*വടകര സ്വദേശിനിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്*
വടകര: വടകര സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയിൽ അസ്മിന (40) ആണ് മരിച്ചത്. ലോഡ്ജിലെ ക്ലീനിങ് സ്റ്റാഫായ പുതുപ്പള്ളി സ്വദേശി ബിബിന്‍ ജോര്‍ജാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ ഭാര്യയെ പരിചയപ്പെടുത്തി ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. ഇയാള്‍ രാത്രി ഒന്നരയോടെ യുവതിയുള്ള മുറിയിലേക്ക് പോയതായി മറ്റു ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.
ഇന്ന് രാവിലെ വൈകിയിട്ടും ജോബി മുറിയില്‍ നിന്നും പുറത്തേക്ക് വരാതായതോടെ ജീവനക്കാര്‍ മുറിയ്ക്കരികിലെത്തുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും തുറക്കാതായതോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് കട്ടിലില്‍ അസ്മിനയുടെ മൃതദേഹം കണ്ടത്. ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. അഞ്ച് ദിവസം മുമ്പാണ് ജോബി ലോഡ്ജില്‍ ജോലിക്കെത്തിയത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതി ലോഡ്ജില്‍ വന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ആസ്യയാണ് മരിച്ച അസ്മിനയുടെ മാതാവ്. സഹോദരങ്ങൾ: മുബീന, ഇഷാന, മെഹറൂഫ്, സജീർ, നവാസ്.
Post a Comment