◾ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും, പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ഇന്നലെ പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞു പോയതാണെന്നും മണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമര്‍ശം വന്‍വിവാദമായിരുന്നു
2025 | ഡിസംബർ 15 | തിങ്കൾ
1201 | വൃശ്ചികം 29 | ചിത്തിര | ജ:ആഖിർ 24
🌹🦚🦜➖➖➖
➖➖➖➖➖➖➖➖
◾ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് അതിജീവിത. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. ഉയര്‍ന്ന നീതിബോധമുള്ള ന്യായാധിപന്മാര് ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീല്‍ നല്‍കുമെന്ന സൂചനയും പങ്കുവച്ചു.പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയില്ല, തുറന്ന കോടതിയില്‍ കേസ് നടത്തണമെന്ന ആവശ്യം നിരാകരിച്ചു എന്നിങ്ങനെ നീളുന്നു കോടതിയില്‍ നിന്ന് നേരിട്ട നീതിനിഷേധമെന്ന് അതിജീവിത വ്യക്തമാക്കി.
◾ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് ആവര്‍ത്തിച്ച് നടി മഞ്ജു വാര്യര്‍. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ആസൂത്രണം ചെയ്തവര്‍ പുറത്തുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണെന്നും അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകുകയുള്ളൂ എന്നും മഞ്ജു വാര്യര്‍ കുറിപ്പില്‍ പറഞ്ഞു.
◾ മലയാള സിനിമയില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്നും സ്റ്റാറുകളെ വളര്‍ത്തിയത് മാധ്യമങ്ങളാണെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പെണ്‍കുട്ടി അനുഭവിക്കുകയാണ്. ഇത്രയും പോരാട്ടം നടത്തിയിട്ടും ട്രയല്‍ കൂട്ടില്‍ നിന്നും അയാള്‍ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകന് എന്ന നിലയില്‍ ആളുകള്‍ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇതാണ് അവസ്ഥ. ഇത് മാറണമെങ്കില്‍ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
◾ നടിയെ ആക്രമിച്ച കേസിലെ വിധി ന്യായത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീ ആണെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയില്‍ പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിധി ന്യായത്തില്‍ കോടതി വിമര്‍ശിക്കുന്നു. ആരാണ് സുനിയുടെ മൊഴിയില്‍ പറഞ്ഞ മാഡമെന്നാണ് കോടതി ചോദിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് വിധിന്യായത്തില്‍ ചൂണ്ടികാണിക്കുന്നത്.
◾ നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ഊമക്കത്ത് പ്രചരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസ്. ഇതേ കത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഇത്തരത്തിലൊരു കത്ത് പുറത്തുവന്ന കാര്യം ഡിജിപിയെ അറിയിച്ചുവെന്നാണ് ബൈജു പൗലോസ് വ്യക്തമാക്കിയിരിക്കുന്നത്. ശിക്ഷാവിധി പറയുന്നതിന് മുമ്പാണ് ഇങ്ങനെയൊരു ഊമക്കത്ത് ഹൈക്കോടതി ബാര്‍ അസോസിയേഷന് കിട്ടുന്നത്.
◾ വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വിസിയെ നിയമിക്കാന്‍ അധികാരം ചാന്‍സലര്‍ക്കാണ്. യുജിസി ചട്ടവും കണ്ണൂര്‍ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍ കോടതി ഇത് പരിഗണിക്കുന്നില്ല. ഇത് ശരിയല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിസി നിയമനം സേര്‍ച്ച് കമ്മിറ്റിക്ക് വിട്ട തീരുമാനത്തിലാണ് ഗവര്‍ണര്‍ സുപ്രീംകോടതിക്കെതിരെ സംസാരിച്ചത്.ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതികള്‍ക്ക് അധികാരമില്ല എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തും. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണം എന്നാണ് ആവശ്യം. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്തര്‍ദേശീയ പുരാവസ്തു കള്ളക്കടത്ത് സംഘത്തിനുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘത്തിന് മുന്പില് പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരങ്ങള്‍ താന്‍ എസ്ഐടിയുടെ മുന്പില് പറഞ്ഞിട്ടുണ്ടെന്നും ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് ലഭിച്ച വിവരങ്ങളാണ് കൈമാറിയത്, തെളിവുകളല്ലെന്നും ചെന്നിത്തല പറഞ്ഞു.
◾ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയ വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു. 1987ല്‍ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തില്‍ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
◾ ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ നിലപാടാണിതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലുമടക്കം ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തോടായിരുന്നു കെസി വേണുഗോപാലിന്റെ മറുപടി.
◾ നേമം മോഡല്‍ പ്രഖ്യാപനത്തിന് ബി ജെ പി. തലസ്ഥാനത്ത് നിയമ സഭാ സീറ്റുകളില്‍ നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിജെപി. നേമത്ത് താന്‍ സ്ഥാനാര്‍ഥി ആകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സീറ്റുകളില്‍ നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരും. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. ശ്രീലേഖയെ നിയമ സഭയിലേക്ക് മത്സരിപ്പിക്കാനും നീക്കമുണ്ട്.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ളയടക്കം തിരിച്ചടിയായെന്നും ഭരണവിരുദ്ധ വികാരമുണ്ടായെന്നും സിപിഎം വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സംഘടനാ തലത്തില്‍ വീഴ്ചയുണ്ടായെന്നും വിലയിരുത്തുന്നു. പരാജയം ഇഴകീറി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും ആരോപണവിധേയരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് എതിര്‍വികാരം ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തി.
◾ എം എം മണിയുടെ പരാമര്‍ശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ലെന്നും അത് പാര്‍ട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്നും ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായി പാര്‍ട്ടിയും മുന്നണിയും തിരിച്ചുവരുമെന്നും ആത്മ വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഏതെങ്കിലും തരത്തില്‍ അടിയൊഴുക്കകള്‍ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
◾ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ക്ഷണിച്ച് കോണ്‍ഗ്രസ്. യുഡിഎഫ് വിട്ടു പോയവര്‍ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോണ്‍ഗ്രസിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. അതേ സമയം അന്‍വര്‍-യുഡിഎഫ് ബന്ധം ഉറപ്പിച്ചുവെന്നും അന്‍വറിന്റെ പാര്‍ട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകുമെന്നും അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
◾ മലപ്പുറത്തെ വലിയ വിജയങ്ങള്‍ക്കിടയിലും പൊന്മുണ്ടം പഞ്ചായത്തിലുണ്ടായ തോല്‍വി മുസ്ലീം ലീഗിന് കനത്ത തിരിച്ചടി. സിപിഎമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചതില്‍ കടുത്ത പ്രതിഷേധത്തിലാണ് മുസ്ലീം ലീഗ്. കോണ്‍ഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നും അതങ്ങനെ വിടാന്‍ മുസ്ലീം ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.മലപ്പുറത്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരിച്ചത് ഇത്തവണ പൊന്മുണ്ടം പഞ്ചായത്തില്‍ മാത്രമായിരുന്നു.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ തിരിച്ചടിയില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് കെ.കെ ശിവരാമന്. ഇനിയെങ്കിലും കാര്യങ്ങള്‍ മനസിലാക്കാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പല നേതാക്കളുടെയും ധാരണ. പ്രവര്‍ത്തിയും വാക്കും തമ്മില്‍ പൊരുത്തം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
◾ തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയിലെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വാട്സ്ആപ്പ് സ്റ്റാറ്റസുമായി മേയര്‍ ആര്യ രാജേന്ദ്രന്. ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നായിരുന്നു ജനങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി ആര്യയുടെ വാചകം. തോല്‍വിക്ക് കാരണം മേയര്‍ ജനകീയത ഇല്ലാതാക്കിയതെന്ന് സിപിഎം കൗണ്‍സിലറായിരുന്ന ഗായത്രി ബാബു വിമര്‍ശിച്ചിരുന്നു.
◾ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്രന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയെന്ന് ആര്യക്കെതിരെ നിയമ പോരാട്ടം നടത്തുന്ന മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. തന്നെപ്പോലെയുള്ളവരോടുള്ള പെരുമാറ്റങ്ങള്‍ ജനങ്ങള്‍ വിലയിരുത്തിയെന്ന് യദു പറഞ്ഞു. നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
◾ പാലക്കാട് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ നഗരസഭയില്‍ ബിജെപിയെ തടയാന്‍ സഖ്യ സാധ്യത അന്വേഷിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. ബിജെപിയെ മാറ്റിനിര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരുമായി കൈകോര്‍ക്കാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും ഡിസിസി പ്രസിഡന്റ്എ തങ്കപ്പന് പറഞ്ഞു. ബിജെപി ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.
◾ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ പടയൊരുക്കവുമായി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍. ദേശീയ നേതാവ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. ഇതിനുപിന്നാലെ കൊടിക്കുന്നലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജും രംഗത്തെത്തി. കൊട്ടാരക്കര നഗരസഭയിലേക്ക് കൊടിക്കുന്നിലിന്റെ വിജയം എന്ന് പരിഹസിച്ചുകൊണ്ടാണ് അജു ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം, തനിക്കെതിരെ പോസ്റ്റിട്ട അന്‍വര്‍ സുല്‍ഫിക്കറിനെതിരെ നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
◾ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ വലിയ സന്തോഷത്തിലാണെന്നും സര്‍ക്കാരിന്റെ പരാജയം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും പിസി വിഷ്ണുനാഥ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വര്‍ണ്ണചെമ്പ് പാട്ട് പാടിയാണ് പി സി വിഷ്ണുനാഥ് പ്രതികരിച്ചത്. എം എം മണിയുടെ പ്രസ്താവന മനോഭാവം വ്യക്തമാക്കുന്നതാണെന്നും എം എം മണി സത്യസന്ധന് ആയത് കൊണ്ട് സത്യം തുറന്നു പറഞ്ഞുവെന്നും മറ്റുള്ളവര്‍ മനസില്‍ സൂക്ഷിച്ചുവെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
◾ പാലാ നഗരസഭയുടെ ഭരണം നേടാന്‍ സ്വതന്ത്രരുടെ പിന്തുണ തേടി മുന്നണികള്‍. നഗരസഭയില്‍ നിര്‍ണായകമാകുക പുളിക്കകണ്ടം കൗണ്‍സിലേഴ്സിന്റെ തീരുമാനമാണ്. ഒരു കുടുംബത്തില്‍ നിന്നുള്ള മൂന്ന് കൗണ്‍സിലേഴ്സ് ആരെ പിന്തുണക്കും എന്നതില്‍ ആകാംക്ഷ തുടരുകയാണ്. ആര്‍ക്ക് പിന്തുണ കൊടുക്കണം എന്നതില്‍ തീരുമാനം എടുത്തിട്ടില്ല. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ അംഗീകരിക്കുന്നവര്‍ക്കൊപ്പം മാത്രം യോജിക്കുമെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.
◾ കൊച്ചിയിലെ മേയറെ പാര്‍ട്ടി തീരുമാനിക്കുമെന്നും താന്‍ ഒരു ക്ലെയിമും ഉന്നയിക്കില്ലെന്നും ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ആള് തന്നെയാവണമല്ലോ മേയര്‍ എന്നും ദീപ്തി മേരി ചൂണ്ടിക്കാട്ടി. ഒരു ഘടകം മാത്രമല്ല എല്ലാ ഘടകങ്ങളും പരിഗണിക്കും. സാമുദായിക സമവാക്യങ്ങള്‍ അടക്കം എല്ലാം പാര്‍ട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി.
◾ തെരഞ്ഞെടുപ്പ് ഫലം പിണറായിസത്തിന് ഏറ്റ തിരിച്ചടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. മരുമകന് മന്ത്രി മുഹമ്മദ് റിയാസ് മുന്നില്‍ നിന്ന് നയിച്ചിട്ട് കോഴിക്കോട് പോലും പരാജയം ഉണ്ടായി. സര്‍ക്കാരിന് തുടരാന്‍ ഉള്ള അവകാശം നഷ്ടപ്പെട്ടു. പിണറായിയില്‍ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്. അതല്ല ഉണ്ടായത്. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തതെന്നും പിവി അന്‍വര്‍ പറഞ്ഞു.
◾ പെരിങ്ങോട്ടക്കുറിശ്ശിയിലെ തോല്‍വിയില്‍ സിപിഎമ്മിനെ പഴിച്ച് എ വി ഗോപിനാഥ്. സിപിഎമ്മിലെ തര്‍ക്കങ്ങള്‍ കാരണം ചിലയിടങ്ങളില്‍ വോട്ട് ചോര്‍ന്നു. താന്‍ മത്സരിച്ച വാര്‍ഡുകളില്‍ ഉള്‍പ്പെടെ അത് പ്രതിഫലിച്ചു. തോല്‍വി അപ്രതീക്ഷിതമാണെന്നും എല്‍ഡിഎഫിനൊപ്പം തുടരുമെന്നും പെരിങ്ങോട്ടുകുരിശ്ശിയില്‍ എല്‍ഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് കെ.ടി. ജലീല്‍. ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജലീല്‍ തന്റെ ശുഭാപ്തിവിശ്വാസം പങ്കിട്ടത്. 2010-ലെ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിന്റെ സ്ഥിതി സമാനമായിരുന്നെന്നും എന്നാല്‍, 2011-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും ജലീല്‍ പറഞ്ഞു.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് നടത്തിയ വിലയിരുത്തലിനെ വിമര്‍ശിച്ച് എഐസിസി അംഗം വി ടി ബല്‍റാം. ന്യൂനപക്ഷങ്ങളിലെ ഒരു കൂട്ടര്‍ക്ക് വേണ്ടി പലസ്തീന്, വേറെ ചിലര്‍ക്ക് വേണ്ടി വെള്ളാപ്പള്ളി സ്തുതി, വേറെ ചിലര്‍ക്ക് വേണ്ടി മുനമ്പം, ഇങ്ങനെ തരാതരം നിലപാടെടുത്താല്‍ ഓരോരോ വിഭാഗങ്ങളുടേയും വോട്ടുകള്‍ പെട്ടിയില്‍ വീഴുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നതെന്ന് ബല്‍റാം വിമര്‍ശിക്കുന്നു.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് പ്രാദേശിക സിപിഎം നേതാവ്. മലപ്പുറം ചുങ്കത്തറ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എം ആര് ജയചന്ദ്രനാണ് വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് ജയചന്ദ്രന് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
◾ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂരില്‍ ആക്രമണം തുടരുന്നു. പയ്യന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞു കൊണ്ടായിരുന്നു ആക്രമണം. കാനായി സ്വദേശി പികെ സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പികെ സുരേഷ് നഗരസഭയിലെ ഒമ്പതാം വാര്‍ഡില്‍ മത്സരിച്ചിരുന്നു. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിക്കുന്നു.
◾ കണ്ണൂര്‍ പാനൂരിലെ വടിവാള്‍ ആക്രമണത്തില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നല്‍കിയത് ശരത്ത്, അശ്വന്ത്, അനുവിന്, ആഷിക്, സച്ചിന്, ജീവന് എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും അക്രമങ്ങളില്‍ പരിക്കേറ്റു.
◾ രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കില്ല. ഹാജരാകണം എന്നറിയിച്ച് ഒരറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ജാമ്യ വ്യവസ്ഥയില്‍ 15 ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നാണ് രാഹുലിന്റെ പ്രതികരണം. രാഹുലിന്റെ ചോദ്യം ചെയ്യലില്‍ ഇന്നത്തെ ഹൈക്കോടതിയുടെ അപ്പീല്‍ തീരുമാനമനുസരിച്ചാകും അന്വേഷണ സംഘത്തിന്റെ തീരുമാനം.
◾ നെടുമങ്ങാട് അഴീക്കോട് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 3 ജീവനക്കാര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ ജീവനക്കാരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾ വിജയലഹരിയില്‍ മതിമറന്നെത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബീമ സനീഷിന്റെ മകള്‍ ആമിനയ്ക്കാണ് (21) പരിക്കേറ്റത്.
◾ മുന്‍ യുഡിഎഫ് കൗണ്‍സിലറും ഇത്തവണത്തെ സ്ഥാനാര്‍ഥിയുമായിരുന്ന വി.ആര്. സിനി കുഴഞ്ഞു വീണ് മരിച്ചു. സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാര്‍ഡില്‍ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്.
◾ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ 2025 ലെ പട്ടിക പുറത്തിറക്കി ഫോബ്സ്. പട്ടികയില്‍ ഇടം നേടി ധനമന്ത്രി നിര്‍മ്മല സീതാരാമന്. യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഒന്നാം സ്ഥാനത്തെത്തി. നിര്‍മ്മലാ സീതാരാമന് കൂടാതെ ഇന്ത്യയില്‍ നിന്ന് മൂന്ന് പേര് കൂടി പട്ടികയില്‍ ഇടംപിടിച്ചു. ഇരുപത്തിനാലാം സ്ഥാനത്താണ് നിര്‍മ്മല സീതാരാമന്.
◾ വോട്ട് ചോരി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ദില്ലിയിലെ കോണ്‍ഗ്രസിന്റെ വിശാല റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോണ്‍ഗ്രസ് ഇല്ലാതാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പേരെടുത്ത് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
◾ ഫലം അനുകൂലമല്ലാത്തപ്പോഴെല്ലാം ഇവിഎമ്മിനെ കുറ്റം പറയുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും ഫലം അനുകൂലമായപ്പോള്‍ രാഹുല്‍ സ്വീകരിക്കുന്നുവെന്നും ബിജെപി വക്താവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍, ഫലം അനുകൂലമാകുമ്പോള്‍ മാത്രം രാഹുല്‍ ഗാന്ധി ഇവിഎമ്മിനെ അംഗീകരിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. ഒഴിവുകഴിവുകളല്ല, തോല്‍വിയും അംഗീകരിക്കുന്ന നേതാക്കളെയാണ് ജനാധിപത്യത്തിന് വേണ്ടതെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
◾ ബിഹാറിലെ മന്ത്രി നിതിന്‍ നബീനെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ച് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്. പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിച്ചു കൊണ്ടുള്ള ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അടുത്ത പാര്‍ട്ടി അദ്ധ്യക്ഷനായി നിതിന്‍ നബീന് എത്താനാണ് സാധ്യത.
◾ ദില്ലിയില്‍ ഒരിടവേളയ്ക്കുശേഷം വായുമലിനീകരണം വീണ്ടും രൂക്ഷമായി. വായു ഗുണനിലവാരതോത് താഴ്ന്ന് ഗുരുതര വിഭാഗത്തിലെത്തി. 460 ആണ് ഇന്നലെ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വായു മലിനീകരണത്തോതാണിത്. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ദില്ലിയില്‍ ഗ്രേഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ ഓഫീസുകളില്‍ 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു
◾ 2015-ല്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതി. കുറ്റം ഒഴിവാക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കത്തില്‍ രാഷ്ട്രപതി ഇടപെടണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
◾ രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും നിലവിലുള്ള നമ്പര്‍ പ്ലേറ്റുകളുടെ രൂപകല്‍പ്പന പുതുക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ആധുനിക സ്മാര്‍ട്ട് ട്രാഫിക് സംവിധാനത്തിന് അനുസൃതമായ അന്താരാഷ്ട്ര നിലവാരമുള്ള നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.വാഹന നമ്പര്‍ പ്ലേറ്റുകളുടെ ദൃശ്യത മെച്ചപ്പെടുത്തുക, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക, കൂടുതല്‍ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങളില്‍ ഏകീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി.
◾ സിഡ്നിയിലെ വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പില്‍ 12 പേര് കൊല്ലപ്പെട്ടു. പ്രാദേശിക സമയം വൈകീട്ട് 6.45-ഓടെയാണ് വെടിവയ്പുണ്ടായത്. അതേസമയം ബോണ്ടി ബീച്ചില്‍ ഉണ്ടായവെടിവയ്പ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. ആക്രമണം നടത്തിയ ഭീകരവാദികളിലൊരാളായ നവീദ് അക്രം പാകിസ്താന്‍കാരനാണെന്ന് തിരിച്ചറിഞ്ഞു.
◾ ഓസ്ട്രേലിയയെ നടുക്കിയ വെടിവയ്പില്‍ അക്രമികളിലൊരാളെ കീഴ്പ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്. അക്രമി 50 റൗണ്ടുകളിലേറെ വെടിയുതിര്‍ത്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഒരു മരത്തിന് പിന്നില്‍ നിന്ന് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ആക്രമിയെ പിന്നില്‍ നിന്ന് വെള്ള ടീ ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ് കീഴടക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സിഡ്നിയില്‍ പഴക്കച്ചവടക്കാരനായ അഹമ്മദ് അല്‍ അഹമ്മദാണ് അക്രമിയെ ധീരതയോടെ നേരിട്ടത്. രണ്ട് തവണ വെടിയേറ്റ 43കാരനായ അഹമ്മദ് സിഡ്നിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
◾ ലയണല്‍ മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂറിന്റെ മുഖ്യ സംഘാടകനായ സതാദ്രു ദത്തയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ദത്തയെ 14 ദിവസത്തേക്ക് ബിധാനഗര്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മെസ്സിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ദത്തയെ പോലീസ് അറസ്റ്റ് ചെയ്തത്.
◾
ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ഇന്നലെ മുംബൈയിലെത്തി. വാംങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഇതിഹാസതാരങ്ങളായ സച്ചിന് തെണ്ടുല്‍ക്കര്‍, സുനില്‍ ഛേത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മെസ്സിയുടെ സന്ദര്‍ശനമുണ്ടായിരുന്നത്. ഇന്ന് ഡല്‍ഹിയിലുള്ള മെസി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
◾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി മികച്ച പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അര്‍ധസെഞ്ചുറി തികച്ച എയ്ഡന്‍ മാര്‍ക്രം മാത്രമാണ് തിളങ്ങിയത്. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.
◾ രാജ്യത്തെ സാധാരണ നിക്ഷേപകര്‍ക്ക്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി തപാല്‍ വകുപ്പ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചുമായി സുപ്രധാന പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ശൃംഖലകളിലൊന്നായ തപാല്‍ വകുപ്പിന്റെ വിപുലമായ സേവനം ഇനി മ്യൂച്വല്‍ ഫണ്ട് വിതരണത്തിനായി ഉപയോഗിക്കും. കരാര്‍ പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട തപാല്‍ ഓഫീസുകള്‍ ബി.എസ്.ഇയുടെ മ്യൂച്വല്‍ ഫണ്ട് വിതരണ പ്ലാറ്റ്ഫോമായ ബി.എസ്.ഇ സ്റ്റാര്‍ എം.എഫ് വഴി മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഏജന്റുമാരായി പ്രവര്‍ത്തിക്കും. പ്രാരംഭ ഘട്ടത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് തപാല്‍ വകുപ്പും ബി.എസ്.ഇയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇത് പുതുക്കുന്നതിനുള്ള വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
◾ രജിനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജയിലര്‍ 2'. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ജയിലര്‍ 2 വില്‍ നടി വിദ്യ ബാലനും ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 14 ന് ചിത്രം റിലീസിനെത്തും. ചെന്നൈ, പാലക്കാട്, ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 2023 ലാണ് ജയിലറിന്റെ ആദ്യ ഭാഗം പുറത്തുവന്നത്. 200 കോടി ചിത്രം തിയറ്ററുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു. ജയിലര്‍ 2 വിലും മോഹന്‍ലാല്‍, ശിവരാജ്കുമാര്, നന്ദമൂരി ബാലകൃഷ്ണ, മിഥുന് ചക്രവര്‍ത്തി എന്നിവരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജയിലര്‍ 2 വില്‍ നടന് വിനായകനും ഉണ്ടാകുമെന്നാണ് വിവരം.
◾ മമ്മൂട്ടി, വിനായകന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ രണ്ടാം വാരത്തിലും വന്‍ വിജയം നേടുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാമത്തെ ശനിയാഴ്ചയും ഗംഭീര ബുക്കിംഗ് ആണ് കേരളത്തിലുടനീളം ലഭിച്ചത്. രണ്ടാം വാരത്തില്‍ കേരളത്തിലെ 300ല്‍ പരം സ്ക്രീനുകളിലാണ് കളങ്കാവല്‍ പ്രദര്‍ശിപ്പിക്കുന്നത്. ജിതിന് കെ ജോസ് സംവിധാനം ചെയ്ത ചിത്രം ക്രൈം ത്രില്ലര്‍ ഡ്രാമയാണ്. ജിഷ്ണു ശ്രീകുമാറും ജിതിനും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം വേഫറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്തത്. മമ്മൂട്ടി, വിനായകന് എന്നിവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ 50 കോടി ക്ലബില്‍ എത്തിയ ചിത്രം, ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്ക്വാഡ്, ഭ്രമയുഗം, ടര്‍ബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍.
◾ മഞ്ഞുകാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹൃദ്രോഗങ്ങള്‍ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മര്‍ദം കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കും. രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തം കട്ടപിടിക്കുന്നതു മൂലമോ പേശികള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകുന്നത്. തണുത്തവെള്ളം ചര്‍മത്തിലെ രക്തക്കുഴലുകളെ ചുരുക്കും. അതുകൊണ്ടുതന്നെ തണുത്തവെള്ളത്തിലുള്ള കുളി ശരീരത്തിലെ രക്തപ്രവാഹം സാവധാനത്തിലാക്കും. ഇതിന്റെ ഫലമായി രക്തം പമ്പുചെയ്യാന്‍ വേണ്ടി ഹൃദയം വളരെവേഗത്തില്‍ മിടിക്കാനും തുടങ്ങും. അതുകൊണ്ട് തണുപ്പുകാലത്ത് ചൂടുവെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിക്കുന്നതാണ് നല്ലത്. കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ശരീരം ചൂടാക്കി നിലനിര്‍ത്താനും ശ്രദ്ധിക്കണം. ദിവസം അരമണിക്കൂറെങ്കിലും വ്യായാമവും വര്‍ക്കൗട്ടും ചെയ്യുന്നതും ശരീരത്തെ ചൂടാക്കുകയും ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ചൂടുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

Post a Comment