വി.എൻ.പി.ജി.എച്ച്.എസ്.എസ് പള്ളൂരിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ജീവനക്കാർക്കായി എക്സ്-റേ ക്യാമ്പും സംഘടിപ്പിച്ചു
പള്ളൂർ: വി.എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ (VNPGHSS) പുതുച്ചേരി ആരോഗ്യ വകുപ്പിന്റെയും മാഹി റീജിയണൽ ഹെൽത്ത് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഒരേസമയം രണ്ട് ആരോഗ്യ സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു.
ചടങ്ങിൽ വിദ്യാലയത്തിലെ സീനിയർ ലക്ചറർ ദിൽന വി സ്വാഗതം ആശംസിച്ചു.
'ക്ഷയരോഗവിമുക്ത മാഹിക്കായി ഒരു സംഘടിത മുന്നേറ്റം' എന്ന ലക്ഷ്യത്തോടെ നടക്കുന്ന 100 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ അധ്യാപക-അനധ്യാപക ജീവനക്കാർക്കായി എൻ.ടി.ഇ.പി (NTEP) എക്സ്-റേ ക്യാമ്പ് നടത്തി. സ്കൂൾ ജീവനക്കാർക്കിടയിൽ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ആരോഗ്യ സംരക്ഷണം മുൻനിർത്തിയുമാണ് പരിശോധന നടത്തിയത്.
ഇതോടൊപ്പം തന്നെ, നാഷണൽ ടൊബാക്കോ കൺട്രോൾ പ്രോഗ്രാം (NTEP), നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാം (NOHP) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ-ദന്താരോഗ്യ ബോധവൽക്കരണ ക്ലാസ് നടന്നു. ഡോക്ടർമാരായ ഡോ സതീഷ് (ഡെന്റൽ സർജൻ മാഹി), ഡോ നമിത (ഡെന്റൽ സർജൻ പള്ളൂർ ) എന്നിവർ ചേർന്ന് ക്ലാസുകൾ നയിച്ചു. പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും, വ്യക്തിഗത ദന്താരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ കുട്ടികളോട് വിശദമായി സംസാരിച്ചു.
സ്കൂൾ അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment