തലശ്ശേരി-മാഹി ദേശീയപാത ബൈപാസിൽ ഈസ്റ്റ് പള്ളൂരിൽ അനുവദിച്ചിരുന്ന സിഗ്നൽ സംവിധാനത്തോടു കൂടിയുള്ള ജംഗ്ഷൻ ഉപേക്ഷിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രമേശ് പറമ്പത്ത് പറഞ്ഞു.
നിലവിൽ 17 കിലോമീറ്റർ ദൂരമുള്ള പാതയിൽ മാഹി മേഖലക്കും പരിസരങ്ങളിലുള്ളവർക്കും ദേശീയ പാതയിൽ പ്രവേശിക്കുവാനുള്ള അവസരം ലഭിക്കുന്ന രീതിയിലായിരുന്നു സ്പിന്നിങ്ങ് മില്ലിനു സമീപം, ജംഗ്ഷൻ അനുവദിക്കാൻ ദേശീയപാതാ അതോറിറ്റി തത്വത്തിൽ തീരുമാനിച്ചിരുന്നത്.
എന്നാൽ ഈ തീരുമാനത്തിൽ നിന്ന് ദേശീയ പാത അതോറിറ്റി പിൻമാറുന്നത് ഒരു സംസ്ഥാനത്തെയും അതിൻ്റെ ഭരണ നേതൃത്വത്തെയും വഞ്ചിക്കുന്നതിന് തുല്യമാണ്. നിരവധി കഷ്ടതകളും ത്യാഗവും സഹിച്ചാണ് കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയിലെ ഭൂവുടമകൾ ദേശീയപാതക്കായി ഭൂമി വിട്ടു നൽകിയത്.
ഒരു നാടിനെ രണ്ടായി മുറിച്ച് കടന്നു പോകുന്ന ബൈപാസ് കൊണ്ട് പ്രദേശത്തുകാർക്ക് ഒരു ഗുണവും ലഭിക്കുന്നില്ല എന്ന നില ഉണ്ടാകരുത് . മാഹി പ്രദേശത്തുകാർ ഹൈവേയിൽ പ്രവേശിക്കണമെങ്കിൽ എട്ട് കിലോമീറ്റർ സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല.
മാഹി ഭരണകൂടവും സംസ്ഥാന സർക്കാരും അടിയന്തിരമായി ഇടപെട്ട് ദേശീയപാത അതോറിറ്റിയുടെ ജന വിരുദ്ധ നിലപാട് തിരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് വൻ പ്രക്ഷോഭത്തിന് കോൺഗ്രസ്സ് നേതൃത്വം നൽകുമെന്ന് രമേശ് പറമ്പത്ത് പറഞ്ഞു.

Post a Comment