മൂലക്കടവിൽ കൂനിന്മേൽ കുരു പോലെ വീണ്ടും പെട്രോൾ പമ്പുകൾ തുറക്കുന്നു.
പ്രദേശവാസികൾ ആശങ്കയിൽ
മാഹി: മൂലക്കടവിൽ മൂന്ന് പെട്രോൾ പമ്പുകൾ പ്രവൃത്തിച്ചു കൊണ്ടിരിക്കുന്ന ഇടങ്ങളിൽ വീണ്ടും ഒരു പമ്പിന് കൂടി അനുമതി നൽകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ഉയരുന്നു. മൂലക്കടവ് പാലത്തിന് സമീപം പാനൂർ റോഡിൽ നിലവിൽ മൂന്ന് പെട്രോൾ പമ്പുകൾ പ്രവൃത്തിച്ച് വരുന്നുണ്ട്.ഇതിന് സമീപത്തെ സ്ഥലത്താണ് പുതിയ പമ്പിന് അധികൃതർ അനുമതി നൽകാൻ പോകുന്നത്.
കഴിഞ്ഞ ദിവസം മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ, പൊതുമരാമത്ത് വകുപ്പ് അധികൃതർ, പോലീസ് അധികാരികൾ എന്നിവരടങ്ങുന്ന സംഘം നിർദ്ദിഷ്ട സ്ഥലത്ത് എൻ.ഒ.സി നൽകാൻ പരിശോധനയ്‌ക്കെത്തിയിരുന്നു.പരിസര വാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു
ചെന്നൈയ് പെട്രോളിയം എന്ന കമ്പനിക്കാണ് ഇവിടെ അധികൃതർ എൻ.ഒ.സി. നൽകാൻ പോകുന്നത്. പമ്പുകൾ ഒന്നുമില്ലാത്ത മൂലക്കടവിൽ 2002 ലാണ് ആദ്യമായി പെട്രോൾ പമ്പ് തുടങ്ങിയത്. തൊട്ടടുത്ത് തന്നെ 2003ലും 2004 ലും രണ്ട് പമ്പുകൾ കൂടി തുറന്നു. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഈ മൂന്ന് പമ്പുകളും തൊട്ടൊരുമ്മി പ്രവർത്തിക്കുന്നത്. ഒരു മതിലിൻ്റെ വ്യത്യാസത്തിലാണ് നാലാമത് ഒരു പമ്പ് കൂടി വരുന്നത്.
ഇതോടെയാണ് സമീപവാസികൾ ആശങ്കയിലായത്.ജനവാസ മേഖലയാണ് പാണ്ടിവയൽ പ്രദേശം.നാല് പമ്പുകളും തൊട്ടൊരുമ്മി പ്രവർത്തിക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ഉണ്ടാകുമോ എന്നതാണ് ആശങ്ക.വീടുകളിൽ വൃദ്ധരും, കിടപ്പ് രോഗികളുമുണ്ട്. ഓടി രക്ഷപ്പെടാൻ വരെ സാധിക്കുകയില്ല. കൂടാതെ പള്ളൂർ ഭാഗങ്ങളിൽ പെട്രോൾ പമ്പുകളിൽ നിന്ന് സമീപ വീടുകളിലെ കിണറുകളിലേക്ക് ഡീസൽ ഇറങ്ങുന്ന സംഭവവും ആശങ്ക ഇരട്ടിയാക്കുന്നു.പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയിലെ മാക്കുനി മുതൽ കോപ്പാലം വരെയുള്ള 500 മീറ്റർ ദൂരത്തിൽ ആറ് പെട്രോൾ പമ്പുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. 15 മദ്യശാലകളും പ്രവർത്തിക്കുന്നു. വിഷു സീസണിൽ പടക്ക കടകളും സജീവമാവും. പമ്പുകൾക്ക് നടുവിൽ മൂലക്കടവ് കവലയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, ജുമാ മസ്ജിദ്, മദസ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. മാഹി അഗ്നിശമന യുണിറ്റ് എട്ട് കിലോമീറ്റർ അകലെ മാഹി ടൗണിന് സമീപമാണ്. മൂലക്കടവ്-പന്തക്കൽ റോഡിലും പെട്രോൾ പമ്പിന് സ്ഥലം കണ്ടെത്തി പമ്പ് തുടങ്ങാൻ കാത്തിരിക്കുന്നവരുമുണ്ട്.

Post a Comment