ചെറുകഥാകൃത്ത് എം. രാഘവൻ വിട പറഞ്ഞു.
മാഹി: പ്രമുഖ ചെറുകഥാകൃത്തും,നാടക രചയിതാവും, നോവലിസ്റ്റും, വിഖ്യാത നോവലിസ്റ്റ് എം. മുകുന്ദന്റെ ജേഷ്ഠ സഹോദരനുമായ എം. രാഘവൻ (95 )തിങ്കളാഴ്ച പുലർച്ചെ 5.30 ന് ഭാരതിയാർ റോഡിലെ സാഹിത്യ തറവാടായ മണിയമ്പത്ത് നിര്യാതനായി.ദില്ലിയിലെ
ഫ്രഞ്ച് എംബസ്സിയിലെ സാംസ്കാരികവകുപ്പിൽ ദീർഘകാലം ഉന്നത ഉദ്യോഗസ്ഥനായിരുന്നു.
ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റേയും, കൊറമ്പാത്തിയമ്മയുടേയും മൂത്ത മകനാണ്
ഭാര്യ: അംബുജാക്ഷി (ഒളവിലം)
മക്കൾ:ഡോ: പിയൂഷ് (കോയമ്പത്തൂർ ) സന്തോഷ്
മരുമക്കൾ:ഡോ:മൻവീൻ (പഞ്ചാബ്) പ്രഭ (ധർമ്മടം)
സഹോദരങ്ങൾ: നോവലിസ്റ്റ് എം.മുകുന്ദന് പുറമെ മണിയമ്പത്ത് ശിവദാസ് (റിട്ട:ചീഫ് എഞ്ചിനീയർ ഭക്രാനംഗൽ)എം.വിജയലക്ഷ്മി (ധർമ്മടം)
പരേതരായ
മണിയമ്പത്ത് ബാലൻ (എഞ്ചിനീയർ ) കഥാകൃത്ത് എം. ശ്രീജയൻ ( പെരിങ്ങാടി) , എഴുത്തുകാരി കൗസല്യ,ദേവകി (മാഹി)
സംസ്ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് മാഹി മുൻസിപ്പാൽ വാതക ശ്മശാനത്തിൽ നടക്കും.
മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസ്സായ രാഘവൻ,മുംബെയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ദില്ലിയിലെ എംബസ്സിയിലും ജോലി ചെയ്തു. 1983-ൽ എംബസ്സിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്നും വിരമിച്ചു. പിന്നീട് മയ്യഴി യിൽ സ്ഥിര താമസമാക്കിയ അദ്ദേഹം സാഹിത്യരചനയിൽ മുഴുകുകയായിരുന്നു. .
എം.രാഘവൻ
സാഹിത്യ രംഗത്തെ സമഗ്ര സംഭാവന മുൻ നിർത്തിയുള്ള കേരള സാഹിത്യ അക്കാദമിയുടെ 2023ലെ പുരസ്കാരവും
ന്യൂമാഹി സഹൃദയ സാംസ്കാരിക വേദിയുടെ 2024 ലെ പ്രഥമ സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
നനവ് (ചെറുകഥാസമാഹാരം)
വധു (ചെറുകഥാസമാഹാരം)
സപ്തംബർ അകലെയല്ല (ചെറുകഥാസമാഹാരം)
ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരം)
നങ്കീസ് (നോവൽ)
അവൻ (നോവൽ)
യാത്ര പറയാതെ(നോവൽ)
ചിതറിയ ചിത്രങ്ങൾ(നോവൽ)
കർക്കിടകം(നാടകം)
ചതുരംഗം (നാടകം) എം.രാഘവന്റെസമ്പൂർണ്ണ കഥാസമാഹാരം (എഡിറ്റർ-ഡോ: മഹേഷ് മംഗലാട്ട് )
ദോറയുടെ കഥ, ഹെലൻ സിൿസ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെവിവർത്തനം എന്നിവയാണ് പ്രധാന കൃതികൾ.
ഫ്രഞ്ച് ഭാഷാ പണ്ഡിതനായ അദ്ദേഹം മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മയ്യഴിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ യൂന്യോം ദ് അമിക്കാലിന്റെ പ്രസിഡണ്ടും, മലയാള കലാഗ്രാമത്തിന്റെ ആരംഭകാലം തൊട്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എസ്.കെ.പൊറ്റെക്കാട്, എം.വി.ദേവൻ ടി.പത്മനാഭൻ .
എം.ടി. വാസുദേവൻ നായർ, എൻ.പി. മുഹമ്മദ്, മാധവിക്കുട്ടി , പുനത്തിൽ കുഞ്ഞബ്ദുള്ള, കാക്കനാടൻ, ഒ.വി.വിജയൻ ,എം.ജി.എസ്.നാരായണൻ , നടൻ ഇന്നസെന്റ്, തുടങ്ങിയ പ്രമുഖരുമായി ആത്മബന്ധമുണ്ടായിരുന്നു.
ദില്ലിയിലെ മലയാളിസമാജത്തിന്റെ വാർഷികങ്ങൾക്കായി ധാരാളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ അംബുജാക്ഷി ഒട്ടുമിക്ക നാടകങ്ങളിലും നായികയായി വേഷമിട്ടിരുന്നു.
ഇളക്കങ്ങൾ എന്ന കഥ അതേ പേരിൽ ചലച്ചിത്രമായിട്ടുണ്ട്. ഫ്രഞ്ചിൽ നിന്നും ഒട്ടേറെ ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
കഥാപാത്രങ്ങളുടെ മാനസികലോകം അനാവരണം ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നവയാണ് എം.രാഘവന്റെ കഥകൾ. ചിത്തവൃത്തികളുടെ ചോദനകളിലേക്ക് വെളിച്ചം വീശുന്നവയാണ് ആദ്യ സമാഹാരമായ നനവിലെ രചനകൾ. വ്യക്തിബന്ധത്തിന്റെ സങ്കീർണ്ണതകൾ അവ സമർത്ഥമായി ഇഴപിരിച്ചു കാണിക്കുന്നു. പില്ക്കാലരചനകൾ ആർദ്രമായ മാനസികാവസ്ഥ പ്രകടമാക്കുന്നു. വ്യക്തിജീവിതത്തിലെ ഒറ്റപ്പെടലുകളും ദൈന്യവും അനുതാപപൂർവ്വം കൈകാര്യം ചെയ്യുന്ന ഹൃദയാലുവായ കാഥികനാണ് ഇവയിൽ കാണപ്പെടുന്നത്.
പുതുശ്ശേരി സർക്കാർ മലയാളരത്നം ബഹുമതി നല്കി ആദരിച്ചു.
2008 ലെ നോവലിനുള്ള അബൂദാബി ശക്തി അവാർഡ് ചിതറിയ ചിത്രങ്ങൾക്ക്ലഭിച്ചു.
കേരള ഭാഷാഇൻസ്റ്റിട്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Post a Comment