വധശ്രമത്തിന് കേസെടുത്തു
ദുരൂഹ സാഹചര്യത്തിൽ അർദ്ധരാത്രിയിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി . സംഭവത്തിൽ രണ്ടുപേർക്ക് കൂടി പരിക്കേറ്റതായി പോലീസിന് വിവരം ലഭിച്ചതായാണ് സൂചന . ഏറെ ദുരൂഹതയുള്ള ഈ കേസ് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത് . കുട്ടിമാക്കൂൽ ധന്യയിൽ അമിത്തിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് . മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തിൽ യുവാവിന്റെ കഴുത്ത് കൂടെയുണ്ടായിരുന്നയാൾ അറുത്തതാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത് . സംഭവത്തിൽ ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്തു . യുവാവിനെ ആശുപത്രിയിൽ എത്തിച്ച നാട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
അമിത്തിന്റെ മരണ മൊഴി രേഖപ്പെടുത്താനുള്ള പോലീസിൻറെ ശ്രമം വിജയിച്ചില്ല . അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ അമിത് ഇപ്പോഴും അബോധാവസ്ഥയിലാണ് ഉള്ളത് . ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു . മുമ്പ് ഗോപാല പേട്ടയിൽ താമസിച്ചിരുന്ന അമിത്തും , മുഴപ്പിലങ്ങാടുള്ള സുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം വ്യാഴാഴ്ച രാത്രി ഗോപാൽപേട്ടയിലെ ആളൊഴിഞ്ഞ പറമ്പിൽ മദ്യപിച്ചിരുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു . രാത്രി 12 നു ശേഷം കഴുത്ത് മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയിൽ അമിത് സഹായം തേടി പരിസരത്തെ വീടുകളിൽ എത്തിയിരുന്നു . തുടർന്ന് നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത് .

Post a Comment