**പുതുവത്സരാഘോഷരാവിൽ പോലീസ് അതിക്രമം,രണ്ട് പേരെ മാഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു*
ചോമ്പാല: പുതുവത്സരാഘോഷത്തിനായി വീട്ടുമുറ്റത്ത് ഒത്തുകൂടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘത്തിനുനേരെ പൊലീസ് അതിക്രമം കാട്ടിയതായി പരാതി.
ചോമ്പാല എ ഇ ഓഫീസ് പരിസരത്തെ തയ്യുള്ളതില്‍ ഹേമന്തിന്റെ വീട്ടിലാണ് ചോമ്പാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റം നടത്തിയത്. വ്യാഴാഴ്ച രാത്രി പത്തോടെ റോഡില്‍നിന്ന് ദൂരെയുള്ള വീട്ടില്‍ പൊലീസെത്തി സ്ത്രീകളെ തെറിവിളിച്ചതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തിന് സാക്ഷിയായ മൂന്ന് സ്ത്രീകള്‍ ബോധരഹിതയായി. തയ്യുള്ളതില്‍ രാജി, ഗിരിജ എന്നിവരെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് വ്യാപക പ്രതിഷേധമുണ്ട്.
വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെ തൊട്ടടുത്ത മാവുള്ള പറമ്പത്ത് സുജിത്തിന്റെ വീട്ടിലുമെത്തി ഭീഷണിമുഴക്കി പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് സുജിത്തിനെയും ഹേമന്തിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കണ്ടാലറിയുന്ന പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വീട്ടില്‍ കയറി സ്ത്രീകളോട് അതിക്രമം കാട്ടിയ പൊലീസ് നടപടിയില്‍ സിപിഐ എം ചോമ്പാല ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
സര്‍ക്കാരിന്റെ പൊലീസ് നയങ്ങളെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Post a Comment