അഴിയൂരിൽ കോൺഗ്രസിനു വീണ്ടും തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജെപിയിൽ
അഴിയൂർ: അഴിയൂരിലെ ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിൽ ചേർന്നു. രണ്ട് തവണ വടകര ബ്ലോക്ക് പഞ്ചായത്തിലെ അഴിയൂർ, കല്ലാമല ഡിവിഷനുകളിൽ നിന്നു യുഡിഎഫ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.ജയകുമാറാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. വടകരയിലെ ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ അധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്‌ണൻ ജയകുമാറിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. 30 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ജയകുമാർ ബിജെപിയിൽ അംഗത്വം എടുത്തത്. അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഭാര്യയും പത്ത് ദിവസം മുമ്പാണ് ബിജെപിയിൽ ചേർന്നത്. ഇതിനു പിന്നാലെയാണ് അഴിയൂരിലെ മറ്റൊരു നേതാവ് കൂടി കോൺഗ്രസ് വിടുന്നത്. കോൺഗ്രസ് ഇന്ന് ലീഗും ആർഎംപിഐയും നിയന്ത്രിക്കുന്ന പാർട്ടിയായി മാറിയെന്നും
കുടുംബാധിപത്യവും ഏകാധിപത്യവുമാണ് കോൺഗ്രസിനെ നശിപ്പിച്ചതെന്നും ജയകുമാർ പറഞ്ഞു. ബിജെപി യുടെ വികസിത കാഴ്ചപ്പാട് ഏറെ പ്രതീക്ഷനൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സമിതി അംഗം ഒ.നിതീഷ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: ദിലീപ്, പി.പി.മുരളി, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത് അഴിയൂർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിത്ത് കുമർ തയ്യിൽ എന്നിവർ സംബന്ധിച്ചു.

Post a Comment