◾ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തുരത്തി അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഞായറാഴ്ച രാത്രി മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന സ്പെയിനിനെ നേരിടും. മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റിനകം ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. മോര്ഗന് റോജസിന്റെ ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാര്‍ട്ടിനെസിനെ മറികടന്ന് അര്‍ജന്റീനയുടെ വലകുലുക്കി. ഗോള്‍ വീണതോടെ മെസ്സിപ്പടയുടെ ഭാവം മാറി. കളിയുടെ 85-ാം മിനിറ്റില്‍ മെസി ഒരുക്കിയ പാസില്‍ നിന്ന് കിടിലനൊരു ലോങ്ങ് റേഞ്ചറിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ സമനില ഗോള്‍ കണ്ടെത്തി. ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മെസിയുടെ ക്രോസില്‍നിന്ന് ലൗത്താരോ മാര്‍ട്ടിനസ് അര്‍ജന്റീനയ്ക്കായി വിജയഗോള്‍ നേടിയതോടെ അറ്റ്ലാന്റ സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊണ്ടു
2026 ജൂലൈ 16, വ്യാഴം
1201 മിഥുനം 32, ആയില്യം
1448 സഫർ 01
◾ കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ 10,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ടാറ്റ. പ്രപ്പോസല്‍ സര്‍ക്കാരിന് നല്‍കിയെന്നും രൂപരേഖ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമാക്കി. ടാറ്റയുമായുള്ള ചര്‍ച്ച ഒരു മാസം കൊണ്ട് പൂര്‍ത്തിയാകും. ആവശ്യമായ ഭൂമി സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ വൈദ്യുതി ഉല്പാദനം കുറയുകയും ഉപയോഗം കൂടുകയും ചെയ്തതുമൂലം രാത്രി 07:15 മുതല്‍ 12:15 വരെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം അനിവാര്യമെന്നു കെഎസ്ഇബി. വൈദ്യുതി വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നല്‍കേണ്ടി വരുന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് കാലത്തെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും സോളാര്‍ വൈദ്യുതി രാത്രിയിലേക്കു സംഭരിക്കാനാകാത്തതും പ്രതിസന്ധിക്ക് കാരണമായി. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവ നിയന്ത്രണിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
◾ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഭരണഘടന വിരുദ്ധമായ പ്രവര്‍ത്തങ്ങള്‍ ആരോപിച്ചു വഖഫ് ബോര്‍ഡിനെതിരെ നല്കിയ നിരവധി ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നടപടി. വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നല്കി. നയപരമായ തീരുമാനങ്ങള്‍ പാടില്ല. മൂലധന നിക്ഷേപങ്ങളോ ചിലവോ പാടില്ലെന്നും ജുഡീഷ്യല്‍ സിറ്റിംഗ് നടത്തരുതെന്നും കോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
◾ ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനത്തില്‍ അറ്റോര്‍ണി അനൂപ് വി നായര്‍ നല്കിയ പട്ടികയാണ് സര്‍ക്കാരിന് കൈമാറിയതെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി കെ റഹ്മാന്. വിവാദത്തിലായ ശരത്തിന്റെയും ജിയോണ ജെയിംസിന്റെയും പേരുകള്‍ നല്‍കിയത് അനൂപാണ്. അനൂപ് നല്കിയ പേരുകള്‍ അതേപടി സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദേശിച്ചത്. വിവാദമായപ്പോള്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുന്നുവെന്നും പ്രസിഡന്റ് അഡ്വ. പി കെ റഹ്മാന് വിമര്‍ശിച്ചു.
◾ ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പരിഹാസത്തിനെതിരെ കെ.എസ്.യു രംഗത്ത്. കെ.എസ്.യു പ്രവര്‍ത്തകര്‍ ഉന്നയിച്ചത് വൈകാരികമായ പരാതിയായിരുന്നുവെന്ന് പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. മുഖ്യമന്ത്രി അല്പം കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കെഎസ് യുവിന്റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാനാണു തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും ശത്രുക്കള്‍ പുറത്തല്ല, ഉള്ളില്‍ തന്നെയായിരുന്നെന്നും ടെന്നി ജോപ്പന്. അറസ്റ്റിനു മുമ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഐജി ഹേമചന്ദ്രന് തന്നെ മുഖത്തടിച്ചു. സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി ഉമ്മന്‍ ചാണ്ടിയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും ടെനി ജോപ്പന് പറഞ്ഞു.
◾ തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പനെയെന്നല്ല ഒരു പ്രതിയെയും മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രന്. ഇക്കാര്യത്തില്‍ താനൊരു പരസ്യ പ്രതികരണത്തിനില്ലെന്നും എ ഹേമചന്ദ്രന് പറഞ്ഞു. സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോള്‍ അന്നത്തെ ഐജിയായിരുന്ന എ ഹേമചന്ദ്രന് മുഖത്തടിച്ചു എന്നായിരുന്നു ജോപ്പന്റെ ആരോപണം.
◾ സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാനും കെസി ജോസഫും കോടതിയില്‍ മൊഴി നല്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പീഡനക്കേസില്‍ കുടുക്കാന്‍ കെ.ബി ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തി എന്ന ഹര്‍ജിയിലാണ് മൊഴി നല്‍കിയത്.
◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനില്‍ മേനോന്റെ വീഡിയോ സന്ദേശം എത്തി. ബഹിരാകാശത്തെ തന്റെ ആദ്യ ദിനം ആസ്വദിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ സ്വപ്നയാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചു. സന്ദേശത്തിലൂടെ ഭാര്യയോടും മക്കളോടുമുള്ള സ്നേഹം പങ്കുവച്ച അനില്‍ മേനോന്, മകള്‍ ഗ്രേസിന് ജന്മദിനാശംസകളും നേര്‍ന്നു.
◾ കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക് ഉത്തരവിട്ടു. ലൈസന്‍സിലെ പേരിനൊപ്പമുള്ള 'എംഎല്‍എ' പദവി നീക്കം ചെയ്യാനും ലൈസന്‍സ് നല്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശം.
◾ തന്നോടു സംസാരിച്ചെന്നു മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞത് പച്ചക്കള്ളമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വ്യക്തി എന്ന നിലയില്‍ വി.ഡി. സതീശനെ കാണാന്‍ താല്പര്യമില്ല. പിണറായി വിജയനെ ഫോണ്‍ വിളിച്ചാല്‍ തിരക്കില്ലെങ്കില്‍ എടുക്കുമായിരുന്നു. സുകുമാരന്‍ നായര്‍ പറഞ്ഞു.
◾ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് ഇന്നു മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള ടിക്കറ്റുകളുടെ വില്‍പ്പന തിങ്കളാഴ്ച ആരംഭിക്കും.
◾ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യൂട്യൂബര്‍ക്കെതിരെ പരാതി നല്കി യൂത്ത് ലീഗ്. മലപ്പുറം പൊലീസിലാണ് പരാതി നല്‍കിയത്. BRAHMA COGNITION എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി.
◾ സഭാതര്‍ക്കം പരിഹരിക്കാനാകുക എന്നത് ഈ സര്‍ക്കാരിന്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്. സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍കാര്‍ മുന്‍കൈ എടുക്കുമെന്നും സതീശന് പറഞ്ഞു. മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
◾ പത്തനംതിട്ട അടൂരിലെ ഷെഹനയുടെ തൂങ്ങിമരണത്തില്‍ കാമുകന് അരുണ്‍ അറസ്റ്റിലായി. മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുണ്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ്. അരുണിന്റെ സ്വഭാവ ദൂഷ്യം മനസിലായതോടെ ഇയാളെ ഷഹന എതിര്‍ത്തിരുന്നതായും പൊലീസ്.
◾ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ നടനും അമ്മയുടെ മുന്‍ ഭാരവാഹിയുമായ ടിനി ടോമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കാന്‍ തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
◾ കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയ്നറുകളിലുള്ള ചാക്കുകള്‍ മത്സ്യത്തൊഴിലാളികള്‍ കരയ്ക്കെത്തിച്ചു. കടലില്‍ ഒഴുകി നടന്ന ചാക്കു കെട്ടുകള്‍ എട്ടോളം മത്സ്യ തൊഴിലാളികളുടെ വള്ളങ്ങളിലാണ് വിഴിഞ്ഞം തീരത്ത് എത്തിച്ചത്. പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ അടങ്ങിയ ചാക്കു കെട്ടുകളാണ്. യുഎഇ നിര്‍മ്മിതമായ പോളിപ്രൊപ്പലൈന്‍ ആണെന്നും 25 കിലോഗ്രാം ഭാരമുണ്ടെന്നും അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്.
◾ കോപ്പിയടി കണ്ടെത്തിയതിനാല്‍ ജൂലൈ മൂന്നിനു നടന്ന കെ.ജി.സി.ഇ പരീക്ഷ റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. മട്ടന്നൂര്‍ പോളിടെക്നിക് കോളേജില്‍ നടന്ന കെ.ജി.സി.ഇ പരീക്ഷയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വന്‍തോതില്‍ ആസൂത്രിത കോപ്പിയടി നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഈ പരീക്ഷയില്‍ കോപ്പിയടിച്ച ഒരു കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
◾ ആലപ്പുഴ പുന്നമടയില്‍ ബോട്ടിലെ സ്പാ ജീവനക്കാരി ഹൗസ്ബോട്ടില്‍നിന്ന് കായലില്‍ വീണ് മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്. സംഭവ സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളെ പൊലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.
◾ പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറല്‍ അനസ്തേഷ്യ നല്‍കേണ്ടിയിരുന്നില്ലെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നത്.
◾ ധര്‍മസ്ഥല കേസില്‍ ബെല്‍ത്താങ്കടി കോടതിയില്‍ 7005 പേജുള്ള അന്തിമ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചു. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്ന് അവകാശപ്പെട്ട ശുചീകരണ തൊഴിലാളി ചിന്നയ്യയെ എസ്ഐടി 2025 ഓഗസ്റ്റ് 28ന് അറസ്റ്റ് ചെയ്തിരുന്നു. ചിന്നയ്യ വെളിപ്പെടുത്തിയ സ്ഥലങ്ങളില്‍ പോലീസ് അന്വേഷിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല.
◾ കന്യാകുമാരിയില്‍ കടയില്‍ പാന്‍ മസാല വിറ്റതിന് പൊലീസ് അറസ്റ്റു ചെയ്ത യുവാവ് മരിച്ചത് കസ്റ്റഡി മര്‍ദനം കാരണമെന്ന് ആരോപണം. സംഭവത്തില്‍ ടിവികെ സര്‍ക്കാരിനെതിരേ ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
◾ എന്‍സിപി ശരദ് പവാര്‍ പക്ഷം എന്‍ഡിഎയോടടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ, നിയമസഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്ന ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരികയാണെങ്കില്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന് സുപ്രിയ സുലെ വ്യക്തമാക്കി.
◾ ഇത്തവണ എംബിബിഎസിന് 9911 സീറ്റുകളുടെ വര്‍ധന. രാജ്യത്തെ 823 മെഡിക്കല്‍ കോളേജുകളിലായി ആകെ സീറ്റുകളുടെ എണ്ണം 1,36,939 ആയി. എയിംസ്, ജിപ്മെര്‍ പോലെയുള്ള സ്ഥാപനങ്ങളിലെ സീറ്റുകളുടെ എണ്ണം ഇതില്‍ ഉള്‍പ്പെടില്ല. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്കിയതും നിലവിലെ മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതുമാണ് 9911 സീറ്റുകള്‍ വര്‍ധിക്കാന്‍ കാരണമായത്.
◾ തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മമതാ ബാനര്‍ജിയുടെ വിശ്വസ്തനുമായ മദന്‍ മിത്ര എം.എല്‍.എ, ഋതബ്രത ബാനര്‍ജി നയിക്കുന്ന വിമത വിഭാഗത്തിലേക്ക് മാറി. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ച അദ്ദേഹം, തൃണമൂലിന്റെ തകര്‍ച്ചയ്ക്ക് കാരണം അഭിഷേക് ബാനര്‍ജിയാണെന്ന് വിമര്‍ശിച്ചു.
◾ ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം ആണവനിലയത്തിന്റെ അതീവ സുപ്രധാന വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ നിന്ന് ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണ് ഇതെന്ന് അന്താരാഷ്ട്ര സുരക്ഷാ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
◾ സെമി കണ്ടക്ടര്‍ 2.0 പദ്ധതിക്ക് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭാ യോഗം. 1.27 ലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ ചിപ്പ് രൂപകല്പന, കൂടുതല്‍ അസംബ്ലിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഗവേഷണം തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.64 ലക്ഷം കോടി രൂപ നീക്കി വച്ച ആദ്യ ഘട്ടം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
◾ നോയിഡയിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. നോയിഡയിലെ മാമുറയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് വന്‍ തീപ്പിടത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന അമ്പതോളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചു.
◾ കര്‍ണാടകയിലെ കലബുറഗിയില്‍ ജയില്‍ ചാടിയ മൂന്ന് പ്രതികളിലൊരാളെ പൊലീസ് വെടിവച്ച് വീഴ്ത്തി പിടികൂടി. കൊലക്കേസ് പ്രതിയായ സന്തോഷിനാണ് വെടിയേറ്റത്. പ്രതികളുടെ ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. സന്തോഷിനൊപ്പം ജയില്‍ ചാടിയ മസ്താന്, സാഗര്‍ എന്നിവര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
◾ കര്‍ണാടകിലെ ചിരായു ആശുപത്രിയിലെ 45 കാരനായ ഡോക്ടര്‍ ഫ്ളാറ്റില്‍ കുത്തേറ്റു മരിച്ചു. ഡോ. കിരണ്‍ ഹൊനണ്ണവര്‍ ആണ് കൊല്ലപ്പെട്ടത്. എട്ടു വയസ്സുകാരനായ മകനെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ഭാര്യ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
◾ ഐഎഎസ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് യുവാവിനെ വിവാഹം കഴിച്ച് 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ബദായൂന്‍ ജില്ലയിലെ സാധന എന്ന യുവതിയാണ് ബറേലിയില്‍ വെച്ച് തിങ്കളാഴ്ച അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവായ അഭിഷേക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫരീദ്പൂര്‍ പൊലീസ് നടപടിയെടുത്തത്.
◾ പാക് അധിനിവേശ കാശ്മീരില്‍ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നടത്തിയ മാര്‍ച്ചിനിടെ സൈന്യവുമായി ഏറ്റുമുട്ടി 12 പേര് കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ റാവലാകോട്ട് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ പൂര്‍ണ്ണമായി അടച്ചുപൂട്ടി. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
◾ യുദ്ധമുണ്ടായാല്‍ നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. ഇറാന് ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും താല്പര്യങ്ങളും സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ പോരാടാന്‍ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
◾ യുകെയിലെ പീറ്റര്‍ബറോ നഗരസഭ, നഗരത്തിലെ ഏക ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്ന കെട്ടിടം ഒരു ഇസ്ലാമിക സംഘടനയ്ക്ക് വിറ്റു. കടബാധ്യത തീര്‍ക്കാനാണ് വില്‍പ്പനയെന്ന് കൗണ്‍സില്‍ പറഞ്ഞു. തീരുമാനത്തിനെതിരെ ഹിന്ദു സംഘടനകള്‍ നിയമപോരാട്ടത്തിലാണ്.
◾ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിനുമായി കുവൈത്ത് സര്‍ക്കാര്‍ പുതുതായി ആരംഭിച്ച ദീര്‍ഘകാല റെസിഡന്‍സി പ്രോഗ്രാമിലെ പ്രഥമ 'ഗോള്‍ഡന്‍ റെസിഡന്‍സി' ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് എം.എ. യൂസഫലിക്ക്. കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശിക്ക് 15 വര്‍ഷത്തെ ദീര്‍ഘകാല റെസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നത്. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബയില്‍ നിന്ന് എം.എ. യൂസഫലി ഔദ്യോഗികമായി ഗോള്‍ഡന്‍ റെസിഡന്‍സി പെര്‍മിറ്റ് ഏറ്റുവാങ്ങി. യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ കുവൈത്തിന്റെയും ആദ്യ ഗോള്‍ഡന്‍ വിസ/റെസിഡന്‍സി നേടുന്ന വ്യക്തിയെന്ന അപൂര്‍വ നേട്ടമാണ് ഇതോടെ എം.എ. യൂസഫലി സ്വന്തമാക്കിയത്. ജൂണ്‍ 15-നാണ് കുവൈത്ത് ഈ ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിട്ടത്. യോഗ്യരായ വന്‍കിട വിദേശ നിക്ഷേപകര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും 15 വര്‍ഷം വരെ കാലാവധിയുള്ള റെസിഡന്‍സി പെര്‍മിറ്റ് ഇതിലൂടെ ലഭിക്കും.
◾ രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ പിന്തുടര്ന്ന് കൊല്ലുന്ന മൈക്രോ ഡ്രോണുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസിലെ ടോര്‍ണിയോള്‍ എന്ന ടെക് സ്റ്റാര്‍ട്ടപ്പ്. ഓട്ടോണമസ് മൈക്രോ-ഡ്രോണ്‍ അതിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ വിജയം നേടിയെന്നെന്നാണ് ടോര്‍ണിയോളിലെ എഞ്ചിനീയര്‍മാര്‍ അവകാശപ്പെടുന്നത്. രാസവസ്തുക്കള്‍ തളിച്ചിട്ടല്ല, കൊതുകുകളെ പറന്നു വേട്ടയാടിയാണ് ഡ്രോണ്‍ ഇല്ലാതാക്കുന്നത്. രോഗം പരത്തുന്ന കൊതുകുകളെ ട്രാക്ക് ചെയ്യാനും കൊന്നൊടുക്കാനും വേണ്ടി രൂപകല്‍പ്പന ചെയ്ത മിനിയേച്ചര്‍ ഡ്രോണുകളുടെ വികസനത്തിലേക്ക് ഇതിന്റെ കണ്ടെത്തല്‍ വഴിയൊരുക്കുമെന്നും അവര്‍ പറയുന്നു. കൊതുകുകളെ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുള്ള ചിലവ് 100 മടങ്ങ് കുറയ്ക്കാന്‍ അവരുടെ ഡ്രോണുകള്‍ക്ക് കഴിയുമെന്നാണ് അവകാശവാദം. അത്തരത്തിലുള്ള ചെറിയ ഡ്രോണുകള്‍ വികസിപ്പിക്കുന്നു എന്നാണ് ടോര്‍ണിയോള്‍ പറയുന്നത്. 10 ഡ്രോണുകള്‍ക്ക് ഒരു ചതുരശ്ര കിലോമീറ്ററിലെ കൊതുകുകളെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.
◾ കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വിരാമമിട്ടു കൊണ്ട് വിജയ് ചിത്രം 'ജന നായകന്' തിയേറ്ററുകളിലേക്ക്. ജൂലൈ 23ന് ചിത്രം വേള്‍ഡ് വൈഡ് റിലീസായി തിയേറ്ററുകളിലേക്കെത്തും. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് തന്നെ ഔദ്യോഗികമായി ജന നായകന്റെ റിലീസ് തിയ്യതി അറിയിച്ചിരിക്കുകയാണ്. വിജയ് മുഖ്യമന്ത്രിയായ ശേഷമെത്തുന്ന ചിത്രമെന്ന നിലയിലും, അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന നിലയിലും ജന നായകന് തിയേറ്ററില്‍ ലഭിക്കാന്‍ പോകുന്നത് ഇതുവരെ കാണാത്ത സ്വീകരണമായിരിക്കുമെന്നതില്‍ സംശയമില്ല. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മലയാളി താരം മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, പൂജ ഹെഗ്ഡെ, പ്രിയ മണി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. സംഗീതമൊരുക്കിയത് അനിരുദ്ധാണ്.
◾ അഭിമന്യു ഷമ്മി തിലകന്, ബിബിന്‍ ജോര്‍ജ്, രേണു സൗന്ദര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന 'പൊടിപൂരം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധര്‍, ശ്രീജിത്ത് രവി, സുധീര്‍ സുകുമാരന്‍, അങ്കിത് മാധവ്, നന്ദന് ഉണ്ണി, അബിന്‍ ബിനോ, എന്‍ എം ബാദുഷ, അന്‍സജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. ത്രികാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ പി ശിവപ്രസാദ്, അമീര്‍ കൊച്ചിന്, നിവിന്‍ ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിക്കുന്നു. പ്രശസ്ത ഹൊറര്‍ നോവലെഴുത്തുകാരനായ അനുരാഗ് ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്നു. അന്‍സാജ് ഗോപി എഴുതിയ വരികള്‍ക്ക് ഫോര്‍ മ്യൂസിക് സംഗീതം പകരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും.
◾ ഇന്ത്യന്‍ വിപണിയില്‍ കിയയുടെ ജനപ്രിയ എംപിവി ശ്രേണിയായ കാരന്‍സ് (ഐസിഇ, ഇവി ഉള്‍പ്പെടെ) 3 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് പുതിയ നാഴികക്കല്ല് സ്വന്തമാക്കി. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നീ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലായി വിപണിയിലെത്തുന്ന കാരന്‍സിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, മൊത്തം വില്‍പ്പനയുടെ 60 ശതമാനവും പെട്രോള്‍ വകഭേദങ്ങളുടേതാണ് എന്നതാണ്. ഡീസല്‍ മോഡലുകള്‍ മൊത്തം വില്‍പ്പനയുടെ 30 ശതമാനം പങ്ക് നേടിയപ്പോള്‍, ഇലക്ട്രിക് പതിപ്പുകള്‍ക്ക് 10 ശതമാനം വിഹിതമാണ് ലഭിച്ചത്. ആകെ വില്‍പ്പനയുടെ 18 ശതമാനവും ടോപ്പ് വേരിയന്റുകളാണ്. കിയയുടെ ഇലക്ട്രിക് നിരയിലെ പുതിയ മോഡലായ കാരന്‍സ് ക്ലാവിസ് ഇവി ആറ് സീറ്ററും ഏഴ് സീറ്ററുമായ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഐസിഇ പതിപ്പായ കാരന്‍സ് ക്ലാവിസില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ (115 ബിഎച്ച്പി), 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ (160 ബിഎച്ച്പി), 1.5 ലിറ്റര്‍ ഡീസല്‍ (116 ബിഎച്ച്പി) എന്നീ മൂന്ന് എന്ജിന് ഓപ്ഷനുകളാണ് ലഭ്യമാകുന്നത്.
◾ എലിമാന്‍ എന്ന എഴുത്തുകാരന്റെ നിഗൂഢതകള്‍ തേടിയലയുന്ന യുവ എഴുത്തുകാരനായ ദിയേഗാന്‍. അവനെ പിടിച്ചുലയ്ക്കുന്ന അന്വേഷണത്തിനിടയില്‍, പ്രവാസികളായ ഒരു കൂട്ടം ആഫ്രിക്കന്‍ എഴുത്തുകാരുമായി ദിയേഗാന്‍ ഇടപഴകുകയും ശ്രദ്ധേയരായ രണ്ടു സ്ത്രീകളെ കണ്ടുമുട്ടുകയും ചെയ്യുന്നു. രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരിയും തീവ്രവികാരമുണര്ത്തുന്നവളുമായ സിഗയും തരളയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഐഡയും...ഫ്രാന്‍സിന്റെ ചരിത്രപശ്ചാത്തലങ്ങളിലൂടെ ഉദ്വേഗഭരിതമായി രഹസ്യങ്ങളുടെ ചുരുളുകള്‍ അഴിയുന്നത് വായനക്കാരെ ആകാംക്ഷാഭരിതരാക്കുന്നു. 'പുരുഷന്മാരുടെ നിഗൂഢസ്മരണകള്'. മൊഹമ്മദ് എംബൂഗര് സാര്‍. ഫ്രഞ്ചില്‍നിന്നും നേരിട്ടുള്ള വിവര്‍ത്തനം : ഡോ. സലില ആലക്കാട്ട്. ഗ്രീന്‍ ബുക്സ്. വില 493 രൂപ.
◾ കൊളസ്ട്രോള്‍ ഏറ്റക്കുറച്ചിലുകള്‍ നേരത്തെ കണ്ടെത്തിയാല്‍ മരുന്നു കഴിക്കാതെ തന്നെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന ലളിതമായ മാറ്റങ്ങളിലൂടെ ഗണ്യമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ദൈനംദിന ഡയറ്റില്‍ അണ്ടിപ്പരിപ്പുകള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് എല്‍ഡിഎല്‍ (ചീത്ത കൊളസ്ട്രോള്‍) കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കം. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള ആദ്യപടി എല്‍ഡിഎല്‍ ലെവല്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍ കുറയ്ക്കുക എന്നതാണ്. ദിവസവും ഉപ്പിടാത്ത നട്സ് (വാല്‍നട്ട്, ബദാം, പിസ്ത, കശുവണ്ടി എന്നിവ) മൂന്നിലൊന്ന് കപ്പ് കഴിക്കുക. 'ന്യൂട്രിയന്റ്സ്' എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇവ സ്ഥിരമായി കഴിക്കുന്നത് ആകെ കൊളസ്ട്രോളും, ചീത്ത കൊളസ്ട്രോളും, ട്രൈഗ്ലിസറൈഡുകളും കുറയ്ക്കും. ബ്ലഡ് പ്രഷര്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനും നട്സുകള്‍ക്ക് കഴിയും. ദിവസേനയുള്ള പരിപ്പുപയറുവര്ഗങ്ങളുടെ ഉപയോഗം ആകെ കൊളസ്ട്രോളും എല്‍ഡിഎല്‍ കൊളസ്ട്രോളും ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. ഓട്സ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങള്‍ തിരഞ്ഞെടുക്കുക. വെണ്ണയ്ക്ക് പകരം ഒലിവ് ഓയിലോ മറ്റ് അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളോ ഉപയോഗിക്കുക. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. പുകവലി ഒഴിവാക്കുക, മദ്യപാനം പരിമിതപ്പെടുത്തുക.
*ശുഭദിനം*
*കവിത കണ്ണന്*
ആട്ടിന്‍പറ്റം മേയുകയായിരുന്നു. അപ്പോഴാണ് അതുവഴി ഒരു പന്നി വന്നത്. ഇടയന് അതിനെ പിടിച്ച് കൈകാലുകള്‍ കെട്ടി തോളിലേറ്റി നടന്നു. പന്നി കുതറുകയും ഉറക്കെ അലറിവിളിക്കുകയും ചെയ്തു. അത് കണ്ട ആടുകള്‍ ചോദിച്ചു: 'ഞങ്ങളെയും ഇങ്ങനെ കൊണ്ടുപോകാറുണ്ട്. ഇത്ര ബഹളം വയ്ക്കേണ്ട കാര്യമെന്താണ്?' പന്നി മറുപടി പറഞ്ഞു: 'നിങ്ങളെ കൊണ്ടുപോകുന്നത് രോമം എടുക്കാനാണ്... എന്നെ കൊണ്ടുപോകുന്നത് ജീവന് എടുക്കാനാണ്.'ഒരേ സാഹചര്യമെന്ന് തോന്നുന്നതെല്ലാം ഒരുപോലെയാകണമെന്നില്ല. നമുക്ക് അറിയാത്ത കാരണങ്ങളാവാം, മറ്റൊരാളുടെ വേദനയ്ക്ക് പിന്നില്‍. പരിമിതമായ അനുഭവങ്ങളുടെ ജനാലയിലൂടെ മാത്രം നോക്കുമ്പോള്‍, മറ്റുള്ളവരുടെ കണ്ണീര് പോലും അമിതപ്രതികരണമായി തോന്നാം. അറിയാതെ വിലയിരുത്തരുത്. മനസ്സിലാക്കാന്‍ ശ്രമിക്കൂ - ശുഭദിനം.

Post a Comment