o ടോൾ വർധന പിൻവലിക്കണം; ടോൾ പ്ലാസ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മാർച്ച്
Latest News


 

ടോൾ വർധന പിൻവലിക്കണം; ടോൾ പ്ലാസ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മാർച്ച്

 *ടോൾ വർധന പിൻവലിക്കണം; ടോൾ പ്ലാസ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മാർച്ച്*



ന്യൂ മാഹി: മാഹി ബൈപാസിലെ വർധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്നും ബൈപാസിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ടോൾ പ്ലാസ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളശ്ശേരി ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.


ബൈപാസിന് സമീപത്തെ പാലത്തിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ ടോൾ പ്ലാസയ്ക്ക് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി.


പ്രതിഷേധ മാർച്ചിനെ തുടർന്ന് ബൈപാസിലൂടെ കടന്നുപോകേണ്ട വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചുവിട്ടു. ഇതോടെ പ്രദേശത്ത് നേരിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും വിന്യസിച്ചിരുന്നു.


ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. അനുശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം. അഖില, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കിരൺ കരുണാകരൻ, പി. സനീഷ് എന്നിവർ പങ്കെടുത്തു.


ഈസ്റ്റ് പള്ളൂർ സിഗ്നൽ ജങ്ഷനിൽ മേൽപ്പാല നിർമാണം നടക്കുന്നതിനാൽ മാസങ്ങളായി വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ചരക്ക് ലോറികളും ട്രെയിലറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് റോഡിൽ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന സാഹചര്യമാണുള്ളത്. ബൈപാസിലൂടെയുള്ള ദുരിതയാത്രയ്ക്കിടയിലും ഉയർന്ന ടോൾ ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ബൈപാസ് പൂർണമായും ഗതാഗതയോഗ്യമാകുന്നതുവരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.


Post a Comment

Previous Post Next Post