*ദേശീയ സമ്മതിദായക ദിനം: മാഹിയിൽ പദയാത്ര സംഘടിപ്പിച്ചു*
മാഹി: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് മൈഭാരത് മാഹി മുനിസിപ്പൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പദയാത്ര ഡെപ്യൂട്ടി തഹസിൽദാറും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ മനോജ് വളവിൽ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര യുവജനകാര്യ–കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുക, യുവജനങ്ങളിൽ വോട്ടർ ബോധവത്കരണം വളർത്തുക, ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കളെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പദയാത്ര.
പരിപാടിയിൽ മൈഭാരത് ഡെപ്യൂട്ടി ഡയറക്ടർ സനൂപി സി, കൃപേഷ് കെ.വി, മാഹി മദർ തെരേസ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു വി.വി, സായന്ത് ടി, സുനിൽ കേളോത്ത് എന്നിവർ സംസാരിച്ചു. മാഹി മദർ തെരേസ നഴ്സിംഗ് കോളേജിലെയും പുതുച്ചേരി സർവകലാശാല സെന്റർ മാഹിയിലെയും വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു.
പുതുച്ചേരി സംസ്ഥാന സർക്കാരിന്റെ മികച്ച തെരഞ്ഞെടുപ്പ് സേവനങ്ങൾക്കുള്ള അവാർഡ് നേടിയ ഡെപ്യൂട്ടി തഹസിൽദാറും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ മനോജ് വളവിലിനെയും ബൂത്ത് ലെവൽ ഓഫീസറായ കൃപേഷിനെയും ചടങ്ങിൽ ആദരിച്ചു.

Post a Comment