് ഉത്തരവിടും എന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
🔳ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളേയും വിമര്‍ശിച്ച് എന്‍.എസ്.എസ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ വിശ്വാസികളെ സ്വാധീനിക്കുവാന്‍ വേണ്ടി പുതിയ വാദഗതികളുമായി രാഷ്ട്രീയകക്ഷികള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും എന്‍.എസ്.എസ്. കേന്ദ്രഭരണം കയ്യിലിരിക്കെ, ബി.ജെ.പി.ക്ക് ഒരു നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമായിരുന്നില്ലേ ഇതെന്നും പ്രതിപക്ഷത്തിരിക്കുമ്പോള്‍തന്നെ വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി യു.ഡി.എഫിന് നിയമസഭയില്‍ ഒരു ബില്‍ അവതരിപ്പിക്കാമായിരുന്നില്ലേയെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ചോദിച്ചു.
🔳സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 1500 ല്‍ നിന്ന് 1700 ആയി വര്‍ധിപ്പിച്ചു. 1500 രൂപക്ക് പരിശോധന പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശമനുസരിച്ചാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്.
🔳ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും ഹൈക്കോടതിയെ അറിയിച്ചു.
🔳ആന്ധ്രാപ്രദ്ദേശിലെ നക്‌സല്‍ ബാധിത പ്രദേശത്തു നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തിയ സംഘത്തിലെ പ്രധാനിയെ എറണകുളം റൂറല്‍ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദീനെ(39)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 10,510 കോവിഡ് രോഗികള്‍ മാത്രം. ഇതില്‍ 5,214 കോവിഡ് രോഗികളും കേരളത്തില്‍. മരണം 85. ഇതോടെ ആകെ മരണം 1,55,280 ആയി. ഇതുവരെ 1,08,58,300 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.38 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ 2,515 പേര്‍ക്കും ഡല്‍ഹിയില്‍ 100 പേര്‍ക്കും തമിഴ്നാട്ടില്‍ 469 പേര്‍ക്കും കര്‍ണാടകയില്‍ 366 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 70 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 3,64,608 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 84,944 പേര്‍ക്കും ബ്രസീലില്‍ 51,733 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.73 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.56 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 12,512 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2830 പേരും ബ്രസീലില്‍ 1340 പേരും ഇംഗ്ലണ്ടില്‍1052 പേരും സ്പെയിനില്‍ 766 പേരും ജര്‍മനിയില്‍ 674 പേരും റഷ്യയില്‍ 530 പേരും മെക്സിക്കോയില്‍ 531 പേരും ഫ്രാന്‍സില്‍ 508 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 23.48 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳അറബ് ലോകത്തുനിന്നുള്ള ആദ്യ ചൊവ്വ ദൗത്യം വിജയം. യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി.
ചൊവ്വയിലെ ജലത്തിന്റെയും പൊടിയുടെയും സാന്നിധ്യം സംബന്ധിച്ച പഠനങ്ങള്‍ ഹോപ്പ് പ്രോബ് നടത്തും. 2120 ല്‍ ചൊവ്വയില്‍ മനുഷ്യവാസത്തിനായി കോളനി സ്ഥാപിക്കാനുള്ള ബൃഹത് പദ്ധതി യുഎഇക്കുണ്ട്.
🔳യു.എസിലെ ഫ്‌ളോറിഡയില്‍ ജലവിതരണ ശൃംഖലയില്‍ അട്ടിമറിശ്രമം നടന്നതായി അധികൃതരുടെ സ്ഥിരീകരണം. ഓള്‍ഡ്‌സ്മാറിലെ കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലുള്ള ജല ശുദ്ധീകരണ സംവിധാനം ഹാക്ക് ചെയ്താണ് അട്ടിമറി നടത്താന്‍ ശ്രമിച്ചത്. കമ്പ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വെള്ളത്തിന്റെ അസിഡിറ്റി നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രോക്‌സൈഡിന്റെ അളവ് കൂട്ടുകയായിരുന്നു. കൃത്യസമയത്ത് പ്ലാന്റ് ഓപ്പറേറ്റര്‍ ഇടപെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
🔳 Jഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയ്ക്ക് തിരിച്ചടി. ജോ റൂട്ടിനും സംഘത്തിനുമെതിരേ 227 റണ്‍സിനാണ് ഇന്ത്യന്‍ ടീം തോറ്റത്. തോല്‍വിയോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാമതെത്തുകയും ചെയ്തു.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരുവിനെതിരേ ഉജ്ജ്വല വിജയം നേടി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി എ.ടി.കെ മോഹന്‍ ബഗാന്‍. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ ബെംഗളൂരുവിനെ തകര്‍ത്തത്. മോഹന്‍ ബഗാന്‍ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്. സൂപ്പര്‍ താരം റോയ് കൃഷ്ണയും ഒഡിഷയില്‍ നിനിന്നും മോഹന്‍ ബഗാനിലെത്തിയ മാര്‍സലീന്യോയും ടീമിനായി ഗോളുകള്‍ നേടി. മാര്‍സലീന്യോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
🔳മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 28 ശതമാനം വര്‍ധിച്ച് 55,800 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 43,436 കോടി രൂപയായിരുന്നു. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 20 ശതമാനം വര്‍ധിച്ച് 2,795 കോടി രൂപയിലും എത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 2,333 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 24 ശതമാനം വര്‍ധിച്ച് 2,726 കോടി രൂപയിലെത്തിയിട്ടുണ്ട്.
🔳വ്യാപാര രംഗത്ത് ഇരുന്നൂറിന്റെ തിളക്കത്തില്‍ ലുലു ഗ്രൂപ്പ്. പ്രവാസി മലയാളിയായ എം.എം യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഈജിപ്തിലെ കെയ്റോയിലാണ് 200 -ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. ഈജിപ്തിലെ മൂന്നാമത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് 8,700 സ്‌ക്വയര്‍ ഫീറ്റിലാണ് ഒരുക്കിയിട്ടുള്ളത്.
165 ദശലക്ഷം ഈജിപ്ത്യന്‍ പൗണ്ട് നിക്ഷേപത്തില്‍ ആരംഭിച്ച ഈ ഹൈപ്പര്‍മാര്‍ക്കറ്റ് ആഗോളതലത്തില്‍ ലുലു ഗ്രൂപ്പിന്റെ സുപ്രധാന നേട്ടമായി അടയാളപ്പെടുത്തുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈജിപ്തില്‍ 11 ഹൈപ്പര്‍മാര്‍ക്കറ്റുകളും നാല് മിനി മാര്‍ക്കറ്റുകളും തുറക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
🔳പാര്‍വതി തിരുവോത്തിനെ നായികയാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വര്‍ത്തമാനം’ മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്. ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുള്‍ റഹമാനെ കുറിച്ച് ഗവേഷണം നടത്തുവാനായി എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് വര്‍ത്തമാനം റിലീസിന് ഒരുങ്ങുന്നത്.
🔳തൊഴിലിടങ്ങളില്‍ കുഞ്ഞിനെ മുലയൂട്ടുന്നതിന് അമ്മമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പൊതുഇടങ്ങള്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് സൗഹൃദപരമാകേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്ന ഡീറ്റോക്സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയും ബെംഗളൂരുവില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറുമായ മങ്ങാട്ടില്ലത്ത് അനൂപ് നാരായണനാണ് ഐ.ടി. മേഖലയെ തന്നെ പശ്ചാത്തലമാക്കിയുള്ള ഈ ഹ്രസ്വചിത്രം എഴുതി, സംവിധാനം ചെയ്തിരിക്കുന്നത്. യൂട്യൂബിലൂടെ പുറത്തിറക്കിയ വീഡിയോ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം ആളുകളാണ് കണ്ടത്.
🔳പുതിയ 2021 മോഡല്‍ ടൊയോട്ട ഹിലക്‌സ് പിക്കപ്പിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. യൂറോപ്യന്‍ വിപണിയിലാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചത്. പുതിയ ടൊയോട്ട എടി35 മോഡല്‍ ഇന്‍വിന്‍സിബിള്‍ എക്സ് വേരിയന്റില്‍ ലഭ്യമായ 2.8 ലിറ്റര്‍ ഡബിള്‍ ക്യാബ് മോഡലാണ്. ഓഫ്-റോഡ് മികവ് വര്‍ധിപ്പിക്കുന്നതിന് ഹിലക്‌സ് നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പരിസ്ഥിതിവാദികള്‍ നല്‍കുന്ന മുന്നറിയിപ്പുകളൊന്നും പല രാജ്യങ്ങളിലെയും സര്‍ക്കാരുകളും വ്യവസായ ലോകവും പലപ്പോഴും കേട്ടെന്നു നടിക്കാറില്ല. മഞ്ഞുരുകുന്നതും കടല്‍നിരപ്പ് കൂടുന്നതും ആവാസ വ്യവസ്ഥകള്‍ക്കു മാറ്റമുണ്ടാകുന്നതും ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനം മൂലം നമ്മെ കാത്തിരിക്കുന്ന പല ദുരന്തങ്ങളുമുണ്ട്. എന്നാല്‍ ഇന്ന് ലോകത്തെത്തന്നെ തകിടം മറിച്ച കോവിഡ്-19 മഹാമാരി പോലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു ഉപോത്പന്നമായിരിക്കാം എന്ന് പുതുതായി പുറത്തു വന്ന ഒരു ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു. കോവിഡ് മാത്രമല്ല 2002-03 കാലഘട്ടത്തിലുണ്ടായ സാര്‍സ് മഹാമാരിയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കാരണമാകാമെന്ന് സയന്‍സ് ഓഫ് ദ് ടോട്ടല്‍ എന്‍വയണ്‍മെന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ഹരിതഗൃഹ വാതകങ്ങള്‍ രോഗാണുവാഹകരായ വവ്വാല്‍ ഇനങ്ങളുടെ വ്യാപനത്തെ വ്യത്യാസപ്പെടുത്തിയിട്ടുണ്ടാകാമെന്ന് ഗവേഷണ റിപ്പോര്‍ട്ട് അനുമാനിക്കുന്നു. ദക്ഷിണ യുനാന്‍ പ്രവിശ്യയിലും സമീപത്തെ മ്യാന്‍മര്‍, ലാവോസ് പ്രദേശങ്ങളിലും വവ്വാല്‍ ഇനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാലാവസ്ഥാ വ്യതിയാനം വഴിവച്ചതായി പഠനറിപ്പോര്‍ട്ട് പറയുന്നു. ഇത് വവ്വാല്‍ ജന്യ വൈറസുകളായ സാര്‍സ് കോവ്-1, സാര്‍സ് കോവ്-2 വൈറസുകളുടെ ഉത്ഭവത്തെയും സ്വാധീനിച്ചിട്ടുണ്ടാകാം. ഒരു പ്രദേശത്തെ കൊറോണ വൈറസ് കുടുംബങ്ങളുടെ എണ്ണം അവിടുത്തെ പ്രാദേശിക വവ്വാല്‍ ഇനങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. വവ്വാല്‍ ഇനങ്ങളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ കൊറോണ വൈറസ് ഇനങ്ങളും അവിടെയുണ്ടാകും. എന്നാല്‍ പഠനത്തിലെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാന്‍ സസ്യജാലങ്ങളിലും ജീവി വര്‍ഗങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെ ബദല്‍ മാതൃകകള്‍ ഉപയോഗിച്ച് വിലയിരുത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. കേംബ്രിജ് സര്‍വകലാശാലയില്‍നിന്നുള്ളവര്‍ അടക്കമുള്ള ഗവേഷകരാണ് പഠനത്തില്‍ പങ്കെടുത്തത്.
Post a Comment