o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്‍ഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ടുകള്‍ നേടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ അന്തിമകണക്ക്. 11.38 ലക്ഷം വോട്ടുകള്‍ കൂടുതല്‍.  യുഡിഎഫിന് 38.81 ശതമാനവും എല്‍ഡിഎഫിന് 33.45 ശതമാനവും വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎയ്ക്ക് 14.71 ശതമാനവും. പഞ്ചായത്തുതലത്തില്‍ 5.15 ശതമാനവും നഗരസഭകളില്‍ 8.97 ശതമാനവും വോട്ടുകള്‍ യുഡിഎഫിന് എല്‍ഡിഎഫിനെക്കാള്‍ അധികമായി കിട്ടി. കോര്‍പ്പറേഷനില്‍ 1.28 ശതമാനവും. അതേസമയം എന്‍ഡിഎയ്ക്ക് കോര്‍പ്പറേഷനില്‍ 23.58 ശതമാനം വോട്ടുകള്‍ ലഭിച്ചു. പഞ്ചായത്ത് തലത്തില്‍ 13.92 ശതമാനവും നഗരസഭകളില്‍ 14.40 ശതമാനവുമാണ് എന്‍ഡിഎയുടെ വിഹിതം.


2025 | ഡിസംബർ 20 | ശനി 

1201 | ധനു 5 | മൂലം | ജ:ആഖിർ 29



◾ സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. കേസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കരുതെന്ന് എസ്ഐടിക്കെതിരെ കോടതി മുന്നറിയിപ്പ് നല്‍കി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ഉത്തരവാദിത്തം ഉണ്ടെന്നും കെ.പി. ശങ്കര്‍ദാസിലേക്കും എന്‍. വിജയകുമാറിലേക്കും അന്വേഷണം പോകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല ഉന്നതരെന്നും നീതിപ്പൂര്‍വമായ അന്വേഷണം നടന്നാല്‍ മുന്‍ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്യലും അറസ്റ്റും തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഉണ്ടാകാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്കു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് കോടതി വിധിയെന്ന് സതീശന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ പ്രധാനപ്പെട്ട അംഗങ്ങളെ അറസ്റ്റു ചെയ്തില്ലെന്നും അന്വേഷണം വന്‍സ്രാവുകളിലേക്ക് നീങ്ങിയില്ലെന്നുമാണ് കോടതി പറഞ്ഞതെന്നും അതു തന്നെയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


◾ ശബരിമലയിലെ വിവാദ സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ എസ്.ഐ.ടിക്ക് പരിമിതികളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഉദ്യോഗസ്ഥര്‍ സത്യസന്ധമായി അന്വേഷിച്ചാല്‍ അവരുടെ ഭാവി അവതാളത്തിലാകുമെന്നും മുഖ്യമന്ത്രിയുടെ കോപത്തിന് അവര്‍ ഇരയാകുമെന്നും അദ്ദേഹം പറഞ്ഞു. മടിയില്‍ കനം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പേടിക്കുന്നത് എന്ന ചോദ്യം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ചോദിച്ച അദ്ദേഹം പത്മകുമാര്‍ പാര്‍ട്ടിക്ക് വേണ്ടി തെറ്റ് ചെയ്ത വ്യക്തിയാണെന്നും പറഞ്ഞു


◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റ് നടത്തി പ്രത്യേക അന്വേഷണ സംഘം. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയും ജ്വല്ലറി ഉടമ ഗോവര്‍ധനുമാണ് അറസ്റ്റിലായത്. ഇരുവരേയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനുമാണെന്നാണ് കണ്ടെത്തല്‍. പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.


◾ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചതിന്റെ നിര്‍ണായക രേഖ ലഭിച്ചു. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയില്‍ നിന്നാണ് രേഖ പിടിച്ചെടുത്തത്. സ്വര്‍ണം വേര്‍തിരിച്ചതിന്റെ കണക്കും കൂലിയുടെ വിവരങ്ങളും അടക്കം ഈ രേഖകളില്‍ വ്യക്തമാണ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് പറഞ്ഞിരുന്നത് തങ്ങളുടെ കയ്യില്‍ എത്തിയിരുന്നത് ചെമ്പുപാളിയാണ് എന്നായിരുന്നു.


◾ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും തിരിച്ചടി. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് അയച്ച നോട്ടീസിലെ തുടര്‍ നടപടി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഇഡിക്ക് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇഡി അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി അയച്ച നോട്ടീസിലെ തുടര്‍ നടപടിയാണ് വ്യാഴാഴ്ച സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്.


◾ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവന. വിസി നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ സെക്രട്ടേറിയറ്റില്‍ ഭിന്നത ഉണ്ടായില്ലെന്നാണ് വിശദീകരണം. സമവായത്തിനു മുന്‍കൈ എടുത്തത് ഗവര്‍ണറാണെന്നും കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ നിഷേധക്കുറിപ്പുമായാണ് പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.


◾ എസ്ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടികയില്‍ നിന്നും കേരളത്തില്‍ 25 ലക്ഷം പേര്‍ പുറത്തായെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിയവര്‍, ഇരട്ട രജിസ്ട്രേഷന്‍, കണ്ടെത്താനാകാത്തവര്‍ എന്നിവര്‍ക്ക് പുറമേ ''മറ്റുള്ളവര്‍'' എന്ന നിലയിലും വോട്ടര്‍ പട്ടികയില്‍ നിന്നും വലിയ തോതിലുള്ള ഒഴിവാക്കല്‍ നടക്കുന്നു. ആരാണ് ഈ ''മറ്റുള്ളവര്‍'' എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു തന്നെ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി കുറിച്ചു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളുകയല്ല വേണ്ടത്, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അര്‍ഹരായ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാവണം തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന്റെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


◾ മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരം ഷോ മിയാക്കി സംവിധാനം ചെയ്ത 'ടൂ സീസണ്‍സ് ടൂ സ്‌ട്രേഞ്ചേഴ്‌സ്' സ്വന്തമാക്കി. 20ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച സംവിധായകനുള്ള രജത ചകോരം 'ബിഫോര്‍ ദ ബോഡി' എന്ന ചിത്രത്തിലൂടെ കരീന പിയാസ, ലൂസിയ ബ്രസീലിസ് എന്നിവര്‍ക്ക് ലഭിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാര്‍ഡ് സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ' ഖിഡ്കി ഗാവ്' സ്വന്തമാക്കി. ഉണ്ണികൃഷ്ണന്‍ ആവളയുടെ 'തന്തപ്പേര്' പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി. കൂടാതെ, പ്രേക്ഷകപ്രീതിയാര്‍ജ്ജിച്ച ചിത്രത്തിനുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡും 'തന്തപ്പേര് സ്വന്തമാക്കി.


◾ ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് തിരിച്ചറിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. ഒരു കാര്യം ഉറപ്പിച്ചു പറയുന്നുവെന്നും ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തില്‍ മുട്ടുമടക്കില്ല. ഏതൊക്കെ കലാകാരന്മാര്‍ വരണം എന്നതില്‍ പോലും കേന്ദ്രം കൈകടത്തുന്നു. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഐഎഫ്എഫ്കെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


◾ കോര്‍പ്പറേറ്റ് നിയന്ത്രിത തൊഴില്‍ വിപണി സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ലേബര്‍ കോഡെന്ന് മുഖ്യമന്ത്രി. തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കാനെന്ന പേരില്‍ ലേബര്‍ കോഡുകള്‍ കൊണ്ടുവന്ന് തൊഴിലാളികളുടെ നിയമപരമായ പരിരക്ഷകള്‍ എടുത്തുമാറ്റി. ഇത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഈ സാഹചര്യത്തില്‍, തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും, അന്തസ്സും, അസ്തിത്വവും സംരക്ഷിക്കുന്നതിനുള്ള നിയമപരവും, രാഷ്ട്രീയപരവും, ജനാധിപത്യപരവുമായ പ്രതിരോധത്തിന്റെ വേദിയായി ലേബര്‍ കോണ്‍ക്ലേവിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.


◾ തൊഴിലുറപ്പ് ഭേദഗതിയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി. സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കും എന്നും ഭേദഗതി മൂലം കേരളത്തിന് പ്രതിവര്‍ഷം 3500 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നും കത്തില്‍ മുഖ്യന്ത്രി ആവശ്യപ്പെട്ടു. നിയമത്തിലെ പല വ്യവസ്ഥകളും അതീവ ആശങ്കയുണ്ടാക്കുന്നവയാണെന്നും അവ സംസ്ഥാനങ്ങളുടെ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിശദീകരിച്ചുകൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ കത്ത്


◾ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തുടര്‍ച്ചയായി മൂന്ന് തവണ ജഡ്ജിയായവര്‍ ഒഴിവാക്കപ്പെടും. വിധികര്‍ത്താക്കള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരില്‍ നിന്നും സത്യവാങ്മൂലവും എഴുതി വാങ്ങുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.


◾ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ചു സോണുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 344 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി.


◾ മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. ഇന്നലെ വൈകീട്ട് 6 മണി വരെ 75000 ത്തിലധികം തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. വ്യാഴാഴ്ച ഒരു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയിരുന്നു. 27ന് മണ്ഡല പൂജ കഴിഞ്ഞാല്‍ പിന്നെ മൂന്ന് ദിവസം നട അടയ്ക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ തന്നെയാണ് സാധ്യത.


◾ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎമ്മിന്റെ പന്തം കൊളുത്തി പ്രകടനം. ഇന്നലെ രാത്രിയാണ് ലോക്കല്‍ കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് മഹാത്മാഗാന്ധിയുടെ പേരുവെട്ടിമാറ്റി പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേലെ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന 'വികസിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്ലിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.


◾ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തില്‍ കേസെടുത്തതില്‍ നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഗാനം കൂട്ടത്തോടെ പാടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്. എറണാകുളം മേനകയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ ബാബു ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഗാനം പാടി പ്രതിഷേധിച്ചത്. നിരവധി പേരാണ് പാരഡി ഗാനത്തില്‍ പ്രതിഷേധിക്കാന്‍ എത്തിയത്.



◾ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയതുപോലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി പാര്‍ട്ടി കോണ്‍ക്ലേവ് നടത്താന്‍ കെപിസിസി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജനുവരിയില്‍ നടക്കുന്ന കോണ്‍ക്ലേവ് ഇപ്രാവശ്യവും വയനാട്ടിലായിരിക്കും.


◾ അംഗങ്ങളെ ഇടതുപക്ഷത്തേക്കും സി.പി.എമ്മിലേക്കും ക്ഷണിച്ച് ആലപ്പുഴ സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍. പിന്നാക്കക്കാരുടെ ക്ഷേമത്തിനായാണ് ബി.ഡി.ജെ.എസ്. രൂപം കൊണ്ടതെന്നും എന്നാല്‍, മുന്നാക്കക്കാര്‍ക്കും പ്രാധാന്യം നല്‍കുന്ന എന്‍.ഡി.എ.യില്‍ അവര്‍ക്കു നീതി കിട്ടുന്നില്ലെന്നും നാസര്‍ പറഞ്ഞു. ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികള്‍ക്കു സവര്‍ണരായ ബി.ജെ.പിക്കാര്‍ വോട്ടുപോലും ചെയ്തില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പിലും വ്യക്തമായെന്നും ഇവരെ മുന്നാക്കക്കാരുടെ അടിമകളായി മാറ്റാനാണു നോക്കിയതെന്നും ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ സി.പി.എമ്മിലും ഇടതുപക്ഷത്തും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.


◾ രണ്ടാം പാദ വാര്‍ഷിക പരീക്ഷയുടെ ഭാഗമായി ഇന്ന് നടത്താനിരുന്ന ഹയര്‍ സെക്കന്ററി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗം അറിയിച്ചതാണിത്. ചില സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചത് ആണ് കാരണം എന്നാണ് സൂചന.


◾ മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ പാരഡി ഗാനങ്ങള്‍ക്ക് കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം നല്‍കാന്‍ സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായിട്ടാണ് പാരഡി ഗാനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു.


◾ കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോഴിക്കോട് പയ്യോളി ഐ.പി.സി റോഡിലെ ഷെറിന്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്.കാലിത്തീറ്റ നിര്‍മ്മാണത്തിനെന്ന പേരില്‍ ശേഖരിച്ച പഴകിയ ബ്രഡ്, ചപ്പാത്തി എന്നിവയില്‍ നിന്നാണ് കട്‌ലറ്റ് പോലുള്ളവ ഉണ്ടാക്കിയിരുന്നത്.


◾ അമൂല്യ ഔഷധസസ്യമായ ആരോഗ്യപ്പച്ചയെക്കുറിച്ചുളള അറിവ് പുറംലോകത്തെ അറിയിച്ച ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. പുഷ്പാംഗദന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരം മണ്ണാമൂലയിലെ വസതിയിലായിരുന്നു അന്ത്യം.


◾ എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്നും സര്‍ക്കാര്‍ തീരുമാനം ശരിയാണെന്നും വാട്ടര്‍ അതോറിറ്റിയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി കൊടുത്തതെന്നും എന്നാല്‍ പിന്നീട് വാട്ടര്‍ അതോറിറ്റി അതില്‍ നിന്ന് പിന്‍മാറി എന്ന് കോടതിയെ അറിയിക്കുകയായിരുന്നുവെന്നും രാജേഷ് വിശദീകരിച്ചു.


◾ പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സര്‍ക്കാര്‍ ഉത്തരവിലെ പല വസ്തുതകളും ശരിയല്ലെന്നും അവ്യക്തയുണ്ടെന്നുമാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. ക്യാബിനറ്റ് നോട്സിലും സര്‍ക്കാര്‍ ഉത്തരവിലും പദ്ധതി വരുന്നത് കഞ്ചിക്കോട് ആണെന്നാണ് എഴുതിയിരിക്കുന്നതെന്നും എന്നാല്‍, ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയത് എലപ്പുള്ളി പഞ്ചായത്തിലാണെന്നും ഉത്തരവിലുണ്ട്.


◾ ഗര്‍ഭിണിയെ മുഖത്തടിച്ചതിന് സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ പൊലീസ് സേനയിലെ സ്ഥിരം വില്ലനെന്ന് റിപ്പോര്‍ട്ടുകള്‍. എറണാകുളം നോര്‍ത്ത് പാലത്തിനടിയില്‍ ഉച്ചവിശ്രമത്തിനിടെ പ്രതാപചന്ദ്രന്‍ മുഖത്തടിച്ചെന്നും കള്ളക്കേസെടുത്തെന്നുമുള്ള സ്വിഗി ജീവനക്കാരന്റെ പരാതിയില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. പൊലീസ് സ്റ്റേഷനില്‍ മോശം പെരുമാറ്റം നേരിട്ടെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ നിയമവിദ്യാര്‍ഥിനിയും രംഗത്തുവന്നു.


◾ മലപ്പുറം തിരൂരില്‍ വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് ആള്‍മാറാട്ടത്തിലൂടെ ഇന്ത്യന്‍ ലൈസന്‍സ് നല്‍കിയതായി കണ്ടെത്തി. തിരൂര്‍ ജോയിന്റ് ആര്‍ടിഒ യുടെ സഹായത്തോടെ ഇത്തരത്തില്‍ നിരവധി പേര്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്നും ഇതിനായി ഓഫീസ് കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അനധികൃതമായി ആള്‍മാറാട്ടത്തിലൂടെ ലൈസന്‍സ് തരപ്പെടുത്തുന്നതിന് കാല്‍ ലക്ഷം രൂപ വരെ ഏജന്റുമാര്‍ ആവശ്യക്കാരില്‍ നിന്ന് വാങ്ങിയിരുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.


◾ തമിഴ്‌നാട്ടിലെ തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം 97.4 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അര്‍ച്ചന പട്നായിക് ഇന്നലെയാണ് പുതുക്കിയ കരട് വോട്ടര്‍ പട്ടിക പുറത്തുവിട്ടത്.


◾ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പിറ്റ്ബുള്‍, റോട്ട്വീലര്‍ ഇനം നായ്ക്കളുടെ വളര്‍ത്തലിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ചെന്നൈ കോര്‍പറേഷന്‍. ഇനി മുതല്‍ ഈ ഇനങ്ങളുടെ പുതിയ പെറ്റ് ലൈസന്‍സിനുള്ള അപേക്ഷകള്‍ അംഗീകരിക്കില്ലെന്നും വാര്‍ഷിക ലൈസന്‍സ് പുതുക്കലും നിര്‍ത്തലാക്കുമെന്നും കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. സമീപകാലത്ത് ഈ ഇനം നായ്ക്കള്‍ കടിച്ച് പൊതുജനങ്ങള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതാണ് ഈ നടപടിക്ക് കാരണമായത്.


◾ മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ അഞ്ച് കുട്ടികള്‍ക്ക് എച്ച്.ഐ.വി.ബാധ. സത്നാ ജില്ലയിലാണ് സംഭവം. വിഷയത്തില്‍ ദേശീയ  മനുഷ്യാവകാശ കമ്മിഷന്‍ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്.


◾ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിടുകയായിരുന്നു. എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ പുതിയ കുറ്റപത്രം നല്‍കാനാണ് നിര്‍ദ്ദേശം. സത്യം വിജയിച്ചെന്നും മോദി സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടി കോടതി തുറന്നുകാട്ടിയെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.


◾ നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിനിമ, ക്രിക്കറ്റ്, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ആസ്തികള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടന്‍ സോനു സൂദ്, തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മിമി ചക്രവര്‍ത്തി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ എന്നിവരടക്കമുള്ളവരുടെ ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്.


◾ യുഎസിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ കാര്‍ലോസ് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ പ്രണിത വെങ്കിടേഷ്. ഫിജിയില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവാണ് പ്രണിത.


◾ പാകിസ്താനിലെ വടക്കന്‍ വസീറിസ്ഥാനിലെ ബോയയിലുള്ള സുരക്ഷാ ക്യാമ്പില്‍ ചാവേര്‍ സ്ഫോടനവും പിന്നാലെ വെടിവയ്പ്പും. ഇന്നലെയുണ്ടായ ശക്തമായ സ്ഫോടനത്തിലും തുടര്‍ന്നുള്ള വെടിവെപ്പിലും നിരവധിപേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പാക് സേന നടത്തിയ പ്രത്യാക്രമണത്തില്‍ കുറഞ്ഞത് നാല് ഭീകരര്‍ കൊല്ലപ്പെട്ടു. സൈനിക താവളം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കടുത്ത ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


◾ പസഫിക് സമുദ്രത്തില്‍ രണ്ട് കപ്പലുകള്‍ കൂടി യുഎസ് സൈന്യം തകര്‍ത്തു. കപ്പലുകളിലുണ്ടായിരുന്ന അഞ്ച് പേരെ വെടിവച്ച് കൊന്നു. മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് നടപടി. ഇതോടെ കടല്‍മാര്‍ഗമുള്ള മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ എന്ന പേരില്‍ ട്രംപ് ഭരണകൂടം നടത്തുന്ന സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി. ഈ സെപ്തംബറിന് ശേഷമുള്ള കണക്കാണിത്.


◾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് കീഴടക്കി  ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. 42 പന്തില്‍ 73 റണ്‍സെടുത്ത തിലക് വര്‍മയുടേയും 25 പന്തില്‍ 63 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടേയും മികവില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. 37 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണിന്റേയും 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക്് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍  201  റണ്‍സ് നേടാനേ സാധിച്ചുള്ളു. 35 പന്തില്‍ 65 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി നാല് വിക്കറ്റ് നേടി. ഹാര്‍ദിക് പാണ്ഠ്യ കളിയിലെ താരമായപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ടൂര്‍ണമെന്റിന്റെ താരം.


◾ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ ഫൈനല്‍. സെമി ഫൈനലില്‍ ഇന്ത്യ, ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്തു. മറ്റൊരു സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ എട്ട് വിക്കറ്റ് വിജയവും പാകിസ്ഥാന്‍ സ്വന്തമാക്കി. നാളെ ദുബായിലാണ് ഫൈനല്‍. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം.


◾ ഇന്ത്യന്‍ ധനകാര്യ സേവന മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വഴിതുറക്കുന്നു. പ്രമുഖ എന്‍.ബി.എഫ്.സി ആയ ശ്രീറാം ഫിനാന്‍സിന്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ മിത്സുബിഷി യു.എഫ്.ജി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഏകദേശം 445 കോടി ഡോളര്‍ (ഏകദേശം 40,000 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങുന്നു. നിലവില്‍, ശ്രീറാം ഫിനാന്‍സിന്റെ 25.4 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാരായ ശ്രീറാം ക്യാപിറ്റലിന്റെ കൈവശമുള്ളത്. ബാക്കിയുള്ള ഓഹരികള്‍ പൊതുജനങ്ങളുടെയും മറ്റ് നിക്ഷേപകരുടെയും പക്കലാണ്. നിലവിലുള്ള ഓഹരികള്‍ വാങ്ങുന്നതിന് പകരം പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്തുകൊണ്ടാണ് ഈ മൂലധന സമാഹരണം നടക്കുന്നത്. നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ എം.യു.എഫ്.ജിക്ക് ശ്രീറാം ഫിനാന്‍സ് ബോര്‍ഡില്‍ രണ്ട് സീറ്റുകള്‍ ലഭിക്കും. നിലവിലെ നീക്കം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ ധനകാര്യ സേവന മേഖലയിലെ ഒരു വിദേശ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഒറ്റത്തവണ നിക്ഷേപമായി ഇത് മാറും. സെപ്റ്റംബര്‍ പാദത്തിലെ കണക്കനുസരിച്ച് ശ്രീറാം ഫിനാന്‍സ് ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 2.81 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ചയാണിത്.


◾ ഉണ്ണി മുകുന്ദന്‍ നരേന്ദ്ര മോദിയായി എത്തുന്ന 'മാ വന്ദേ'യുടെ ചിത്രീകരണം ആരംഭിച്ചു. ഇക്കാര്യം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആരി 265 ഉപയോഗിച്ചാണ് 'മാ വന്ദേ' ചിത്രീകരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ ഏക ആരി 265 ക്യാമറയാണിത്. ലോകത്ത് ഈ ക്യാമറ രണ്ടെണ്ണമേ ഉള്ളൂ എന്നതാണ് സവിശേഷത. ഈ ക്യമറയ്ക്ക് മുന്നിലെത്തിയതില്‍ സന്തോഷമുണ്ടെന്ന്  ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'മാ വന്ദേ'. ക്രാന്തി കുമാര്‍ സി.എച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവീണ ടണ്ടന്‍, ജാക്കി ഷ്റോഫ്, ശരത് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെ.കെ. സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രവി ബസ്രൂരാണ് സംഗീതം.


◾ ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'. അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടു. മണല് പാറുന്നൊരീ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജീഷ് ഹരിയാണ്. സംഗീതം സൂരജ് എസ് കുറുപ്പ്. ഷഹബാസ് അമനാണ് ആലാപനം. ക്രിസ്മസ് റിലീസ് ആണ് ചിത്രം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദാണ്. സനല്‍ - ലീന ദമ്പതികളുടെ വിവാഹത്തിനു മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്.


◾ ചൈനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ ബെസ്റ്റ്യൂണ്‍ ബ്രാന്‍ഡ് 2023 ല്‍ അവരുടെ പുതിയ ചെറിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കി. പുറത്തിറങ്ങിയ ഉടന്‍ തന്നെ ബെസ്റ്റ്യൂണ്‍ ഷാവോമ എന്ന ഈ കാര്‍ വളരെയധികം ജനശ്രദ്ധ നേടി. ഈ കാറിന്റെ താങ്ങാനാവുന്ന വിലയും ശക്തമായ ശ്രേണിയുമായിരുന്നു ഇതിന്റെ മുഖ്യ കാരണം. വേഗത്തില്‍ ചാര്‍ജ് ചെയ്യുകയും കൂടുതല്‍ റേഞ്ച് നല്‍കുകയും ചെയ്യുന്ന ബാറ്ററിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബെസ്റ്റ്യൂണ്‍ ഷാവോമയുടെ വില 30,000 മുതല്‍ 50,000 യുവാന്‍ വരെയാണ് (ഏകദേശം 3.47 ലക്ഷം മുതല്‍ 5.78 ലക്ഷം രൂപ വരെ). പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 1200 കിലോമീറ്റര്‍ വരെ ഓടാന്‍ ഇതിന് കഴിയും. മൈക്രോ ഇലക്ട്രിക് കാറുകള്‍ക്കാണ് ചൈനയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത്. ഇപ്പോള്‍, ഇന്ത്യന്‍ വിപണിയില്‍ ഇത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  


◾ മതിലുകള്‍, പാഥേര്‍ പാഞ്ജലി, ആരോഗ്യനികേതന്‍, അന്ന കരിനീന, ദ ഇഡിയറ്റ്, മദര്‍, ഡോക്ടര്‍ ഷിവാഗോ, ഡോണ്‍ ക്വിഹോത്തെ, ലെ മിസെറാബ്ലെ, ഒലിവര്‍ ട്വിസ്റ്റ്, ദ മാജിക് മൗണ്ടന്‍, 1984, ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സി, സോര്‍ബ: ദ ഗ്രീക്ക്, ബ്ലൈന്‍ഡ്നെസ്സ്, ദ ടിന്‍ ഡ്രം, ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്, പെഡ്രോ പരാമോ, ലവ് ഇന്‍ ദ ടൈം ഓഫ് കോളറ, ദ ട്രയല്‍ എന്നീ ഇരുപത് ക്ലാസിക് മാസ്റ്റര്‍പീസ് നോവലുകളുടെyg സിനിമാ അനുകല്‍പ്പനത്തെക്കുറിച്ചുള്ള പഠനം. വിശ്വസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികള്‍ക്ക് വിഖ്യാതസംവിധായകര്‍ ചലച്ചിത്രഭാഷ്യം നല്‍കുമ്പോള്‍ സംഭവിക്കുന്ന പരിണാമത്തെ സൂക്ഷ്മമായി വിലയിരുത്തുകയാണ് ക്ലാസിക് നോവല്‍ ക്ലാസിക് സിനിമ. സാഹിത്യപ്രേമികള്‍ക്കും ചലച്ചിത്രകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം. 'ക്ലാസിക് നോവല്‍ ക്ലാസിക് സിനിമ'. സി.വി രമേശന്‍. മാതൃഭൂമി. വില 331 രൂപ.


◾ മധുരക്കിഴങ്ങ് പുഴുങ്ങുമ്പോള്‍ തൊലി നീക്കം ചെയ്യാറുണ്ടോ? എന്നാല്‍ ഇനി ആ ശീലം വേണ്ട, കാരണം ഉള്ള് പോലെ തന്നെ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്കും. അവ നീക്കം ചെയ്യുന്നത് 20 ശതമാനം വരെ പോഷകങ്ങളെ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. നാരുകള്‍ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ തൊലി നീക്കം ചെയ്യുന്നത് മധുരക്കിഴങ്ങിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കുറയ്ക്കും. മധുരക്കിഴങ്ങിന്റെ തൊലിയില്‍ ബീറ്റാ കരോട്ടിന്‍, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകള്‍ സി, ഇ. കൂടാതെ, പര്‍പ്പിള്‍ മധുരക്കിഴങ്ങില്‍ ആന്തോസയാനിന്‍ എന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഈ ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളുടെ കേടുപാടുകള്‍ തടയാന്‍ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. മധുരക്കിഴങ്ങ് മണ്ണിനുള്ളില്‍ വളരുന്നതിനാല്‍ ചെളിയും കീടനാശിനികളും തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണം. വെജിറ്റബിള്‍ ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് നന്നായി വൃത്തിയാകാന്‍ സഹായിക്കും.


*ശുഭദിനം*

*കവിത കണ്ണന്‍*

ലോക പ്രശസ്തനായ ഒരു സന്യാസഗുരു ഉണ്ടായിരുന്നു. ലോകത്തിന്റെ നാനാ ഭാഗത്തും അദ്ദേഹത്തിന് ശിഷ്യന്മാരും അനുയായികളും ആരാധകരുമൊക്കെ  ഉണ്ടായിരുന്നു.  ഒരിക്കല്‍ യുവാവായ ഒരു ആരാധകന്‍ ഗുരുവിനെ നേരില്‍ കാണാനായി അദ്ദേഹത്തിന്റെ ആശ്രമം അന്വേഷിച്ച് വന്നു. വഴിവക്കില്‍ കണ്ട ഒരാളോട് യുവാവ് ഗുരുവിന്റെ ആശ്രമത്തിലേക്കുള്ള വഴി അന്വേഷിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: 'ഓ... അയാളോ? അയാള്‍ ഒരു  സാധാരണ മനുഷ്യനാണ്... ഒരു പണ്ഡിതനൊന്നുമല്ല ... അയാളെ കാണാനാണോ ഇത്രയും ദൂരം യാത്ര ചെയ്തു വന്നത്? വെറുതേ സമയം മിനക്കെടുത്തി...'  അതു കേട്ടപ്പോള്‍ യുവാവിന് ദേഷ്യം വന്നു.   'ലോക പ്രശസ്തനായ ഒരു ഗുരുവിനെപ്പറ്റിയാണോ  നിങ്ങള്‍ ഇങ്ങിനെ പറഞ്ഞത്? ഞാന്‍ അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ ഹൃദിസ്ഥമാക്കിയവനാണ്.  നിങ്ങള്‍ എന്തൊരു വിവരദോഷിയാണ്!' യുവാവ് നടന്നകന്നു. ഒരുവിധം  വഴി അന്വേഷിച്ച് കണ്ടുപിടിച്ച് ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. ഗുരുവിനെക്കണ്ട യുവാവ് അത്ഭുതപ്പെട്ടു. നേരത്തേ താന്‍ വഴി അന്വേഷിച്ചപ്പോള്‍ 'വിവരദോഷി' എന്ന് പറഞ്ഞ് അവഹേളിച്ച ആള്‍ തന്നെയാണ് ഇപ്പോള്‍ തന്റെ മുന്നില്‍... അയാള്‍ ഗുരുവിന്റെ കാല്‍ക്കല്‍ വീണു. അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഗുരു പറഞ്ഞു: 'നിങ്ങള്‍ എന്നോട് പറഞ്ഞതും ഞാന്‍ നിങ്ങളോട് പറഞ്ഞതും  സത്യമാണ്.'രണ്ടുതരം ആള്‍ക്കാരേയും നമുക്കുചുറ്റും കാണാന്‍ കഴിയും. താന്‍ വലിയവനാണെന്ന ഗര്‍വ്വുള്ളവനും ചെറിയവനാണെന്ന എളിമയുള്ളവനും.  ആദ്യത്തെ കൂട്ടര്‍ വലുതാകുന്നതിലൂടെ സ്വയം ചെറുതാകുന്നു. രണ്ടാമത്തെ കൂട്ടര്‍ ചെറുതാകുന്നതിലൂടെ സ്വയം വലുതാകുന്നു. .ഇവരിലൂടെയാണ് ലോകം നന്നാവുന്നത്. നമുക്കേവര്‍ക്കും ചെറുതാകാം, വലുതാകാനായി!  -  ശുഭദിനം.

________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment

Previous Post Next Post