*പള്ളൂർ ഹോസ്പിറ്റൽ: പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി 19 ന് നടക്കും: എം.എൽ.എ*
പള്ളൂർ ഗവൺമെന്റ് ആശുപത്രിക്ക് പുതുതായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി 19 ന് നടക്കും. പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിയുടെ അധ്യക്ഷതയിൽ പുതുച്ചേരി ലെഫ്. ഗവർണർ കെ.കൈലാസനാഥൻ ശിലാസ്ഥാപന കർമ്മം ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി കെ.ലക്ഷ്മി നാരായണൻ മുഖ്യഭാഷണം നടത്തും. ആറര പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നിത്യേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്നുണ്ട്. ആശുപത്രി വികസനത്തിന്റെ ഭാഗമായി, നിലവിലുണ്ടായിരുന്ന മൃഗാശുപത്രിയുടെ സ്ഥലം ആരോഗ്യ വകുപ്പിന് കൈമാറി മൃഗാശുപത്രിക്ക് ആവശ്യമായ സ്ഥലം നഴ്‌സസ് കോട്ടേഴ്‌സിനടുത്ത് നൽകിയിട്ടുണ്ട്. നിലവിൽ 30 കിടക്കകളുള്ള ആശുപത്രിക്ക് 50 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടമാണ് നിർമ്മിക്കുന്നത്
ആദ്യഘട്ടമായി 20.57 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടൊപ്പം ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, ഡെന്റൽ വിഭാഗങ്ങൾ, സ്പെഷലിസ്റ്റ് ഡോക്ടർമാർ, ഫാർമസി, ഡിജിറ്റൽ ലാബ്, ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ആശുപത്രി നിർമ്മിക്കുന്നത്. ദ്രുതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

Post a Comment