◾ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. എസ്ഐടി കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് പത്മകുമാറിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് കൊണ്ടു പോയി.
2025 | നവംബർ 28 | വെള്ളി
1201 | വൃശ്ചികം 12 | ചതയം l 1447 l ജമാഅത്തുത്താനി 07
◾ ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉടന്‍ കേസെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാകും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. പിന്നീട് കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരം റൂറല്‍ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു.
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത് ഇന്നലെ വൈകീട്ടാണ്. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. വാട്ട്സപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയതാണ് പുറത്തുവരുന്ന വിവരം. അതിജീവിതയുടെ പരാതി ലഭിച്ച മുഖ്യമന്ത്രി ഉടന്‍ ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തു.
◾ മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.
◾ യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍കൂര്‍ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകര്‍പ്പും കേസിന്റെ സ്വഭാവവും പരിഗണിച്ചശേഷം തുടര്‍ നടപടി ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ട്.
◾ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍. രാഹുലിനെതിരെ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പീഡന പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ എംഎല്‍എ ഓഫീസ് പൂട്ടിയതെന്നാണ് വിവരം. പാലക്കാട്ട് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്നു രാഹുല്‍. എന്നാല്‍ നിലവില്‍ രാഹുല്‍ എവിടെയാണെന്ന് വിവരങ്ങളൊന്നുമില്ല. ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പ്രതികരണമായി പുറത്തുവരുന്നത്.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പില്‍. നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കില്ലെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ചതിന് ശേഷമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ നിയമപരമായി നടക്കട്ടെ എന്നാണ് ഷാഫി മറുപടി പറഞ്ഞത്.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ അതിജീവിത ലൈംഗികപീഡന പരാതി നല്കിയ വിഷയത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരാതി നിയമാനുസൃതമായ നടപടികള്‍ക്ക് വിധേയമാകട്ടെയെന്നും നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകട്ടെയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
◾ യുവതിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉടന്‍ രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുതെന്നും പരാതികള്‍ ഇനിയും വരുമെന്നും എംവി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകള്‍ ഉള്‍പ്പെടെയാണ് ആളുകള്‍ വരുന്നത്. ഒരാളും രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എയായി ഇനി അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
◾ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണ ജോര്‍ജ്. 'പ്രിയപ്പെട്ട സഹോദരി തളരരുത്... കേരളം നിനക്കൊപ്പം...' എന്നായിരുന്നു വീണ ജോര്‍ജ് കുറിച്ചത്. പരാതി നല്കിയാല് സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വീണ ജോര്‍ജ് നേരത്തെയും പ്രതികരിച്ചിരുന്നു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് നടി റിനി ആന്‍ ജോര്‍ജ്. വളരെയധികം സന്തോഷമുണ്ടെന്നും എത്ര അസത്യ പ്രചാരണങ്ങള്‍ നടത്തിയാലും സത്യം വിജയിക്കും എന്നുള്ളതിന്റെ തെളിവാണിതെന്നും റിനി പറഞ്ഞു. അതിജീവിതകള്‍ ആരുമില്ല, ഇത് വെറുമൊരു കെട്ടുകഥമാത്രമാണെന്ന് പ്രചരിപ്പിച്ചവര്‍ക്ക് നല്കുന്ന മുന്നറിയിപ്പാണിതെന്നും ഒരു അതിജീവിത മാത്രമല്ല, ഒരുപാട് അതിജീവിതകളുണ്ടെന്നും ബുദ്ധിമുട്ടുകള്‍ നേരിട്ട മറ്റു പെണ്‍കുട്ടികള്‍ മുന്നോട്ട് വരണമെന്നും നിയമപരമായി നേരിടണമെന്നും റിനി പറഞ്ഞു. പ്രതിയും കൂടെ നില്‍ക്കുന്നവരും യുവതിക്ക് മേല്‍ നടത്തിയ സമ്മര്‍ദ്ദമാണ് പരാതി നല്കാന് ഇത്രയും വൈകാന്‍ കാരണം എന്നും റിനി പറഞ്ഞു.
◾ ലൈംഗിക ചൂഷണ പരാതിക്കു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഓഫീസിന് മുമ്പില്‍ പ്രതിഷേധം. ഡിവൈഎഫ്ഐ, ബിജെപി പ്രവര്‍ത്തകരാണ് റീത്ത് വെച്ച് പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും തമ്മില്ഓഫീസിന് മുമ്പില്‍ ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായി.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്കിയ ലൈംഗിക പീഡനപരാതിയില്‍ പ്രതികരിച്ച് മുന്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതെന്നും കെ സുരേന്ദ്രന് ചൂണ്ടിക്കാട്ടി. രാഹുലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. പരാതി കൊടുക്കാന്‍ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാമെന്നും ആ പെണ്‍കുട്ടികളുടെ മൊഴി എടുക്കണമെന്നും രാഹുലിനെതിരെ പല പരാതികളും വിഡി സതീശന്റെ മുന്നില്‍ എത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രന് പറഞ്ഞു..
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പരാതിക്കനുസരിച്ച് ഇനി സര്‍ക്കാറിന് നിലപാട് എടുക്കാമെന്നും കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണെന്നും കെ മുരളീധരന് പറഞ്ഞു. തുടര്‍നടപടികള്‍ നോക്കി ബാക്കി കാര്യങ്ങള്‍ ചെയ്യാമെന്നും കൂടുതല്‍ കടുത്ത നടപടി ഉണ്ടായാല്‍ അതനുസരിച്ച് പാര്‍ട്ടി തീരുമാനമെടുക്കുമെന്നും കെ മുരളീധരന് പറഞ്ഞു.
◾ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പല കള്ളക്കേസുകളും ഉണ്ടാകുമെന്ന് യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. തനിക്ക് എതിരെയും ഇത്തരം പരാതി ഉണ്ടായിട്ടുണ്ടെന്നും പരാതി ഉണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെയെന്നും കേസ് തെളിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചു തീരുമാനം എടുക്കുമെന്നും ഇപ്പോള്‍ പരാതി വരാന്‍ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകന്. ഇത് തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ നാടകമെന്നും ശബരിമല വിഷയം മറയ്ക്കാന്‍ സര്‍ക്കാരും ഒരു ചാനല്‍ മുതലാളിയും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് രാഹുല്‍ തന്നോട് പറഞ്ഞുവെന്നും പുറത്ത് വന്ന ഓഡിയോ രാഹുലിന്റെതാണ് എന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും അഭിഭാഷകന് ചോദിച്ചു.
◾ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് രേഖകള്‍ കൃത്യമല്ലെങ്കില്‍ പമ്പയില്‍ നിന്നും ആളുകളെ കടത്തിവിടരുതെന്നും വെര്‍ച്ച്വല്‍ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണമെന്നും വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിനും പൊലീസിനുമാണ് മുന്നറിയിപ്പ് നല്‍കിയത്.
◾ ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്സൈസിന്റെ നിരീക്ഷണത്തില്‍. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇന്റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്. മഫ്തി പട്രോളിംഗ്, കാല്‍നട പട്രോളിംഗ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് വകുപ്പിന്റെ സന്നിധാനത്തെ പ്രവര്‍ത്തനം.
◾ ഓപ്പറേഷണല്‍ റവന്യൂവില്‍ കെഎസ്ആര്‍ടിസിക്ക് വീണ്ടും മികച്ച നേട്ടം. നവംബര്‍ 24 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഓപ്പറേഷണല്‍ റവന്യുയായ 9.29 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. സെപ്റ്റംബര്‍ എട്ടിന് ലഭിച്ച 10.19 കോടി രൂപയാണ് ഒന്നാമത്. രണ്ടാമത് 9.41 കോടി രൂപ ഒക്ടോബര്‍ ആറിന് ലഭിച്ചതാണ്. അസാധ്യമെന്ന് കരുതുന്നതെന്തും കൂട്ടായ പരിശ്രമത്തിലൂടെ നേടാനാകുമെന്ന് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി എസ് പ്രമോജ് ശങ്കര്‍ പറഞ്ഞു.
◾ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറങ്ങി. തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 7ന് വൈകീട്ട് ആറ് മുതല്‍ 9 ന് വൈകുന്നേരം ആറ് വരെയും വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 9ന് വൈകുന്നേരം ആറ് മുതല്‍ 11ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കും.
◾ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന് എം പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. വന്യജീവി സംരക്ഷണ നിയമം 1972 ലെ 11-ാം വകുപ്പില്‍ നിരവധി തടസ്സങ്ങളുണ്ട്. ഈ തടസ്സങ്ങള്‍ ലഘൂകരിക്കുന്ന നിയമഭേദഗതി 2025 ലെ വന്യജീവി സംരക്ഷണ ബില്‍ നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വരുവാന്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ഇത് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
◾ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം കര്‍ശനമാക്കാനൊരുങ്ങി എംവിഡി. സീബ്ര ലൈന്‍ കടക്കുമ്പോള്‍ വാഹനമിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് തീരുമാനം. സീബ്ര ലൈനില്‍ വാഹനം പാര്‍ക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസന്‍സ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഈ വര്‍ഷം 800ലധികം കാല്‍നടയാത്രക്കാരാണ് റോഡപകടത്തില്‍ മരിച്ചതെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.
◾ വടകരയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേള്‍ക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകന് എന്നയാള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. കുരിയാടി സ്വദേശിയാണ് ഇയാള്‍. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്. നടന്നു പോവുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
◾ ഡിവൈഎസ്പിയെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ്. രണ്ടാഴ്ച മുന്‍പ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ചെര്‍പ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് നിലവില്‍ കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഡിവൈഎസ്പി എ.ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങളുളളത്. ആത്മഹത്യ കുറിപ്പ് കസ്റ്റഡിയിലുണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പാലക്കാട് എസ് പി പറഞ്ഞു. പെണ്‍വാണിഭക്കേസില്‍ പിടിയിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്നും പീഡിപ്പിക്കാന്‍ തന്നെയും പ്രേരിപ്പിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.
◾ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമര്‍ദ്ദം 'ഡിറ്റ് വാ' ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി നവംബര്‍ 30 രാവിലെയോടെ വടക്കന്‍ തമിഴ്നാട്-പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യത. തമിഴ്നാട് - ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
◾ തൃത്താലയില്‍ തെരുവുനായ ആക്രമണത്തില്‍ നാലുവയസുകാരന് ഗുരുതര പരിക്ക്. തൃത്താല തച്ചറാകുന്നത്ത് കോട്ടയില്‍ അഷ്റഫിന്റെ മകന് ബിലാലിനാണ് (4) പരിക്കേറ്റത്. കുട്ടിയുടെ മുഖം നായക്കൂട്ടം കടിച്ചുകീറുകയായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
◾ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്കി സര്‍ക്കാര്‍. വ്യവസായ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മറുപടി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ആര് ചന്ദ്രശേഖരനെയും എംഡിയായിരുന്ന കെ എ രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
◾ ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ആരോഗ്യ വിഭാഗം പരിശോധന നടത്തി പത്തുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്രത്തിനുള്ളിലെയും പരിസരത്തെയും ശുചിത്വം സംബന്ധിച്ച നിലവിലെ സാഹചര്യവും അറിയിക്കണമെന്നാണ് നിര്‍ദേശം.
◾ ചെങ്ങന്നൂരില്‍ അറ്റകുറ്റപണിക്കിടെ ബസില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോന് ആണ് മരിച്ചത്. രണ്ട് ദിവസമായി കേടായി കിടക്കുന്ന എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് അറ്റകുറ്റ പണികള്‍ നടത്തി വരുന്നതിനിടെ ഇന്നലെ വൈകീട്ട് ആറരയോടെ പൊട്ടിത്തെറി ഉണ്ടായത്.
◾ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ വയോധികനെ രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് 65 വയസ്സ് തോന്നിക്കുന്ന വയോധികന് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണത്. മാലിന്യത്തില്‍ മുങ്ങി കിടന്നിരുന്ന ആളെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. വയോധികനെ ആശുപത്രിയിലേക്ക് മാറ്റി.
◾ എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ ഭാഗമായി ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊച്ചി കോര്പറേഷന് പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡ് ഡ് - സ്റ്റേറ്റ് സിലബസ് സ്കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കലോത്സവം നാളെ അവസാനിക്കാനിരിക്കെയാണ് കലാപരിപാടികള്‍ ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഇന്ന് അവധി പ്രഖ്യാപിച്ചത്.
◾ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
◾ ബിഹാറിലെ ജനവിധി വിശ്വാസയോഗ്യമല്ലെന്ന്് കോണ്‍ഗ്രസ്. സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ പണം നല്‍കിയുണ്ടാക്കിയ കൃത്രിമ ജനവിധിയാണിതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പങ്കാളിയായി നടപടികള്‍ അട്ടിമറിച്ചുവെന്നും വോട്ട്കൊള്ളക്കെതിരായ പോരാട്ടം തുടരുമെന്നും അവലോകന യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ബിഹാര്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ഇന്നലെ ചേര്‍ന്ന എഐസിസി യോഗത്തിലാണീ പ്രതികരണം.
◾ വായുമലിനീകരണത്തിനെതിരായ ദില്ലിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ 17 പ്രതിഷേധക്കാരില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് രണ്ടുമണിക്ക് കോടതി വാദം കേള്‍ക്കും. എന്നാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വീണ്ടും പ്രതിഷേധക്കാര്‍ ആരോപിച്ചു.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ തെറ്റിപ്പിരിഞ്ഞ് ബിജെപിയും ഏക്നാഥ് ഷിന്‍ഡെ വിഭാഗം ശിവസേനയും. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് മഹാരാഷ്ട്രയിലെ മഹായുതി ഭരണ സഖ്യത്തില്‍ വിള്ളലുകളുണ്ടായത്. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് പോരാടിയതിന് ശേഷം പാല്‍ഘര്‍, ദഹാനു മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും പരസ്പരം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
◾ പഞ്ചാബിലെ ഫിറോസ്പുറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നവീന്‍ അറോറയെ വധിച്ച കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബാദല്‍ കൊല്ലപ്പെട്ടു. ഫസില്‍ക്ക ജില്ലയിലെ മമനു ജോയ ഗ്രാമത്തിലെ ശ്മശാനത്തില്‍ നവീന്‍ അറോറയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സംഭവം. ശ്മശാനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന രണ്ട് പേര് വെടിയുതിര്‍ക്കുകയായിരുന്നു. നവംബര്‍ 15 ന് രാത്രിയാണ് ആര്‍എസ്എസ് നേതാവ് ബല്‍ദേവ് രാജ് അറോറയുടെ മകനും വ്യാപാരിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നവീന്‍ അറോറയെ ബൈക്കിലെത്തിയ രണ്ട് പേര് വെടിവച്ച് കൊലപ്പെടുത്തിയത്.
◾ ദേശീയ മെഡിക്കല്‍ കമ്മീഷന് കോഴക്കേസ് അന്വേഷിക്കാന്‍ ഇഡിയും രംഗത്ത്. ആന്ധ്രാപ്രദേശ് മുതല്‍ ദില്ലി വരെയുള്ള സംസ്ഥാനങ്ങളിലെ പതിനഞ്ച് സ്ഥലങ്ങളില്‍ ഇഡി പരിശോധന തുടങ്ങി. 200 കോടിയിലധികം രൂപയുടെ ഇടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും മനസിലാക്കുന്നത്. രാജ്യത്തെ ഏഴ് മെഡിക്കല്‍ കോളേജുകളിലും ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്.
◾ രാജ്യത്തിന്റെ ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ 'ജെന്‍-സീ' തലമുറയുടെ പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസിന്റെ ഇന്‍ഫിനിറ്റി കാമ്പസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾ ഇന്ത്യന്‍ പക്കലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 100 രൂപ നോട്ട് പുറത്തിറക്കിയ നേപ്പാളിന്റെ നടപടിക്കെതിരേ ഇന്ത്യ. ഈ നീക്കം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
◾ പാകിസ്ഥാന് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ രാജ്യത്തിന്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സായി സ്ഥാനമേറ്റെടുത്തു. അട്ടിമറിയിലൂടെ നേരിട്ട് അധികാരം പിടിച്ചെടുക്കാതെ തന്നെ രാജ്യത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി അസിം മുനീര്‍ മാറുകയാണ്. പാക് ഭരണഘടനയിലെ വിവാദമായ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിച്ച ഈ പദവി, കര-വ്യോമ-നാവിക സേനകളുടെയെല്ലാം തലവനായി അസിം മുനീറിനെ നിയമിക്കുന്നു.
◾ അടുത്തമാസംനടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ അവസാന മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങള്‍. ആദ്യ രണ്ട് മത്സരങ്ങള്‍ ഡിസംബര്‍ 21, 23 തീയതികളില്‍ വിശാഖപട്ടണത്തായിരിക്കും.
◾ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കായി കോടികളെറിഞ്ഞ് ഫ്രാഞ്ചൈസികള്‍. ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ലേലത്തില്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയെ നിലവിലെ ഏറ്റവും വലിയ തുകയായ 3.2 കോടി രൂപ കൊടുത്ത് യുപി വാരിയേഴ്സാണ് താരത്തെ വീണ്ടും ടീമിലെത്തിച്ചത്. മലയാളി താരം ആശ ശോഭനയെയും യുപി 1.1 കോടി രൂപ വിലകൊടുത്ത് സ്വന്തമാക്കി. ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ അമേലിയ കെറിനെ മൂന്ന് കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയെ 2.4 കോടിക്ക് യുപി വിളിച്ചെടുത്തു. മലയാളി താരങ്ങളായ സജന സജീവനെ 75 ലക്ഷം രൂപയ്ക്കു മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയപ്പോള്‍ മിന്നുമണിയെ അവസാനഘട്ടത്തില്‍ 40 ലക്ഷത്തിന് ഡല്‍ഹി ക്യാപ്റ്റില്‍സ് സ്വന്തമാക്കി.
◾ ഐപിഒ വഴി ഇതുവരെ 93ലേറെ കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് സമാഹരണം നടത്തി. നവംബര്‍ 21 വരെ ഇതുവരെ 1.54 ലക്ഷം കോടി രൂപയാണ് 93 ലിസ്റ്റിംഗില്‍ നിന്നായി സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 1.59 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഈ വര്‍ഷം മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ഡസനോളം ഐപിഒകളാണ് ഡിസംബറില്‍ എത്തുന്നത്. ഡിസംബറില്‍ മാത്രം 35,000 മുതല്‍ 40,000 കോടി രൂപയുടെ ഐപിഒ ഉണ്ടാകുമെന്നാണ് വിവരം. 2022ല്‍ 59,302 കോടി രൂപയായിരുന്നു ഐപിഒയിലൂടെ സമാഹരിച്ചത്. 2023ല്‍ ഇത് 49,436 കോടി രൂപയായിരുന്നു. 2024ല്‍ ഐപിഒകളുടെ എണ്ണത്തിലും സമാഹരണത്തിലും റെക്കോഡായിരുന്നു. ഐപിഒ വഴിയുള്ള സമാഹരണം മൂന്നിരട്ടി വര്‍ധിച്ച് 1.59 ലക്ഷം കോടി രൂപയായി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ, ഇലക്ട്രോണിക്സ് ഉത്പന്ന നിര്‍മാതാക്കളായ ബോട്ട്, ഹീറോ ഫിന്‍കോര്‍പ്, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ്, ഫ്രാക്ടല് അനലിറ്റിക്സ്, മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ്, ക്ലീന്‍മാക്സ് എന്‍വിറോ, ജുണിപ്പര്‍ ഗ്രീന്‍ എനര്‍ജി, പാര്‍ക് മെഡി വേള്‍ഡ്, ഇന്നോവേറ്റിവ്യൂ ഇന്ത്യ തുടങ്ങി ഒരു ഡസന്‍ ഐപിഒകളാണ് ഡിസംബറിനെ സമ്പന്നമാക്കാന്‍ ഒരുങ്ങുന്നത്.
◾ അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ ആര് ജീവ സംവിധാനം ചെയ്ത 'ലോക്ക്ഡൗണ്‍' എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. വൈകാരികമായ മാനങ്ങളുള്ള ചിത്രം തിയറ്ററുകളില്‍ എത്തുന്നത് ഡിസംബര്‍ 5 നാണ്. തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ ആണ് നിര്‍മ്മാണം. ഭയം, കരുത്ത്, അതിജീവനം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. കെ എ ശക്തിവേല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രണ്ട് പേരാണ്. എന്‍ ആര് രഘുനാഥനും സിദ്ധാര്‍ഥ് വിപിനുമാണ് അത്. അനുപമ പരമേശ്വരനൊപ്പം ചാര്‍ലി, നിരോഷ, പ്രിയ വെങ്കട്, ലിവിങ്സ്റ്റണ്, ഇന്ദുമതി, രാജ്കുമാര്, ഷാംജി, ലൊല്ലു സഭാ മാരന്, വിനായക് രാജ്, വിധു, അഭിരാമി, രേവതി, സഞ്ജീവ്, പ്രിയ ഗണേഷ്, ആശ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതര ഭാഷകളില്‍ ഇന്ന് ഏറെ തിരക്കുള്ള അനുപമയുടെ ഈ വര്‍ഷം ഇറങ്ങുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ലോക്ക്ഡൗണ്‍.
◾ കെഎസ്എഫ്ഡിസി നിര്‍മ്മിച്ച് നവാഗതയായ ശിവരഞ്ജിനി രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'വിക്ടോറിയ'. ഒട്ടനവധി അന്താഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുത്ത ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്ക് ഈ മാസം 28 ന് എത്താന്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്ലര് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര് ആഖ്യാനത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചിത്രമാണ് ഇത്. ഒരു ബ്യൂട്ടിപാര്‍ലര്‍ ജോലിക്കാരിയായ വിക്ടോറിയയുടെ കഥപറയുന്ന ചിത്രത്തില്‍ മീനാക്ഷി ജയന് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീഷ്മ ചന്ദ്രന്, ജോളി ചിറയത്ത്, ദര്‍ശന വികാസ്, സ്റ്റീജ മേരി ചിറയ്ക്കല്‍, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഒരു പൂവന്‍കോഴിയും ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നുണ്ട്.
◾ ബിഎംഡബ്ല്യു തങ്ങളുടെ ഐക്കണിക് ഇസെഡ്4 റോഡ്സ്റ്ററിനോട് വിട പറയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉത്പാദനം അവസാനിപ്പിക്കുന്നതിന് മുമ്പ്, കമ്പനി പരിമിതമായ എണ്ണം ഇസെഡ്4 ഫൈനല്‍ പതിപ്പുകള്‍ അവതരിപ്പിച്ചു. ഈ മോഡല്‍ പൂര്‍ണ്ണമായും എം40ഐ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് കൂടാതെ നിരവധി എക്സ്ക്ലൂസീവ് സവിശേഷതകളും ഉള്‍ക്കൊള്ളുന്നു. ബിഎംഡബ്ല്യു ഇസെഡ്4 ന്റെ ഈ വിടവാങ്ങല്‍ മോഡല്‍ 2026 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ വളരെ പരിമിതമായ യൂണിറ്റുകളില്‍ നിര്‍മ്മിക്കപ്പെടും. ഇസെഡ്4 നൊപ്പം വികസിപ്പിച്ച ടൊയോട്ട സുപ്രയും 2026 മാര്‍ച്ചില്‍ ഉത്പാദനം അവസാനിപ്പിക്കും. ടൊയോട്ട ഒരു പുതിയ മോഡല്‍ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ബിഎംഡബ്ല്യുവിന്റെ അടുത്ത നീക്കം ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. ഇതിന് ശക്തമായ 3.0 ലിറ്റര്‍ എഞ്ചിന് ലഭിക്കുന്നു, ഇത് 6 സിലിണ്ടര്‍ ടര്‍ബോ എഞ്ചിനാണ്, ഇത് 387 ബിഎച്പി പവറും 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഫൈനല്‍ എഡിഷന്റെ ഏറ്റവും വ്യത്യസ്തമായ സവിശേഷത അതിന്റെ ബിഎംഡബ്ല്യു ഇന്‍ഡിവിജുവല്‍ ഫ്രോസണ്‍ ബ്ലാക്ക് മെറ്റാലിക് പെയിന്റ് ജോബാണ്.
◾ ഭ്രമാത്മകതയുടേയും യാഥാര്‍ത്ഥ്യത്തിന്റേയും അതിര്‍വരമ്പുകള്‍ നേര്ത്തില്ലാതെയാവുന്ന ആഖ്യാന രീതിയാണ് മഹേന്ദറിന്റെ കഥകളില്‍ കാണാനാവുക. മനുഷ്യജീവിതത്തിന്റെ പരുക്കന്‍ പ്രകൃതങ്ങള്‍ ലളിതമായ ഭാഷയില്‍ വരച്ചിടുന്ന ഈ കഥകളില്‍ പ്രകൃതി ഒരവിഭാജ്യഘടകകമായി മാറുന്നുണ്ട്. മഹേന്ദറിന്റെ ഏറ്റവും പുതിയ ഒമ്പത് കഥകളുടെ സമാഹാരം. 'പട്ടികളുടെ റിപ്പബ്ലിക്ക്'. പ്രവ്ദ ബുക്സ്. വില 180 രൂപ.
◾ മസ്തിഷ്കത്തെ ഏറ്റവും ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിന്‍ ട്യൂമര്‍. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണിത്. ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ട പല ലക്ഷണങ്ങളും പലപ്പോഴും രോഗികള്‍ സാധാരണ ആരോഗ്യ പ്രശ്നമായി കണ്ട് തള്ളിക്കളയാറുമുണ്ട്. രാവിലെയുള്ള അസഹനിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങള്‍. ഈ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവയുടെ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയുന്നത് മികച്ച ചികിത്സ ലഭിക്കാന്‍ സഹായിക്കും. തലയോട്ടിക്കുളളില്‍ വളരുന്ന ട്യൂമര്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സമ്മര്‍ദം ഉണ്ടാക്കുന്നു. തലച്ചോറിലെ ട്യൂമര്‍ അഥവാ മുഴയുണ്ടാകുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ തലവേദന, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, കാഴ്ച മങ്ങല്‍, ഇരട്ട കാഴ്ച എന്നിവയൊക്കെയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഓര്‍മക്കുറവും ശ്രദ്ധക്കുറവും മാനസികാവസ്ഥയിലെ മാറ്റങ്ങളുമൊക്കെ ബ്രെയിന്‍ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ പെടുന്നു. നേരത്തെ അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലാത്തവര്‍ പെട്ടെന്നുളള അപസ്മര ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണം. തലച്ചോറിലെ കാഴ്ചയെ സഹായിക്കുന്ന ഭാഗങ്ങളേയും ഒപ്റ്റിക് നാഡികളേയും ട്യൂമര്‍ ബാധിക്കാം. അമിതമായ ക്ഷീണം മറ്റൊരു ലക്ഷണമാണ്. എത്ര വിശ്രമിച്ചാലും ക്ഷീണം മാറില്ല. ഈ ലക്ഷണങ്ങള്‍ പലപ്പോഴും തലവേദനയ്ക്ക് മുന്‍പോ, തലവേദനയ്ക്കൊപ്പമോ പ്രത്യക്ഷപ്പെടാറുണ്ട്. ശരീരം നല്കുന്ന സൂചനകളെ തിരിച്ചറിയുകയാണ് പ്രധാനം. കൃത്യമായ ഇടവേളകളിലെ പരിശോധന രോഗാവസ്ഥ നേരത്തെ കണ്ടെത്താനും ചികിത്സ ഫലപ്രദമാക്കാനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്*
ഒരിക്കല്‍ ഒരു ഗുരുവിന്റെ ഗ്രാമത്തിലുള്ളവര്‍ അദ്ദേഹത്തോട് ഒരു ആവശ്യം ഉന്നയിച്ചു. ആ ഗ്രാമത്തിലെ ഒരു വിദ്യാലയം ഉദ്ഘാടനം ചെയ്യാന്‍ ചക്രവര്‍ത്തിയെ ക്ഷണിക്കണം. വിദ്യാലയം നടത്തിപ്പിന് ആവശ്യമായ പണം ചക്രവര്‍ത്തിയില്‍നിന്ന് സ്വരൂപിക്കുകയും കൂടിയായിരുന്നു ഉദ്ദേശ്യം. ചക്രവര്‍ത്തിക്ക് ഗുരുവിനെ നല്ല ബഹുമാനവുമായിരുന്നു. എന്നാല്‍ ഒരു സന്യാസിയായ ഗുരു ആരോടും ഒന്നുംതന്നെ ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും ഗ്രാമവാസികളുടെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം ചക്രവര്‍ത്തിയെ കാണാമെന്ന് സമ്മതിച്ചു. അതിരാവിലെ തന്നെ അദ്ദേഹം കൊട്ടാരത്തിലെത്തി. എന്നാല്‍ ചക്രവര്‍ത്തി തന്റെ സ്വകാര്യ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ ഗുരു, ചക്രവര്‍ത്തി വരുന്നതും നോക്കി ദേവാലയത്തിന് പുറത്ത് കാത്തുനിന്നു. തന്റെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയതിനുശേഷം ചക്രവര്‍ത്തി ആകാശത്തിന് നേരെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
'അല്ലയോ ദൈവമേ, നീ ഇക്കാലമത്രയും എനിക്ക് നല്‍കിയിട്ടുള്ളതൊന്നും എന്റെ ആവശ്യത്തിന് മതിയാകുന്നില്ല. ഇനിയും ധാരാളം എനിക്കാവശ്യമുണ്ട്. ദയവായി എന്റെ സാമ്രാജ്യം കൂടുതല്‍ വികസിപ്പിക്കുക... എനിക്ക് ഇനിയും കൂടുതല്‍ ധനവും പ്രശസ്തിയും ഉണ്ടാക്കിത്തരിക...' പുറത്തുനിന്നുകൊണ്ട് ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ഗുരുവിന് ആശ്ചര്യമായി. ഇത്രയും വലിയ ഒരു സാമ്രാജ്യത്തിനും ധനത്തിനും അധിപനായ ചക്രവര്‍ത്തിക്ക് അതൊന്നും മതിയാകുന്നില്ലെന്നോ? ഇനിയും കൂടുതല്‍ കൈവരാന്‍ അദ്ദേഹം യാചിക്കുകയാണെന്നോ? ഒരു യാചകനോട് താന്‍ എങ്ങനെ യാചിക്കും? തനിക്കുതന്നെ ദൈവത്തിനോട് യാചിക്കാമല്ലോ? അതിന് ഒരു ഇടനിലക്കാരന്റെ ആവശ്യമെന്തിന്? ഇങ്ങനെയൊക്കെ ചിന്തിച്ച് ഗുരു തിരിഞ്ഞുനടന്നു. അതേസമയം ദേവാലയത്തില്‍ നിന്ന് പുറത്തുവന്ന ചക്രവര്‍ത്തി ഗുരു മടങ്ങിപ്പോകുന്നത് കണ്ടു. അദ്ദേഹം പിറകേ ഓടിച്ചെന്ന് ഗുരു വന്നതിന്റെ കാരണം ആരാഞ്ഞു. ഗുരു പറഞ്ഞു: എന്റെ ഗ്രാമത്തിലുള്ളവര്‍ നിര്‍ബന്ധിച്ചിട്ടാണ് അവിടെ ഒരു വിദ്യാലയം ഉദ്ഘാടനം ചെയ്യാനും ചിലത് ആവശ്യപ്പെടാനും ഞാന്‍ ചക്രവര്‍ത്തിയെ കാണാന്‍ വന്നത്. പക്ഷേ ഞാന്‍ ഇവിടെ കണ്ടത് ഒരു ചക്രവര്‍ത്തിയെ അല്ല, ഒരു യാചകനെയാണ്. ഒരു യാചകനെ കൂടുതല്‍ ദരിദ്രനാക്കുവാന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ തന്നെ ദൈവത്തിനോട് നേരിട്ട് യാചിച്ചുകൊള്ളാം...' പലരുടെയും പ്രാര്‍ത്ഥനകള്‍ ഇങ്ങനെയാണ്. തനിക്കെത്രയുണ്ടെങ്കിലും മതിയാവില്ല... ഇനിയും കൂടുതല്‍ സമ്പത്തും സ്വത്തും വേണം...അതിന് ദൈവം കനിയണം! ഏത് ഭരണാധികാരി ആയാലും സമ്പത്ത് ആഗ്രഹിക്കുന്നതും ആര്‍ജ്ജിക്കുന്നതും പ്രജകളുടെ ക്ഷേമത്തിന് വേണ്ടിയാകണം. അതും നേരായ മാര്ഗ്ഗത്തിലൂടെയുമാകണം. സമ്പത്ത് വര്‍ധിപ്പിക്കുവാന്‍ നിയമാനുസൃതമായ വഴികള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ നമുക്കും ശീലിക്കാം. - ശുഭദിനം.

Post a Comment