അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസിൽ മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം ഡോ. ദീപക് പി.സി.യ്ക്ക്
പുതുച്ചേരി: ടാഗോർ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലൈബ്രേറിയൻ ഡോ. ദീപക് പി.സി.യ്ക്ക് അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസിൽ പ്രൊഫഷണൽ വിഭാഗത്തിൽ മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം ലഭിച്ചു.
2026 ഒക്ടോബർ 29, 30, 31 തീയതികളിൽ പുതുച്ചേരി സർവകലാശാലയിലെ ആനന്ദരംഗ പിള്ളൈ ലൈബ്രറിയും സൊസൈറ്റി ഫോർ അഡ്വാൻസ്മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (SALIS) സംഘടനയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസായ KAKE 2026 (Knowledge Access to Knowledge Equity – Libraries' Contribution to a Sustainable Nation: (Viksit Bharat)-ലാണ് പുരസ്കാരം ലഭിച്ചത്.
'Library Beyond Walls: A Practical Approach to Eco-friendly Library' എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിനാണ് അംഗീകാരം ലഭിച്ചത്. പരിസ്ഥിതി സൗഹൃദ ലൈബ്രറി സങ്കൽപ്പങ്ങൾ, ലൈബ്രറിയുടെ പരമ്പരാഗത ചട്ടക്കൂടുകൾക്കപ്പുറമുള്ള വായനാ ഇടങ്ങൾ, പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ലൈബ്രറി പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഈ പ്രബന്ധം.
ദേശീയവും അന്തർദേശീയവുമായ നിരവധി അക്കാദമിക സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ. ദീപക് പി.സി.യ്ക്ക് മറ്റൊരു ദേശീയ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ചെറിയ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുള്ള മാർഗങ്ങളും പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ സ്കൂൾ ലൈബ്രറികളുടെ പ്രാധാന്യവും സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനപ്രബന്ധം ദേശീയ സ്കൂൾ ലൈബ്രേറിയൻ കോൺഫറൻസിൽ അവതരിപ്പിക്കുന്നതിനായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (NCERT), ന്യൂഡൽഹി, 2026 നവംബർ 19, 20 തീയതികളിൽ ന്യൂഡൽഹിയിലെ NCERT ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ദേശീയ സ്കൂൾ ലൈബ്രേറിയൻ കോൺഫറൻസിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.
മാഹി സ്വദേശിയായ ഡോ. ദീപക് പി.സി. മുൻപ് മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജിൽ ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അക്കാദമിക രംഗത്തും ലൈബ്രറി സേവന മേഖലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിവരുന്ന ഡോ. ദീപക് പി.സി.യുടെ നേട്ടം മാഹിക്കും പുതുച്ചേരിക്കും അഭിമാനമായി.

Post a Comment