⬛ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍. അടുത്ത ചര്‍ച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാന്‍ കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സമരം അവസാനിപ്പിക്കാനും ചര്‍ച്ച തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷക സംഘടനകളോട് അഭ്യര്‍ഥിച്ചതിന് പിന്നാലെയാണിത്.
രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കര്‍ഷക സംഘടനകള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തി. അതിനാല്‍ സമര ജീവിയെന്നതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യസഭാ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നിയമങ്ങളെക്കുറിച്ചുള്ള കര്‍ഷകരുടെയും ബിരുദധാരികളുടെയും ശാസ്ത്രജ്ഞരുടെയും ആശങ്കകള്‍ പ്രധാനമന്ത്രി നിരസിച്ചു. ആര്‍ക്കും ഒന്നുമറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നമ്മളെല്ലാം വിഡ്ഢികളാണോ എന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ചോദിച്ചു.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ താരങ്ങള്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നടത്തിയതെന്ന് അന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യാന്‍ സച്ചിന് ഉള്‍പ്പെടെയുള്ള താരങ്ങളില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സച്ചിന് സാവന്ത് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
അമേരിക്കയിലെ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേകി പരസ്യം. ടിവി ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം തത്സമയ മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്തത്. രണ്ട് മാസത്തിലേറെയായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്തിണക്കിയാണ് പരസ്യം തയ്യാറാക്കിയിട്ടുള്ളത്. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം നല്‍കുന്നതിന്റെ ഭാഗമായി പ്രവാസ സിഖ് സമൂഹമാണ് വന്‍തുക മുടക്കി പരസ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് 5 മുതല്‍ 6 മില്യണ്‍ ഡോളര്‍ (ഏകദേശം 36 മുതല്‍ 44 കോടി രൂപ വരെ) ചാനല്‍ ഈടാക്കുന്നുണ്ടെന്നാണ് സൂചന.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 202 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍. 19 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. തപോവന്‍ ടണലില്‍ 121 പേര് കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. 32 പേരെ ഇതുവരെ രക്ഷപ്പെടുത്തി.
രാജ്യത്ത് ഇതുവരെ 60,35,660 പേര് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി. 54,12,270 ആരോഗ്യപ്രവര്‍ത്തകരും 6,23,390 മുന്‍നിര പ്രവര്‍ത്തകരും വാക്സിന് സ്വീകരിച്ചതായും വാക്സിന് സ്വീകരിച്ചവരില്‍ ആര്‍ക്കും ഒരു തരത്തിലുമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മനോഹര്‍ അഗ്നാനി വ്യക്തമാക്കി.
കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടാരക്കരയില്‍ കെ.എസ്.ആര്.ടി.സി. ബസ് മോഷണം പോയ സംഭവത്തില്‍ പോലീസിന് ഇതുവരെ പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ലെന്ന വാര്‍ത്ത ഉദ്ധരിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയുടെ ബാഗുകള്‍ പരിശോധിക്കുന്നതില്‍ തര്‍ക്കം. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ബാഗുകള്‍ പരിശോധിക്കാനുള്ള നീക്കത്തെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തെങ്കിലും കസ്റ്റംസ് പിന്‍വാങ്ങിയില്ല. പരിശോധനയ്ക്കെതിരേ എതിര്‍പ്പുയരാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണ് കസ്റ്റംസ് പരിശോധന ആരംഭിച്ചത്.
പാവറട്ടി കസ്റ്റഡിമരണ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2019 ഒക്ടോബര്‍ ഒന്നിനാണ് എക്സൈസ് കസ്റ്റഡിയിലെടുത്ത തിരൂര്‍ സ്വദേശി രഞ്ജിത് കുമാറിനെ എക്സൈസ് സംഘം അന്യായമായി തടങ്കലില്‍വെച്ച് ഒന്നേകാല്‍ മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
കേരളത്തില്‍ ഇന്നലെ 47,927 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3742 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3883 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 264 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,414 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36.
സംസ്ഥാനത്ത് ഇന്നലെ 7 പുതിയ ഹോട്ട് സ്പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്പോട്ടുകള്‍.
കെ.എസ്.ആര്.ടി.സിയിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു.
വര്‍ത്തമാനം സിനിമയ്ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി. സന്ദീപ് കുമാറിന്റെ പരസ്യപ്രസ്താവനയില്‍ പ്രതികരണവുമായി നടി പാര്‍വതി. കലാകാരന്മാരെ ഭയപ്പെടുത്തി ഇഷ്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും രാഷ്ട്രീയ തന്ത്രമാണെന്നും സിനിമ ദേശവിരുദ്ധമാണോ എന്നത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും പാര്‍വതി. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ സിനിമാമേഖലയില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും ഇതില്‍ അത്ഭുതമില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
എന്റെ കട സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറാണ് പിടിയിലായത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35 പേരില്‍ നിന്ന് 30 കോടിയോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
രാഹുല്‍ ഗാന്ധി തന്നെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് തെലങ്കാന കോണ്‍ഗ്രസ് ഘടകം. തെലങ്കാനയിലെ 33 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കുകയും ചെയ്തു.
രാജസ്ഥാനിലെ 90 നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. 37 നഗരസഭകളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. അതേസമയം കഴിഞ്ഞ തവണ 90 നഗരസഭകളില്‍ 60 ഇടത്തും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്.
ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 8,689 കോവിഡ് രോഗികള്‍ മാത്രം. ഇതില്‍ 3,742 കോവിഡ് രോഗികളും കേരളത്തില്‍. മരണം 77. ഇതോടെ ആകെ മരണം 1,55,195 ആയി. ഇതുവരെ 1,08,37,790 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.41 ലക്ഷം കോവിഡ് രോഗികള്‍.
മഹാരാഷ്ട്രയില്‍ 2,216 പേര്‍ക്കും ഡല്‍ഹിയില്‍ 125 പേര്‍ക്കും തമിഴ്നാട്ടില്‍ 464 പേര്‍ക്കും കര്‍ണാടകയില്‍ 328 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 62 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ആഗോളതലത്തിലും കോവിഡ് വ്യാപനത്തില്‍ കുറവ്. ഇന്നലെ 2,93,859 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 77,142 പേര്‍ക്കും ബ്രസീലില്‍ 23,439 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.69 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.56 കോടി കോവിഡ് രോഗികള്‍.
ആഗോളതലത്തില്‍ 7,532 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,359 പേരും ബ്രസീലില്‍ 609 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 23.34 ലക്ഷം മരണം സ്ഥിരീകരിച്ചു.
സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളുവെന്നും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുബായ്, അബുദാബി വഴിയുള്ള സൗദി, കുവൈത്ത് യാത്ര താല്‍ക്കാലികമായി സാധ്യമല്ലെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കുകയും അപ്രതീക്ഷിതമായ ആവശ്യങ്ങള്‍ക്ക് കൂടിയുള്ള വസ്തുക്കളും പണവും കരുതുകയും ചെയ്യണമെന്നും എംബസി വ്യക്തമാക്കുന്നു.
ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളില്‍ മുംബൈ സിറ്റിക്കെതിരേ സമനില പിടിച്ച് എഫ്.സി ഗോവ. ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടിയ മത്സരത്തില്‍ ഇഷാന് പണ്ഡിതയാണ് ഗോവയുടെ സമനില ഗോള്‍ നേടിയത്. 34 പോയന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 23 പോയന്റോടെ ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയിക്കാന്‍ 381 റണ്‍സ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ശുഭ്മാന്‍ ഗിലും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 178 റണ്‍സില്‍ അവസാനിച്ചിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ആര്. അശ്വിനാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്.
അദാനി എന്റര്‍പ്രൈസസിന്റെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് മുംബൈ വിമാനത്താവളത്തിന്റെ 23.5 ശതമാനം ഓഹരി വിഹിതം കൂടി സ്വന്തമാക്കി. ഇതോടെ വിമാനത്താവള കമ്പനിയില്‍ അദാനി ഗ്രൂപ്പിന്റെ കമ്പനിയുടെ ഓഹരി വിഹിതം 74 ശതമാനമായി ഉയരുമെന്നുറപ്പായി. എസിഎസ്എ ഗ്ലോബല്‍, ബിഡ് സര്‍വീസ് ഡിവിഷന് (മൗറീഷ്യസ്) (ബിഡിവെസ്റ്റ്) എന്നിവയുടെ കൈവശം ഉണ്ടായിരുന്ന 23.5 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 1,685.25 കോടി രൂപയുടെ ഇടപാടാണിത്. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലെ 74 ശതമാനം ഓഹരികളും ആറ് മെട്രോ ഇതര വിമാനത്താവളങ്ങളും കൈവശം എത്തുന്നതോടെ അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നടത്തിപ്പ് കമ്പനിയായി മാറും.
ഡിസംബര്‍ പാദത്തില്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളെന്ന കിരീടം ആപ്പിള്‍ പിടിച്ചെടുത്തിരിക്കുകയാണ്. എന്നാല്‍ പുതിയ നേട്ടത്തിന് പിന്നാലെ വാങ്ങാന്‍ ആളില്ലാത്തതുകൊണ്ട് ഐഫോണ്‍ 12 മിനിയെ ആപ്പിള്‍ വൈകാതെ ഉപേക്ഷിച്ചേക്കും. ഈ വര്‍ഷം രണ്ടാം പാദം പുതുതലമുറ ഐഫോണ്‍ ശ്രേണിയുടെ കടന്നുവരവോടെയാകും ഐഫോണ്‍ 12 മിനി പിന്‍വാങ്ങുക. നിലവില്‍ ഐഫോണ്‍ 12 മിനിക്ക് ഡിമാന്‍ഡ് വളരെ കുറവാണ്. ഐഫോണ്‍ 12 മിനി പോകുമെങ്കിലും ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 11 മോഡലുകളുടെ ഉത്പാദനം ആപ്പിള്‍ തുടരും. നിലവില്‍ പുതുതലമുറ ഐഫോണ്‍ 13 മോഡലിന്റെ പണിപ്പുരയിലാണ് ആപ്പിള്‍.
’വെള്ളം’ സിനിമയുടെ വിജയത്തിന് ശേഷം പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഇതാദ്യമായാണ് മഞ്ജുവും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രജേഷ് സെന്‍ ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണിത്.
ആന്റണി വര്‍ഗീസ്, അര്ജുന് അശോകന് ചെമ്പന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്കി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ ജയസൂര്യയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. പൂരപ്പറമ്പിലേയ്ക്കെത്തുന്ന ഒരുകൂട്ടം യുവാക്കളും, ആനയും പാപ്പാനും അവരെ ചുറ്റിപ്പറ്റി 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 26ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിക്കുന്ന വാഹനമാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍. വാഹനത്തിന്റെ ബുക്കിംഗ് 39,000 കടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2020 ഒക്ടോബര്‍ 2 നാണ് രണ്ടാം തലമുറ ഥാര്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. നാല് മാസം കൊണ്ടാണ് 39000 ബുക്കിംഗ് കമ്പനി നേടിയത്. 2021 ജനുവരിയില്‍ മാത്രം പുതിയ മഹീന്ദ്ര ഥാറിന് 6,000 ല്‍ ലധികം ബുക്കിംഗുകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
റംറോ നേപ്പാള്‍ യാത്രയുടെ ഒരു പുസ്തകമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിക്കാവുന്നത്. റംറോ നേപ്പാളില്‍ സഞ്ചാരം രാജ്യാതിര്‍ത്തി കടന്നു നീളുന്നു. ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി ഇവിടെയാണ്. ഒരു കഥയിലെന്ന പോലെയാണ് നാം നേപ്പാളിലേക്ക് സഞ്ചരിക്കുന്നത്. ‘റംറോ നേപ്പാള്‍’. ഹാരിസ് നെന്മേനി. ഡിസി ബുക്സ്. വില 171 രൂപ
ജലദോഷത്തെയും കോവിഡ്19 ലക്ഷണമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ ലണ്ടനിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. മൂക്കടപ്പും ജലദോഷവും കോവിഡ്19 പരിശോധനയ്ക്ക് ഒരാളെ ശുപാര്‍ശ ചെയ്യാനുള്ള മാനദണ്ഡമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ലോകാരോഗ്യ സംഘടനയും ഈ ലക്ഷണങ്ങളെ കോവിഡിന്റെ പരിശോധന മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച കത്തില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, തലവേദന, പേശീവേദന, തൊണ്ട വേദന എന്നിവയുമായി എത്തുന്ന രോഗികളില്‍ പലരും പിന്നീട് കോവിഡ് പോസിറ്റീവ് ആകാറുണ്ട്. ജലദോഷവും പനിയുമൊന്നും കോവിഡ് ആയിരിക്കില്ലെന്ന് കരുതി രോഗികള്‍ പുറത്തിറങ്ങി നടക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ സാഹചര്യം യുകെയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഇവിടുത്തെ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ കാലാവസ്ഥയില്‍ ജലദോഷവും മൂക്കൊലിപ്പും തൊണ്ട വേദനയും സാധാരണമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കോവിഡിന്റെ സാഹചര്യവും ഈ ലക്ഷണങ്ങളില്‍ തള്ളികളയാനാകില്ല. അതിനാല്‍ കോവിഡിന്റെ ഔദ്യോഗിക ലക്ഷണങ്ങളാക്കിയില്ലെങ്കിലും രോഗികള്‍ ജലദോഷ പനിയെയും കരുതിയിരിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു.
Post a Comment