o അധ്യാപക ക്ഷാമം പരിഹരിക്കണം; അടിയന്തര നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ*
Latest News


 

അധ്യാപക ക്ഷാമം പരിഹരിക്കണം; അടിയന്തര നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ*

 *അധ്യാപക ക്ഷാമം പരിഹരിക്കണം; അടിയന്തര നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ*



മാഹി: അധ്യയന വർഷം ആരംഭിച്ചിട്ടും ഈസ്റ്റ് പള്ളൂർ അവറോത്ത് സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഗുരുതരമായ അധ്യാപക ക്ഷാമം തുടരുകയാണ്. ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ സ്ഥിരം അധ്യാപകരില്ലാത്തതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം റൊട്ടേഷൻ അടിസ്ഥാനത്തിൽ എത്തുന്ന അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കൂടാതെ, അറബിക് ഭാഷയ്ക്ക് അധ്യാപകൻ ഇല്ലാത്ത സാഹചര്യമാണുള്ളത്. ഭൂരിഭാഗം അധ്യാപകരും ഗസ്റ്റ് അധ്യാപകരായതിനാൽ പല ക്ലാസുകൾക്കും ക്ലാസ് ടീച്ചർമാരില്ലാത്ത അവസ്ഥയും നിലനിൽക്കുന്നു.


ഇതുമൂലം വിദ്യാർത്ഥികളുടെ പഠനക്രമവും അക്കാദമിക നിലവാരവും പ്രതികൂലമായി ബാധിക്കപ്പെടുന്നതോടൊപ്പം കുട്ടികളുടെ ഭാവിയെക്കുറിച്ചും രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ എല്ലാ സ്കൂളുകളും സി.ബി.എസ്.ഇ. സിലബസിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന സിലബസിനേക്കാൾ കൂടുതൽ ആഴവും പ്രയത്‌നവും ആവശ്യപ്പെടുന്ന ഈ പഠനരീതിയിൽ മതിയായ അധ്യാപകസാന്നിധ്യമില്ലാതെ വിദ്യാർത്ഥികൾക്ക് മുന്നേറുക ഏറെ പ്രയാസകരമാണെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.


ഒരു കാലത്ത് മാഹി മേഖലയിലെ വിദ്യാഭ്യാസ സംവിധാനം പ്രദേശത്തെ ഏറ്റവും കാര്യക്ഷമവും മാതൃകാപരവുമായ സംവിധാനങ്ങളിലൊന്നായിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പോലും മാഹി മേഖലയിലെ സ്കൂളുകളിൽ പ്രവേശനം നേടാൻ ശ്രമിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും, എന്നാൽ നിലവിൽ വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകർച്ച ആശങ്കാജനകമാണെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.


ഈ സാഹചര്യത്തിൽ അധ്യാപക ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അവറോത്ത് സ്കൂളിലെ രക്ഷിതാക്കൾ മാഹി എം.എൽ.എ, അഡ്വ . ടി അശോക് കുമാർ, റീജിയണൽ അഡ്മിനിസ്ട്രേറ്റർ (RA), ചീഫ് എജ്യുക്കേഷണൽ ഓഫീസർ (CEO) എന്നിവരെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. വിഷയത്തിന്റെ ഗൗരവം അംഗീകരിച്ച എം.എൽ.എ, പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനായി രക്ഷിതാക്കൾക്കൊപ്പം പൂർണ പിന്തുണയും ഇടപെടലും വാഗ്ദാനം ചെയ്തതായി അവർ അറിയിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും ഭാവിയും സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും രക്ഷിതാക്കൾ മുന്നോട്ടുവച്ചു

Post a Comment

Previous Post Next Post