o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ




◾ ചെന്നൈയിലേക്ക് കൊണ്ട് പോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് പരിഗണിച്ച കോടതി ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ നന്നാക്കാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്

2025  സെപ്റ്റംബർ 11  വ്യാഴം 

1201  ചിങ്ങം 26   അശ്വതി 

1447  റ : അവ്വൽ 18


◾ ബീഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഇനി എല്ലാ സംസ്ഥാനങ്ങളിലേക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. ഒക്ടോബറില്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുമായി നടത്തിയ യോഗത്തിലാണ് ഈ നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചത്.


◾  കേരള സര്‍വകലാശാലയിലെ തര്‍ക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സംരക്ഷകരായി സര്‍വകലാശാല പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയമോ മറ്റ് പരിഗണനകളോ അതിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ പാടില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അക്കാദമിക് കാര്യങ്ങള്‍ക്ക് മാത്രമാണ് പരിഗണന നല്‍ക്കേണ്ടതെന്നും സര്‍വകലാശാലയിലെ അധികാരികളുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനത്തില്‍ ആശങ്ക ഉണ്ടെന്നും കോടതി പറഞ്ഞു. ഡോക്ടര്‍ കെ എസ് അനില്‍കുമാറിന്റെ ഹര്‍ജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.


◾  നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവര്‍ അടക്കമുള്ളവര്‍ കുടുങ്ങി കിടക്കുകയാണ്. അവര്‍ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്‌കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

◾  എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനായി പ്രത്യേക പ്രവേശന പരീക്ഷ നടത്തുമെന്ന പ്രഖ്യാപനത്തില്‍ അതിവേഗം മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനാണ് പരീക്ഷയെന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി പിന്‍വലിച്ചു. ഉദ്ദേശിച്ചത് കെ ടെറ്റ് പരീക്ഷയാണെന്ന് മന്ത്രി വിശദീകരിച്ചു.


◾  കുട്ടികള്‍ കുറഞ്ഞതോടെ ജോലിനഷ്ടമായ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരില്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. എട്ടും പത്തും വര്‍ഷം അധ്യാപകരായിരുന്നവര്‍ ഇപ്പോള്‍ വീട്ടുജോലിക്കുവരെ പോകുന്നുണ്ടെന്നും ജോലിനഷ്ടമാകുന്ന അധ്യാപകരെ സംരക്ഷിക്കാന്‍ മാനേജ്‌മെന്റുകള്‍ പദ്ധതി തയ്യാറാക്കണമെന്നും സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.


◾  മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച ഇ - ചലാന്‍ റദ്ദാക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. ഇത്തരത്തില്‍ ആലോചിക്കുന്നതായി ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം വിശദീകരിച്ചു.


◾  സംസ്ഥാനത്ത് പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം കുറഞ്ഞുവരുന്നതായും പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും സിപിഐ സമ്മേളന റിപ്പോര്‍ട്ട്. സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് മണ്ഡലങ്ങളില്‍ നേതൃത്വത്തിന്റെ സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും സംസ്ഥാന സമ്മേളനത്തിനുശേഷം നേതാക്കള്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടായെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിയെയും രൂക്ഷ വിമര്‍ശനങ്ങളുണ്ട്.

◾  സര്‍ക്കാര്‍ നയങ്ങളില്‍ വിമര്‍ശനവുമായി സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മദ്യനയത്തില്‍ നിലവിലെ നിലപാട് തെറ്റാണെന്നും സര്‍ക്കാര്‍ പ്രോത്സാഹിപിപ്പിക്കുന്നത് വിദേശ മദ്യമാണെന്നും കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിലാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്.


◾  കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തിനെതിരെ സമൂഹം ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും ഈ കിരാത നടപടിക്കെതിരെ ലോക രാജ്യങ്ങള്‍ ഒന്നിച്ച് പ്രതികരിക്കാന്‍ തയ്യാറാവണമെന്നും സമസ്ത. കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.


◾  പേരൂര്‍ക്കടയില്‍ പൊലീസ് കള്ളകേസില്‍ കുടുക്കിയ ദളിത് സ്ത്രീയായ ബിന്ദുവിന് സഹായവുമായി എംജിഎം ഗ്രൂപ്പ്. ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിന് എംജിഎം സ്‌കൂളില്‍ പ്യൂണായി നിയമനം നല്‍കുമെന്ന് എംജിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ അറിയിച്ചു. മാനേജ്മെന്റ് പ്രതിനിധികള്‍ ബിന്ദുവിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന റിപ്പോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നാളെ പരിഗണിക്കും.


◾  കോഴിക്കോട് വിജില്‍ തിരോധാനക്കേസില്‍ അയാളുടേതെന്ന് കരുതുന്ന ഷൂ സരോവരത്തെ ചതുപ്പിലെ തെരച്ചിലില്‍ കണ്ടെത്തി. ഷൂ വിജിലിന്റേതാണെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ലഹരി ഉപയോഗിക്കുന്നതിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരം ബയോപാര്‍ക്കിലിലെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴി.

◾  വൈഫ് ഇന്‍ ചാര്‍ജ്' പരാമര്‍ശത്തില്‍ ഡോ. ബഹാവുദ്ദീന്‍ നദ്വിയെ പിന്തുണച്ചും ഉമര്‍ ഫൈസിയെ തള്ളിയും നാസര്‍ ഫൈസി കൂടത്തായി. ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ സമസ്തയുടെ നിലപാട് തന്നെയാണ് അദ്ദേഹം പറഞ്ഞതെന്നും ബഹുഭാര്യത്വത്തെ എതിര്‍ക്കുന്ന സാംസ്‌കാരിക നായകരില്‍ പലര്‍ക്കും ഭാര്യക്ക് പുറമേ കാമുകിമാരും മറ്റും ഉള്ളവരല്ലേ എന്നും നാസര്‍ ഫൈസി ചോദിച്ചു.


◾  സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്വിയുടെ ഇന്‍ചാര്‍ജ് ഭാര്യ പരാമര്‍ശത്തെ തള്ളി സമസ്ത നേതൃത്വം. ജനപ്രതിനിധികളുടെ സ്വകാര്യത നോക്കേണ്ടത് സമസ്തയുടെ പണിയല്ലെന്നാണ് നേതൃത്വത്തിന്റെ പ്രതികരണം. ഇഥ് സമസ്തയുടെ ചര്‍ച്ചാവിഷയമല്ലെന്നും സമസ്തയുടെ നയം ഇതല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പ്രസ്താവനയില്‍ വിശദീകരണം നല്‍ക്കേണ്ടത് നദ്വിയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ജനപ്രതിനിധികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന പ്രസ്താവന സമസ്ത നടത്താറില്ലെന്നും നേതൃത്വം വ്യക്തമാക്കി.


◾  പൊലീസ് കസ്റ്റഡി മര്‍ദനങ്ങളില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തിയായിരുന്നു പ്രതിഷേധം. ജീവന്‍ സംരക്ഷിക്കേണ്ട പൊലീസ് കൊലയാളികള്‍ ആയി മാറിയെന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആരോപിച്ചു. പത്തുവര്‍ഷം മുന്‍പത്തെ ആരോപണങ്ങള്‍ ഇപ്പോള്‍ ഉയരുന്നത് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.


◾  സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധന ഫലം പോസിറ്റീവ് എന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്. അതേ സമയം, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


◾  ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും എല്ലാം പറയാം എന്നുമായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടന്‍ പറഞ്ഞു.  മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാലാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചത്.


◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലില്‍ ഉറച്ചുനിന്ന നടി, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടും ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയെ പരാതിക്കാരിയാക്കാന്‍ കഴിയുമോയെന്നറിയാനാണ് നിയമോപദേശം. തെളിവുകള്‍ കൈമാറിയെങ്കിലും നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് നടി അറിയിച്ചിരുന്നു.


◾  ചേര്‍ത്തലയിലെ ബിന്ദു പത്മനാഭന്റെ കൊലപാതക കേസിലും സെബാസ്റ്റ്യനെ കുരുക്കാന്‍ ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യനെ കേസില്‍ പ്രതിചേര്‍ത്ത് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം. സെബാസ്റ്റ്യനെ പ്രതിച്ചേര്‍ക്കാന്‍ അന്വേഷണസംഘം അടുത്ത ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെ കൊലപാതകക്കേസില്‍ നിലവില്‍ റിമാന്റിലാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സി എം സെബാസ്റ്റ്യന്‍.


◾  യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ഫിറോസിന്റേത് റിവേഴ്സ് ഹവാല നടത്തുന്ന കമ്പനിയെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. കെ ടി ജലീലില്‍ മനോനില തെറ്റിയ നേതാവാണെന്നും ചികിത്സ നല്‍കണമെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി പി അഷ്‌റഫലി തിരിച്ചടിച്ചു.


◾  പത്തനംതിട്ട അടൂര്‍ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്‍ഡര്‍ക്ക് സസ്പെന്‍ഷന്‍. ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയതിനാണ് സസ്പെന്‍ഡ് ചെയ്തത്. ഓഫീസ് അറ്റന്‍ഡര്‍ വിഷ്ണു എസ് ആറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെതാണ് നടപടി. പത്തനംതിട്ട യൂണിറ്റിലെ മുന്‍ ട്രാഫിക് എസ് ഐ സുമേഷ് ലാല്‍ ഡി എസിന് വേണ്ടി ഇയാള്‍ ടിപ്പര്‍ ലോറി ഉടമകളില്‍ നിന്നും ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.


◾  സര്‍വീസ് റോഡുകളിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ചിട്ടും മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്ന ആമ്പല്ലൂരില്‍ വീണ്ടും വന്‍ ഗതാഗത കുരുക്ക്. വൈകീട്ട് വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീണ്ടു. ഓണം കഴിഞ്ഞതോടെ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ ചെറിയ തോതില്‍ ആരംഭിച്ചിരുന്നു. കോടതി ഇടപെട്ട് ടോള്‍ നിര്‍ത്തിവയ്പ്പിച്ചതിനു ശേഷം ആമ്പല്ലൂര്‍ സെന്ററിലെ തകര്‍ന്നു കിടന്നിരുന്ന സര്‍വ്വീസ് റോഡ് ദേശീയപാത അതോറിറ്റി ടാറിങ്ങ് നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഓണ നാളുകളില്‍ ഗതാഗത കുരുക്കിന് അല്പം ശമനം വന്നിരുന്നു.


◾  വിട്ടുവീഴ്ചയില്ലാത്ത ദേശീയവാദിയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച് നിയുക്ത ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. ഛത്രപതി ശിവാജി വിദേശ ആക്രമണകാരികളോട് പോരാടിയപ്പോള്‍, അംബേദ്കര്‍ അടിച്ചമര്‍ത്തലിനെതിരെ പോരാടിയെന്നും അത്തരം ദീര്‍ഘദര്‍ശികള്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.


◾  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ആര്‍ജെഡി. പാര്‍ട്ടിയിലെ 9 എംപിമാരും ഒറ്റക്കെട്ടായാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി എംപിമാരടക്കം ക്രോസ് വോട്ട് ചെയ്തെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വി യാദവിന്റെ പ്രതികരണം.


◾  മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജിയില്‍ വെളിപ്പെടുത്തലുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. ധന്‍കര്‍ ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നതെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു. ഇംപിച്ച്മെന്റിന് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നതായും ഗുരുമൂര്‍ത്തി വെളിപ്പെടുത്തി.


◾  ദില്ലി കലാപ ഗൂഢാലോചന  കേസില്‍ പ്രതിയായ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ദില്ലി ഹൈക്കോടതി   ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷയാണ് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി തള്ളിയത്. കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്


◾  കാനഡയിലെ കര്‍ശനമായ വിസ നിയമങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വലിയ രീതിയില്‍ ബാധിക്കുന്നു. 2025ല്‍ 80% ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഇത് ആഗോള വിദ്യാര്‍ത്ഥികളുടെ രാജ്യത്തേക്കുള്ള വരവിനെ വലിയ രീതിയില്‍ ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍.


◾  നേപ്പാളിലെ കലാപത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. യുപി, ബീഹാര്‍ അടക്കം അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. നേപ്പാളിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതലയോഗം ചേര്‍ന്നിരുന്നു.


◾  ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ പൊറുതിമുട്ടുന്ന അയല്‍രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി. നമ്മുടെ ഭരണഘടനയില്‍ നമ്മള്‍ അഭിമാനിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. അയല്‍രാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും നടക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനം.


◾  നേപ്പാളിലെ പ്രക്ഷോഭത്തില്‍ കത്തിയമര്‍ന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ഹില്‍ട്ടണ്‍ കഠ്മണ്ഡു. ഏഴ് വര്‍ഷത്തെ പ്രയത്‌നത്തിനുശേഷം 800 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹോട്ടല്‍ 2024 ജൂലായിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.


◾  രാജ്യവ്യാപക കര്‍ഫ്യുവിനെ തുടര്‍ന്ന് നേപ്പാള്‍ സാധാരണ നിലയിലേക്ക്. പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു. സൈന്യവുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍ ചീഫ് ജസ്റ്റീസ് സുശീല കര്‍ക്കിയെ ജെന്‍ സീ കൂട്ടായ്മ ചുമതലപ്പെടുത്തി. നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാണ് സുശീല കര്‍ക്കി. നേപ്പാളില്‍ പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി. ശര്‍മ ഒലിയും സര്‍ക്കാരിലെ മറ്റ് മിക്ക മന്ത്രിമാരും രാജി സമര്‍പ്പിച്ചത്.


◾  രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് നേപ്പാളിലെ ഇടക്കാല നേതാവായി നിര്‍ദ്ദേശിക്കപ്പെട്ട മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി. ജെന്‍ സീ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


◾  ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തോട് ശക്തമായ വിയോജിപ്പെന്ന് ഗള്‍ഫ് രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ. ആക്രമണം മേഖലയിലെ സംഘര്‍ഷ സ്ഥിതി വഷളാക്കുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. ഖത്തര്‍ അമീര്‍ അടക്കമുള്ള നേതാക്കളെ പ്രധാനമന്ത്രി നേരിട്ട് നിലപാട് അറിയിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തര്‍ അമീര്‍ മോദിക്ക് നന്ദി പറഞ്ഞു.


◾  ഇസ്രായേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാര്‍ഢ്യവുമായി അറബ് രാജ്യതലവന്മാര്‍ ദോഹയിലേക്ക്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്നലെ വൈകിട്ട് ദോഹയിലെത്തി. ഖത്തര്‍ ഭരണകൂടത്തിലെ ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദി, ജോര്‍ദാന്‍ ഭരണധിപന്‍മാരും ദോഹയില്‍ എത്തിയിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഒമാന്‍ സുല്‍ത്താനും പ്രസ്താവനയിറക്കി.


◾  യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടതായും 130 പേര്‍ക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു.


◾  സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം വരുത്തണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഫ്രാന്‍സില്‍ കൂടുതല്‍ ശക്തമാകുന്നു. പാരിസിലും മറ്റ് പ്രധാന നഗരങ്ങളിലുമായി പതിനായിരക്കണക്കിന് ജനങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തെരുവുകളിലിറങ്ങുന്നത് . പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് ജനരോഷം പൊട്ടിപ്പുറപ്പെട്ടത്. പൊതു അവധി ദിനങ്ങള്‍ റദ്ദാക്കിയതുള്‍പ്പെടെയുള്ള വിവാദ തീരുമാനങ്ങള്‍ പ്രക്ഷോഭത്തിന് ആക്കം കൂട്ടി. ഇതുവരെ മുന്നൂറോളം പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രക്ഷോഭം കനക്കുന്നതിനിടെ, പുതിയ പ്രധാനമന്ത്രിയായി സെബാസ്റ്റ്യന്‍ ലുക്കോര്‍ണു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.


◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും, ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനും അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ ഒരു യോഗത്തില്‍ തോക്ക് അക്രമങ്ങളെക്കുറിച്ച് പ്രസംഗിക്കുമ്പോഴാണ് 31 കാരനായ ചാര്‍ളിക്ക് വെടിയേറ്റത്. ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു.


◾  ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ഇലോണ്‍ മസ്‌കില്‍ നിന്ന് ഓറക്ക്ള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ സ്വന്തമാക്കി. ഓറക്ക്ളിന്റെ പുതിയ വരുമാന റിപ്പോര്‍ട്ടില്‍ എലിസണിന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 393 ബില്യണ്‍ ഡോളറായിരുന്നു. ഇതോടെ മസ്‌കിന്റെ 385 ബില്യണ്‍ ഡോളറിനെ മറികടന്ന് എലിസണ്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എഐ ഉപഭോക്താക്കളില്‍ നിന്ന് തങ്ങളുടെ ഡാറ്റാ സെന്റര്‍ ശേഷിക്ക് ആവശ്യകത വര്‍ധിച്ചതായി ഓറക്ക്ള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയര്‍ന്നതാണ് എലിസണ് നേട്ടമായത്.


◾  ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇ 13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 4.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യത്തിലെത്തി.


◾  സ്വര്‍ണ വിലകുതിപ്പ് തുടരുമ്പോള്‍ ആഭരണ ഡിമാന്‍ഡില്‍ വന്‍ കുറവ്. കഴിഞ്ഞ രക്ഷാബന്ധന്‍ മുതല്‍ ഓണം വരെയുള്ള ഉത്സവകാലത്ത് വില്‍പ്പനയില്‍ 28 ശതമാനമാണ് ഇടിവ്. മുന്‍ വര്‍ഷം 50 ടണ്‍ ആയിരുന്ന വില്‍പ്പന 28 ശതമാനം കുറഞ്ഞതായി ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് - അല്ലെങ്കില്‍ കോവിഡ് മുതലുള്ള ഈ കാലയളവിലെ ഏറ്റവും വലിയ ഇടിവാണ് ആഭരണങ്ങളിലുണ്ടായിരിക്കുന്നത്. സ്വര്‍ണ വിലയില്‍ 49% വാര്‍ഷിക വര്‍ധനവുണ്ടായതാണ് ഇതിന് കാരണമെന്ന് ജ്വല്ലറികള്‍ പറയുന്നു. വില കുത്തനെ ഉയര്‍ന്നത് ഉപയോക്താക്കളെ പിന്നോട്ട് വലിച്ചു. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ ഇത്തവണ വില്‍പ്പന 15 ശതമാനം കുറഞ്ഞതായാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് വില്‍പ്പന മൂല്യം 25-30 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. നവരാത്രി, ദീപാവലി സമയങ്ങളിലും തുടര്‍ന്നുള്ള വിവാഹ സീസണിലുമുണ്ടാകുന്ന ഡിമാന്‍ഡാണ് പൊതുവേ സ്വര്‍ണ വില്‍പ്പനയുടെ ട്രെന്‍ഡ് നിശ്ചിക്കുന്നത്.


◾  അക്ഷയ് കുമാറും അര്‍ഷാദ് വാര്‍സിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജോളി 'എല്‍എല്‍ബി 3'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. കോമഡിക്കും പ്രധാന്യമുള്ള ഒരു കോര്‍ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 സെപ്റ്റംബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും. 2017ല്‍ അക്ഷയ് കുമാര്‍, ഹുമ ഖുറേഷി എന്നിവര്‍ അഭിനയിച്ച ചിത്രമായിരുന്നു ജോളി എല്‍എല്‍ബി 2. 2013-ല്‍ പുറത്തിറങ്ങിയ ജോളി എല്‍എല്‍ബിയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. ആദ്യ ചിത്രത്തില്‍ അര്‍ഷാദും സൗരഭ് ശുക്ലയും പ്രധാന വേഷങ്ങളില്‍ എത്തിയത്. ആദ്യ ഭാഗത്തില്‍ അമൃത റാവുവും അഭിനയിച്ചിരുന്നു. ഹൗസ്ഫുള്‍ 5 ആണ് അക്ഷയ് കുമാറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്ഫുള്‍.


◾dailynewslive.  കവിന്‍ നായകനാകുന്ന പുതിയ ചിത്രം 'കിസ്സ്' ട്രെയിലര്‍ എത്തി. സതീഷ് കൃഷ്ണന്‍ നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ 19നായിരിക്കും റിലീസ് ചെയ്യുക. ചുംബിക്കുന്ന ആളുകളെ നേരിട്ടു കണ്ടാല്‍ അവരുടെ ഭാവി അറിയാന്‍ കഴിയുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ജെന്‍ മാര്‍ട്ടിന്‍ ആണ് സംഗീതം. ഹരീഷ് കൃഷ്ണന്‍ ആണ് ഛായാഗ്രഹണം. പ്രഭു, വി.ടി.വി ഗണേഷ്, ആര്‍ജെ വിജയ്, റാവു രമേശ്, ദേവയാനി, ശക്തി രാജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഡാന്‍സ് കൊറിയോഗ്രാഫറും നടനുമായ സതീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.


◾  ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി റോയല്‍ എന്‍ഫീല്‍ഡ്. സെപ്റ്റംബര്‍ 22 മുതല്‍ ജനപ്രിയ മോഡലായ 350 സിസി എന്‍ഫീല്‍ഡിന്റെ വില 22,000 രൂപ വരെ കുറയ്ക്കും. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ മോട്ടോര്‍സൈക്കിള്‍, സര്‍വീസ്, അപ്പാരല്‍സ്, ആക്സസറീസ് ശ്രണിയിലുടനീളം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 350 സിസിയില്‍ കൂടുതലുള്ള ശ്രേണിയുടെ വിലകള്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ അനുസരിച്ച് മാറുമെന്നും കമ്പനി അറിയിച്ചു. മോട്ടോര്‍സൈക്കിളുകള്‍ പുതിയ വിലയോടെ 2025 സെപ്റ്റംബര്‍ 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സെപ്റ്റംബര്‍ 22 മുതല്‍, പുതുക്കിയ വിലകള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും പ്രാബല്യത്തില്‍ വരും. അതേസമയം 350 സിസിക്ക് മുകളിലുള്ള മോഡലുകള്‍ക്ക്, പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അനുസൃതമായി വിലകള്‍ പരിഷ്‌കരിക്കും.


◾  സ്ത്രീത്വത്തിന്റെ അതിന്റെ ശക്തിയുടെ ഒരാഘോഷം കൂടിയാണ് ഈ നോവല്‍. ഓരോ സ്ത്രീകഥാപാത്രത്തേയും പരസ്പരം തികച്ചും വിഭിന്നരായി, എന്നാല്‍ ഉറച്ച പെണ്‍കരുത്തിന്റെ പൊന്‍നൂലുകളാല്‍ യോജിക്കപ്പെട്ടവരായി ആണ് നോവലിസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. സങ്കീര്‍ണതകള്‍ക്കിടയിലും ലാളിത്യവും നിര്‍മലമായ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന ഈ നോവല്‍ നല്ലൊരു വായനാനുഭവം നല്‍കും. 'നൈര്‍മല്യം'. നിസി വാസന്‍. കൈരളി ബുക്സ്. വില 456 രൂപ.


◾  കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനായി റഷ്യ വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം. 100 ശതമാനം കാര്യക്ഷമതയും സുരക്ഷയും വാക്‌സീന് ഉറപ്പാക്കാനായതായി റഷ്യ അവകാശപ്പെട്ടു. ഈ വാക്‌സീന്‍ പരീക്ഷിച്ച രോഗികളിലെ അര്‍ബുദ മുഴകള്‍ ചുരുങ്ങിയതായും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നും അധികൃതര്‍ പറയുന്നു. റഷ്യയുടെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്കുലര്‍ ബയോളജിയും ചേര്‍ന്നാണ് വാക്‌സീന്‍ വികസിപ്പിച്ചത്. കോവിഡ്-19 വാക്‌സീനുകള്‍ക്ക് സമാനമായ എംആര്‍എന്‍എ സാങ്കേതിക വിദ്യ ഇതിനായി ഉപയോഗപ്പെടുത്തി. അര്‍ബുദ കോശങ്ങളെ തിരിച്ചറിയാനും ഇല്ലായ്മ ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഈ വാക്‌സീന്‍ പരമ്പരാഗത അര്‍ബുദ ചികിത്സയായ കീമോതെറാപ്പിയേക്കാള്‍ സുരക്ഷിതമാണെന്ന് വാക്‌സീന്‍ നിര്‍മ്മാതാക്കള്‍ പറയുന്നു. 48 കൊളോറെക്ടല്‍ കാന്‍സര്‍ രോഗികളെ പങ്കെടുപ്പിച്ചായിരുന്നു ആദ്യ ഘട്ട പരീക്ഷണം. തുടര്‍ പരീക്ഷണങ്ങള്‍ വിജയമായാല്‍ അര്‍ബുദ ചികിത്സയില്‍ കാര്യക്ഷമവും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമായ വ്യക്തിഗത ചികിത്സയ്ക്ക് എന്ററോമിക്‌സ് വഴി തുറക്കും. ഓരോ വ്യക്തിയുടെയും അര്‍ബുദ മുഴയുടെ ജനിതക ഘടനയെ അടിസ്ഥാനമാക്കി പേര്‍സണലൈസ് ചെയ്ത വാക്‌സീനാണ് എന്ററോമിക്‌സ്.


*ശുഭദിനം*

*കവിത കണ്ണന്‍*

അത്രയും വലിയ കൊടുമുടിയുടെ മേലെ എത്തിപ്പെടുക അത്ര എളുപ്പമല്ല.  തന്നെ കാണാന്‍ അവിടെയെത്തിയ ചെറുപ്പക്കാരനോട് ഗുരു ചോദിച്ചു:  നിങ്ങളെ ആരാണ് ഇങ്ങോട്ട് നയിച്ചത് ?  അപ്പോള്‍ യുവാവ് പറഞ്ഞു:  ഒരു നായയാണ് എന്നെ ഇങ്ങോട്ടേക്കെത്തിച്ചത്.  എങ്ങിനെ? ഗുരു ചോദിച്ചു.  അപ്പോള്‍ അവന്‍ പറഞ്ഞു:  ഞാന്‍ യാത്ര തുടങ്ങിയത് ഒരു നദീതീരത്ത് നിന്നായിരുന്നു. അവിടെ ദാഹിച്ചുവലഞ്ഞ ഒരു നായ നില്‍ക്കുന്നുണ്ടായിരുന്നു. നായ പലതവണ നദിയില്‍ വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോഴും അതിന്റെ തന്നെ പ്രതിബിംബം കണ്ട് തന്നെ മറ്റൊരു നായ ആക്രമിക്കാന്‍ വരുന്നതാണെന്ന് കരുതി തന്റെ ശ്രമം ഉപേക്ഷിച്ചു.  പക്ഷേ, അവസാനം ദാഹം സഹിക്കാനാകാതെ നായ വെളളത്തിലേക്ക് തന്റെ തലയിട്ടു.  അപ്പോള്‍ മറ്റേ നായ അപ്രത്യക്ഷമായി. വെള്ളത്തിനും തനിക്കുമിടയിലുളള പ്രതിബന്ധം താന്‍ തന്നെയാണെന്ന് നായക്ക് മനസ്സിലായി.  എനിക്കും. ഗുരു അവനെ തന്റെ ആശ്രമത്തിലേക്ക് ക്ഷണിച്ചു.  പുറമേനിന്നുളള ഒന്നിനും ഒരാളെ ലക്ഷ്യത്തിലേക്കുളള പ്രയാണത്തില്‍ നിന്നും പിന്തിരിക്കാനുളള ശേഷിയുണ്ടാകണമെന്നില്ല. ഉളളിലുളള ഭയമാണ് പുറം തടസ്സങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  സ്വയം സൃഷ്ടിക്കുന്ന പേടിയുടെ മായാലോകത്തുനിന്ന് പുറത്തുകടക്കാത്തിടത്തോളം സ്വന്തം മാളത്തില്‍ ഒളിച്ചിരിക്കുകയേ നിവൃത്തിയുളളൂ.  നമുക്ക് ഭയക്കാതെ മുന്നേറാം - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post